ആത്മവിശുദ്ധിയുടെ ഓര്മപ്പൂക്കളുമായ് അവര്‍ വീണ്ടും ഒത്തുകൂടി
സ്വന്തം ലേഖകന്‍
കോഴിക്കോട്: ആത്മ വിശുദ്ധിയുടെ നൈര്മല്യത്തില് അവര്‍ വീണ്ടും ഒത്തുചേര്‍ന്നു. അല്ലാഹുവിന്റെ വിളിക്കുത്തരം നല്കി അവന്റെ പുണ്യഭൂവില്‍ വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ച ഹാജിമാരാണ് ഇന്നലെ സമസ്ത ഓഡിറ്റോറിയത്തില്‍ ഒത്തു ചേര്‍ന്നത്. പുണ്യത്തിന്റെയും സ്നേഹത്തിന്റെയും വിശുദ്ധിയുടെയും രാപകലുകള്‍ മക്കയിലും മദീനയിലും കഴിഞ്ഞു കൂടിയതിന്റെ ഓര്‍മകള്‍ അയവിറക്കിയ അവര്‍ സൗഹൃദത്തിന്റെ വേരുകള്‍ ഒന്നുകൂടി ഊട്ടിയുറപ്പിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്ത സംഗമത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നിരവധി ഹാജിമാരാണ് പങ്കെടുത്തത്.
ഹജ്ജ് വേളയില്‍ കേരളത്തെ പ്രളയം ബാധിച്ചപ്പോള്‍ ഈ നാട്ടിനും നാട്ടുകാര്‍ക്കും വേണ്ടി വിശുദ്ധഭൂമിയില്‍ പ്രാര്‍ഥന നടത്തുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അകമഴിഞ്ഞ് സഹായിക്കുകയും ചെയ്തവരായിരുന്നു ഹാജിമാര്‍. പ്രളയത്തില്‍ ജീവനും വീടും സ്വത്തും നഷ്ടപ്പെട്ട നൂറുക്കണക്കിനാളുകള്‍ക്ക് ആശ്വാസവും സമാധാനവുമായിരുന്നു ഹാജിമാരുടെ പ്രവര്‍ത്തനവും പ്രാര്‍ഥനയും. നാട്ടില്‍ തിരിച്ചെത്തിയ ശേഷവും തങ്ങള്‍ അവരെ മറന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നലത്തെ സംഗമം. പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവരില്‍ ഏറ്റവും അര്‍ഹനായ ഒരാള്‍ക്ക് വീടു പണിതു നല്‍കുമെന്നായിരുന്നു ഹാജിമാരുടെ പ്രഖ്യാപനം.
വീടു നിര്‍മാണത്തിനായി കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ചെയര്‍മാനും ഡോ. എം.പി ബഷീര്‍ കണ്‍വീനറും ചാലിയം മുഹമ്മദ് ഹാജി ട്രഷററുമായ സമിതിയും രൂപീകരിച്ചു. നന്മയിലും സുകൃതങ്ങളിലും ഇനിയും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന പ്രതിജ്ഞയോടെയും പ്രാര്‍ഥനയോടെയാണ് അവര്‍ പിരിഞ്ഞത്. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. നവാസ് പൂനൂര് മുഖ്യ പ്രഭാഷണം നടത്തി. ഹജ്ജ് കമ്മിറ്റി കോ-ഓഡിനേറ്റര്‍ അസ്സയിന്‍, വളണ്ടിയര്‍മാരായ ടി. നസീര്‍, കെ. അബ്ദു പ്രസംഗിച്ചു. മജീദ് ദാരിമി ചളിക്കോട് പ്രാര്‍ഥന നടത്തി. ഡോ.എം.പി ബഷീര്‍ സ്വാഗതവും എന്‍ജിനീയര്‍ പി. മാമുക്കോയ ഹാജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."