പരിയാരം മെഡിക്കല്‍ കോളജിലെ സര്‍ജറി മേധാവിയെ പിരിച്ചുവിട്ടു
സ്വന്തം ലേഖകന്‍
തളിപ്പറമ്പ്: ശസ്ത്രക്രിയക്കിടെ സ്റ്റാഫ് നഴ്‌സിനെ മര്‍ദിച്ച് കൈയൊടിച്ച സംഭവത്തില്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ സര്‍ജറി പ്രൊഫസറെ അന്വേഷണ വിധേയമായി സര്‍വിസില്‍നിന്ന് പിരിച്ചുവിട്ടു. സര്‍ജറി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ.വി. കുഞ്ഞമ്പുവിനെതിരേയാണ് നടപടി. സ്റ്റാഫ് നഴ്‌സ് റോസമ്മ മാണിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ ശേഷമായിരുന്നു പിരിച്ചുവിടല്‍.
കഴിഞ്ഞ ജൂണ്‍ 11നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. ശസ്ത്രക്രിയക്ക് സഹായിയായി ഉണ്ടായിരുന്ന റോസമ്മയുടെ കൈയില്‍ നീഡില്‍ ഹോള്‍ഡര്‍ കൊണ്ട് അടിക്കുകയും മോശം വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ 12നു തന്നെ പ്രിന്‍സിപ്പല്‍ ഡോ. എന്‍. റോയിയുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ഡോ. കുഞ്ഞമ്പുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി കണ്‍വീനറായി ജനറല്‍ സര്‍ജറി വകുപ്പ് മേധാവി, നഴ്‌സിങ് ഓഫിസര്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിക്കുകയും ചെയ്തു. കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷനല്‍ സെക്രട്ടറി കഴിഞ്ഞ 17നു ഡോ. കുഞ്ഞമ്പുവില്‍നിന്ന് മൊഴിയെടുക്കുകയും ചെയ്തു.
റോസമ്മ ആരോപിക്കുന്ന തരത്തില്‍ ഒരുസംഭവം നടന്നതായി ഓര്‍മിക്കുന്നില്ലെന്നും ശസ്ത്രക്രിയക്കിടെ നിരവധി സര്‍ജിക്കല്‍ ഉപകരണങ്ങള്‍ കൈമാറേണ്ടി വരുന്നതിനാല്‍ അറിയാതെ കൈയില്‍ നീഡില്‍ ഹോള്‍ഡര്‍ തട്ടിയിരിക്കാമെന്നും ഡോ. കുഞ്ഞമ്പു വിചാരണ വേളയില്‍ മൊഴി നല്‍കിയിരുന്നു.
അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോ. കുഞ്ഞമ്പുവിന്റെ വാദം ശരിയല്ലെന്ന് കണ്ടെത്തിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ വിരമിക്കല്‍ പ്രായമായ 62 വയസ് കഴിഞ്ഞ ഡോ. കുഞ്ഞമ്പുവിനെതിരേ വകുപ്പുതല അച്ചടക്ക നടപടികള്‍ സ്വീകരിക്കാനാവില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ പിരിച്ചുവിട്ട് ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."