പ്രമേയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി
മട്ടന്നൂര്‍: പ്രതിപക്ഷം അവതരിപ്പിക്കുന്ന പ്രമേയം തുടര്‍ച്ചയായി അജണ്ടയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി.
കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അടിയന്തിര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയെങ്കിലും അനുമതി ലഭിച്ചില്ലെന്നും ഈ പ്രമേയവും മട്ടന്നൂര്‍ കുഞ്ഞിപ്പള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റോഡിന്റെ വശങ്ങളില്‍ ഫുട്പാത്ത് നിര്‍മിക്കണമെന്ന ആവശ്യവും ഉന്നയിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍ സമര്‍പ്പിച്ച പ്രമേയവും ഇന്നലെ ഉച്ചക്ക് നടന്ന കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്താത്തതാണ് വിവാദമായത്.
ക്ഷേമ പെന്‍ഷന് വേണ്ടി ആയിരത്തോളം അപേക്ഷകള്‍ നരസഭാ ഓഫിസില്‍ കെട്ടികിടക്കുകയാണ്. സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങളും കൊണ്ടുവന്നതോടെ പലരും പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പട്ടികയില്‍ നിന്നു പുറത്തായി. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയുള്ള പ്രമേയത്തിനാണ് കഴിഞ്ഞ കൗണ്‍സിലില്‍ അവതരണാനുമതി നിഷേധിച്ചത്.
തെരുവ് വിളക്കുകള്‍ കത്താത്ത വിഷയം, തെരുവ് നായ ശല്യം, ചെക്യോട്ട് വയല്‍ മാലിന്യപ്രശ്‌നം, നഗരസഭാ ഷോപ്പിങ്ങ് മാളിലെ വ്യാപാരികളില്‍ നിന്നു കൃത്യമായി ഡിപ്പോസിറ്റ് ഈടാക്കാത്തത് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ നഗരസഭയില്‍ നിലനില്‍ക്കുന്നുണ്ട്.
ഇതിനെതിരേ ഐക്യമുന്നണി സമരരംഗത്തിറങ്ങുമെന്നും സാങ്കേതിക തകരാര്‍ കാരണം വാതക ശ്മശാനം ഇടക്കിടെ അടച്ചിടുന്നതു സംബന്ധിച്ച് വിജിലന്‍സിന് പരാതി നല്‍കുമെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ.വി ജയചന്ദ്രന്‍, പി.വി ധനലക്ഷ്മി, കെ. സുബൈദ, മുബീന ഷാഹിദ്, കെ.സി മിനി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."