ഹര്‍ത്താലുകള്‍ പൊളിറ്റിക്കല്‍ ഫാഷനായി മാറുന്നു: ടി. സിദ്ദീഖ്
കോഴിക്കോട്: ഹര്‍ത്താലുകള്‍ പൊളിറ്റിക്കല്‍ ഫാഷനായിട്ടാണ് സി.പി.എമ്മും ബി.ജെ.പിയും നടത്തുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബന്ദ് നിരോധിച്ച പോലെ ഹര്‍ത്താലും നിരോധിക്കണം. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഹര്‍ത്താലിന്റെ ആവശ്യം ഇരുപാര്‍ട്ടികള്‍ക്കും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ജില്ലയില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് അറുതിവരുത്താന്‍ മുഖ്യമന്ത്രി നേരിട്ട് സമാധാന യോഗത്തിന് നേതൃത്വം നല്‍കണം. സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസ് അക്രമിക്കപ്പെട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാനോ സംശയിക്കുന്നവരെ കസ്റ്റഡിയിലെടുക്കാനോ പൊലിസിന് സാധിച്ചിട്ടില്ല. ഇത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് തെളിയിക്കുന്നത്. വടകരയില്‍ സര്‍വകക്ഷി തീരുമാനം ലംഘിച്ച് അക്രമങ്ങള്‍ തുടരുകയാണെന്നും സിദ്ദീഖ് പറഞ്ഞു.
ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിരോധ പരിപാടികള്‍ സംഘടിപ്പിക്കും. 17ന് രാവിലെ ഒന്‍പത് മുതല്‍ അഞ്ചു വരെ കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന സത്യഗ്രഹം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സാമൂഹിക-സാംസ്‌കാരിക-സാഹിത്യ രംഗത്തെ വ്യക്തികളെയും വ്യവസായികളെയും പരിപാടിയില്‍ പങ്കെടുപ്പിക്കും.
19ന് തിരുവള്ളൂര്‍ മുതല്‍ വടകര വരെ ശാന്തിയാത്ര നടത്തും. വടകര കോട്ടപ്പറമ്പില്‍ സമാപിക്കുന്ന ശാന്തിയാത്രയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കും. 13ന് വൈകിട്ട് ബാലുശേരി, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശാന്തിയാത്ര സംഘടിപ്പിക്കുമെന്നും സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഡി.സി.സി ഭാരവാഹികളായ എസ്.കെ അബൂബക്കര്‍, കളരിയില്‍ രാധാകൃഷ്ണന്‍, സി. രവീന്ദ്രന്‍, ബേപ്പൂര്‍ രാധാകൃഷ്ണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."