അസഹിഷ്ണുത പരത്തുന്നവര്‍ക്കെതിരെ ജാഗ്രത വേണം: മന്ത്രി ജെ. മേഴ്‌സിക്കുട്ടയമ്മ
ചവറ: അസഹിഷ്ണുതയും വെറുപ്പും പരത്തി അക്രമത്തിന്റെ പാതയിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ സമൂഹം നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍ദേശിച്ചു. ചവറ ശങ്കരമംഗലം സര്‍ക്കാര്‍ സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മതവിശ്വാസം മനുഷ്യര്‍ക്ക് തമ്മിലടിക്കാനുള്ള ആയുധമല്ല.
സഹജീവികളോട് കാരുണ്യം കാണിക്കാനും പിന്നാക്കാവസ്ഥയിലുള്ളവരെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൈപിടിച്ചു നടത്താനുമാണ് നാം ശ്രമിക്കേണ്ടത്. മതത്തിന് അതീതമായി മനുഷ്യനെ സ്‌നേഹിച്ച രാഷ്ട്രപിതാവിന് വെടിയേറ്റു മരിക്കേണ്ടിവന്നു. ആശയങ്ങളെ വെടിവച്ച് ഇല്ലാതാക്കാന്‍ കഴിയില്ല. സംവാദം ഏതു തലംവരെയുമാകാം. സാധാരണക്കാരുടെ മക്കള്‍ക്ക് മികച്ച പഠന സാഹചര്യങ്ങളും വിദ്യാഭ്യാസവും ലഭ്യമാക്കുന്നതിനായാണ് സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കുന്നത്. പശ്ചാത്തല സൗകര്യങ്ങള്‍ക്കൊപ്പം അക്കാദമിക് നിലവാരവും ഉയര്‍ത്തുകയാണ് ലക്ഷ്യം. തീരദേശ മേഖലയിലെ സ്‌കൂളുകളുടെ കാര്യത്തില്‍ ഫിഷറീസ് വകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരേ സമയത്ത് നടത്തുന്നത് ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് ഗുണകരമാകുന്ന മാറ്റങ്ങളും പരിഗണനയിലാണ്. സര്‍ക്കാര്‍ സ്‌കൂളുകളെയെല്ലാം മികവിന്റെ കേന്ദ്രങ്ങളാക്കാനാണ് ലക്ഷ്യമിടുന്നത്. സ്‌കൂള്‍ തലത്തിനു പുറമെ സര്‍വ്വകലാശാലകളിലെ പരീക്ഷാ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും കൃത്യനിഷ്ഠ ഉറപ്പാക്കാനുള്ള നടപടികളും സര്‍ക്കാരിന്റെ പരിഗണനയിലാണ് മന്ത്രി പറഞ്ഞു.
എന്‍. വിജയന്‍പിള്ള എം.എല്‍.എ അധ്യക്ഷനായി. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണിപ്പിള്ള, വൈസ് പ്രസിഡന്റ് കെ.എ. നിയാസ്, അംഗം ബിന്ദു സണ്ണി, എസ്.എം.സി ചെയര്‍മാന്‍ വര്‍ഗീസ് എം. കൊച്ചുപറമ്പില്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷൈലജ, ഹെഡ്മാസ്റ്റര്‍ കെ. ശശാങ്കദന്‍, ബി. വേണുഗോപാല്‍, ജെ. ഏണസ്റ്റ്, രാധാകൃഷ്ണപിള്ള പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."