ദമാമില്‍ രണ്ടു ലേബര്‍ ക്യാംപുകളിലായി ദുരിതത്തില്‍ കഴിയുന്നത് 400 ഇന്ത്യക്കാര്‍
ദമാം: സാമ്പത്തികപ്രതിസന്ധിയിലായ സഊദി ഓജര്‍ കമ്പനിയിലെ ദമാമിലെ രണ്ടു ലേബര്‍ ക്യാംപുകളില്‍ ദുരിതത്തില്‍ കഴിയുന്നത് മലയാളികളടക്കം ആയിരത്തോളം തൊഴിലാളികള്‍. കമ്പനി അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് ക്യാംപുകളില്‍ അവശ്യ സാധനങ്ങള്‍ വരെ ലഭിക്കാതെ ബുദ്ധിമുട്ടിലാണിവര്‍. മൂന്നു മാസം മുതല്‍ ഏഴു മാസം വരെ ശമ്പളം ലഭിയ്ക്കാത്ത ആയിരത്തോളം തൊഴിലാളികള്‍ ഈ ക്യാംപുകളില്‍ കഴിയുന്നുണ്ട്.
അവരില്‍ നാന്നൂറോളം ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ഭൂരിപക്ഷംപേര്‍ക്കും ഹവിയത്തു മുഖീം ( താമസ രേഖ) കാലാവധി കഴിഞ്ഞു കിടക്കുകയാണ്. അതുമൂലം മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാതായതിനാല്‍ ആശുപത്രികളില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണ്. മരുന്നോ ചികിത്സയോ കിട്ടാതെ അസുഖം മൂലം വലയുന്ന ധാരാളം തൊഴിലാളികള്‍ ക്യാംപില്‍ ഉള്ളതായാണ് വിവരം. കമ്പനി മെസ്സ് ഉള്ളതിനാല്‍ ഭക്ഷണത്തിന് മാത്രം തല്‍ക്കാലം ബുദ്ധിമുട്ടില്ല. എന്നാല്‍ ശമ്പളം കിട്ടാത്തതിനാല്‍ ഇവരുടെ വീടുകളിലെ അവസ്ഥയും ദയനീയമാണ്.
ദുരിതത്തിലായ തൊഴിലാളികളെ നവയുഗം സാംസ്‌കാരികവേദി നേതാക്കളും ജീവകാരുണ്യപ്രവര്‍ത്തകരും സന്ദര്‍ശിച്ചു. തൊഴിലാളികളുടെ വിവരങ്ങള്‍ നേരിട്ടു മനസിലാക്കിയ സംഘം വിശദമായ റിപ്പോര്‍ട്ട് ഇന്ത്യന്‍ എംബസിയ്ക്ക് കൈമാറിയിട്ടുണ്ട്.
മരുന്ന് ആവശ്യമുള്ളവര്‍ക്ക് അവ എത്തിച്ചു കൊടുക്കാനുള്ള താല്‍ക്കാലിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിഷയത്തില്‍ അടിയന്തരമായി ഇടപെട്ടു പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ശക്തമായ സമ്മര്‍ദം ചെലുത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."