ഖത്തര്‍ പ്രതിസന്ധി: ഏതു ഭാഗത്തേക്കെന്നു പിടികൊടുക്കാതെ അമേരിക്ക
കുവൈത് സിറ്റി: ഖത്തറുമായി ബന്ധപ്പെട്ടു ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി ഒരാഴ്ച്ച പിന്നിട്ടിട്ടും ഉറച്ചു നില്‍ക്കാത്ത അമേരിക്കന്‍ നിലപാടില്‍ ആശങ്ക. ഖത്തറുമായും സഊദിയുമായും മറ്റു അറബ് രാജ്യങ്ങളുമായും നല്ല ബന്ധം പുലര്‍ത്തി വരുന്ന അമേരിക്കയുടെ നിലപാടില്‍ അവ്യക്തത തുടരുകയാണ്. ഒരേ സമയത്തു ഖത്തര്‍ വിരുദ്ധ പ്രസ്താവനകള്‍ നടത്തുകയും മറു ഭാഗത്തു ഖത്തറിന് അനുകൂലമായ നിലപാടെടുക്കുകയും ചെയ്യുന്ന അമേരിക്കന്‍ സ്ഥിതിയാണ് ആരുടെ പക്ഷത്താണ് യഥാര്‍ത്ഥത്തില്‍ അമേരിക്ക നിലകൊള്ളുന്നതെന്ന ആശയക്കുഴപ്പം രൂപപ്പെടുന്നത്.
വിഷയം പുറത്തു വന്നപ്പോള്‍ തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തറിനെതിരേ രൂക്ഷമായ ഭാഷയില്‍ രംഗത്തെത്തുകയും സഊദിയുടെയും മറ്റു അറബ് രാജ്യങ്ങളുടെയും നിലപാടില്‍ പ്രശംസിക്കുകയും ചെയ്തിരുന്നു. തീവ്രവാദത്തിനെതിരെയുള്ള ആദ്യ പ്രവര്‍ത്തനമാണ് ഇതെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ് പറഞ്ഞത് ഇതിനു നേരെ വിപരീതമാണ്. ഖത്തറിനു മേല്‍ നിലനില്‍ക്കുന്ന ഉപരോധ സമാനമായ സാഹചര്യം പിന്‍വലിക്കണമെന്നായിരുന്നു യു എസ് വിദേശകാര്യ സെക്രട്ടറി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ട്രംപിന്റെ പ്രസ്താവനകള്‍ സ്വാഗതം ചെയ്ത സഊദിയടക്കമുള്ള അറബ് രാജ്യങ്ങള്‍ റെക്സ് ടില്ലേഴ്സന്റെ വിപരീത പ്രസ്താവനയെ കുറിച്ച് ഒന്നും പ്രതികരിച്ചതുമില്ല. പ്രശ്നത്തില്‍ അമേരിക്ക സ്വീകരിക്കാന്‍ പോകുന്ന നിലപാട് എന്തായിരിക്കും എന്നതും ദുരൂഹമായി തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."