ജില്ലാ വികസന സമിതി: റോഡുകള്‍ പൊതുമരാമത്ത് പുനര്‍നിര്‍മിക്കണം
കണ്ണൂര്‍: മഴക്കെടുതിയില്‍ തകര്‍ന്ന ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളുടെ ഒരു തവണത്തെ പുനര്‍നിര്‍മാണം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് ജില്ലാ വികസന സമിതിയുടെ പ്രമേയം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കാരണം നിരവധി റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. ഇവയിലേറെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ളവയാണ്. വാര്‍ഷിക പദ്ധതിയില്‍ പ്രൊജക്ട് അംഗീകരിച്ച് മാത്രമേ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തികള്‍ നടത്താന്‍ കഴിയൂ. ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ ഇതിന് കഴിയുന്ന നിലയല്ലെന്നും പ്രമേയം അവതരിപ്പിച്ച് സംസാരിച്ച ജെയിംസ് മാത്യു എം.എല്‍.എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ നേരിട്ടുകണ്ട് ഈ ആവശ്യം ഉന്നയിക്കാനും യോഗം തീരുമാനിച്ചു.
ഗ്രാമീണ റൂട്ടുകളിലുള്‍പ്പെടെ ഒരു മുന്നറിയിപ്പുമില്ലാതെ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ നിര്‍ത്തിവയ്ക്കുകയും ട്രിപ്പുകള്‍ മുടയ്ക്കുകയും ചെയ്യുന്നതായി എം.എല്‍.എമാരായ സി. കൃഷ്ണന്‍, ജെയിംസ് മാത്യു, ടി.വി രാജേഷ് എന്നിവര്‍ കുറ്റപ്പെടുത്തി. ദേശീയപാതയുടെ പെരുമ്പ പാലം മുതല്‍ ഏഴിലോട് വരെയുള്ള ഭാഗങ്ങളില്‍ വാഹനാപകടങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് ടി.വി രാജേഷ് എം.എല്‍.എ ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി ഈ പ്രദേശങ്ങളില്‍ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറില്‍ 40 കിലോമീറ്ററായി നിജപ്പെടുത്താനും ബ്ലിങ്കര്‍ ലൈറ്റുകളും കാമറകളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കാനും യോഗം നിര്‍ദ്ദേശിച്ചു.
പഴയങ്ങാടി റോഡ് ദേശീയപാതയുമായി ചേരുന്ന വളപട്ടണത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഈ റോഡിലേക്കുള്ള പ്രവേശനം വണ്‍വേ ആക്കുകയും ദേശീയപാതയിലേക്കുള്ള പ്രവേശനം ബലിയപട്ടം ടൈല്‍സ് ഫാക്ടറിയുടെ സമീപത്തുകൂടിയുള്ള റോഡുവഴിയാക്കണമെന്നുമുള്ള ജെയിംസ് മാത്യു എം.എല്‍.എയുടെ നിര്‍ദേശം പരീക്ഷണ ഓട്ടം നടത്തി ഫലപ്രദമെങ്കില്‍ നടപ്പിലാക്കാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി ഇവിടെ കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് റോഡിന്റെ വീതികൂട്ടുന്നതിന് പ്രത്യേക പ്രൊപോസല്‍ സമര്‍പ്പിക്കാന്‍ ടി.വി രാജേഷ് എം.എല്‍.എ കെ.എസ്.ടി.പിക്ക് നിര്‍ദേശം നല്‍കി.
പാലക്കോട് ഹാര്‍ബര്‍ പ്രദേശത്തുള്‍പ്പെടെ ജില്ലയിലെ പുഴകളില്‍ അടിഞ്ഞുകൂടിയ മണല്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് ലേലത്തില്‍ വില്‍ക്കാന്‍ സാധിക്കുമോയെന്ന കാര്യം പരിശോധിക്കാന്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍ദേശം നല്‍കി. ടി.വി രാജേഷ് എം.എല്‍.എയാണ് ഇക്കാര്യം ഉന്നയിച്ചത്. തലശ്ശേരി കോട്ടയില്‍ സൂക്ഷിച്ച പീരങ്കികളില്‍ രണ്ടെണ്ണം ഇരിങ്ങലിലേക്ക് മാറ്റിയത് നേരത്തേ തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും ആവശ്യമെങ്കില്‍ അവ തിരിച്ചെത്തിക്കുന്നതിന് സര്‍ക്കാര്‍ അനുവാദത്തോടെ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും പുരാവസ്തു വകുപ്പ് ഡയരക്ടര്‍ യോഗത്തെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അഡ്വ. എ.എന്‍ ഷംസീര്‍ എം.എല്‍.എ കഴിഞ്ഞ യോഗത്തില്‍ ഉന്നയിച്ച പരാതിക്കുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ സി. കൃഷ്ണന്‍, ജെയിംസ് മാത്യു, ടി.വി രാജേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, അസി. കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, തുറമുഖ വകുപ്പ് മന്ത്രിയുടെ പ്രതിനിധി യു. ബാബു ഗോപിനാഥ്, കൂത്തുപറമ്പ് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. സുകുമാരന്‍, വകുപ്പു മേധാവികള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."