മഞ്ചേരി മെഡിക്കല്‍ കോളജ്: എം.സി.ഐക്ക് പകരം എന്‍.എം.സി അംഗീകാരം അനിശ്ചിതത്വത്തില്‍
എന്‍.സി ഷെരീഫ് കിഴിശ്ശേരി
മഞ്ചേരി: അംഗീകാരത്തിനായി കാത്തിരിക്കുന്ന മഞ്ചേരി മെഡിക്കല്‍ കോളജിന് വീണ്ടും തിരിച്ചടി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പകരം നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ രൂപീകരിച്ചത് മഞ്ചേരി മെഡിക്കല്‍ കോളജിന്റെ അംഗീകാരം അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പ് മന്ത്രിയും നടത്തിയ പ്രഖ്യാപനങ്ങള്‍ പാഴ്‌വാക്കായതോടെ മഞ്ചേരി മെഡിക്കല്‍ കോളജിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ)യുടെ അംഗീകാരം തടസപ്പെട്ടിരുന്നു. ജൂലൈയില്‍ നടന്ന എം.സി.ഐയുടെ പരിശോധനാഫലം മെഡിക്കല്‍ കോളജിന് അനുകൂലമായിരുന്നില്ല. തൊട്ടുമുന്‍പ് നടന്ന പരിശോധനയിലും സ്ഥിരാംഗീകാരം തടസപ്പെട്ടിരുന്നു. ഭൗതികസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് അംഗീകാരം ലഭിക്കുന്നതിന് തടസമായത്. നിശ്ചിത സമയത്തിനകം സൗകര്യങ്ങള്‍ ഒരുക്കാമെന്ന് സര്‍ക്കാര്‍ എം.സി.ഐക്ക് സത്യാവങ്മൂലം നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. രണ്ടുതവണ പരിശോധന നടന്നപ്പോഴും കെട്ടിട സമുച്ചയങ്ങളുടെ ഭരണാനുമതി, ടെന്‍ഡര്‍ രേഖകള്‍ തുടങ്ങിയവ എം.സി.ഐക്കു സമര്‍പ്പിച്ചാണ് സര്‍ക്കാര്‍ മുഖം രക്ഷിച്ചത്. എന്നാല്‍ പോരായ്മകള്‍ നികത്തി വീണ്ടും അപേക്ഷ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നതിനിടയില്‍ എം.സി.ഐ പകരം എന്‍.എം.സി രൂപീകരിച്ചത് മെഡിക്കല്‍ കോളജ് അധികൃതരെ കുഴക്കുകയാണ്.
പ്രഖ്യാപിച്ച പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനമെങ്കിലും നടത്തി അംഗീകാരത്തിനായി അപേക്ഷ നല്‍കാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ ഒരുങ്ങിയെങ്കിലും എം.സി.ഐ പിരിച്ചുവിട്ടതോടെ അപേക്ഷ സമര്‍പ്പിക്കേണ്ട സംഘത്തെ കുറിച്ചുപോലും അധികൃതര്‍ക്ക് അറിവില്ല.
നാഷനല്‍ മെഡിക്കല്‍ കമ്മിഷന്റെ നേതൃത്വത്തില്‍ എം.സി.ഐയുടെ ഓഫിസും പ്രവര്‍ത്തന രീതികളും പരിശോധിച്ച് വരികയാണ്. ഈ സമയത്ത് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് മെഡിക്കല്‍ കോളജ് അധികൃതര്‍.
നാഷണല്‍ മെഡിക്കല്‍ കമ്മിഷനില്‍ രാഷട്രീയ ഇടപെടലുകളും ഉണ്ടാകാമെന്നതിനാല്‍ ഇതും മെഡിക്കല്‍ കോളജിന്റെ അംഗീകാരത്തിന് തടസമാകുമെന്ന ആശങ്കയുണ്ട്. അംഗീകാരം വീണ്ടെടുക്കാനായില്ലെങ്കില്‍ കോളജില്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയവരുടെ രജിസ്‌ട്രേഷനും ഉപരിപഠനവും പ്രതിസന്ധിയിലാകും. ഹൗസ് സര്‍ജന്‍സി കഴിയുന്നവര്‍ ഉപരിപഠനത്തിനു സ്ഥിരാംഗീകാരം ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."