ഇമാറാത്തികളെ വിവാഹം ചെയ്ത ഖത്തരികളെ യു.എ.ഇ പുറത്താക്കില്ലെന്ന് റിപ്പോര്‍ട്ട്
ദോഹ: ഇമാറാത്തി പൗരന്മാരെ വിവാഹം ചെയ്ത ഖത്തരികളെ യു.ഇ.എ പുറത്താക്കില്ലെന്ന് ദി നാഷനല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറുമായി ബന്ധം വിഛേദിച്ചതിന് പിന്നാലെ ഖത്തരികള്‍ 14 ദിവസത്തിനകം രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പരസ്പരം വിവാഹം ചെയ്ത ആയിരക്കണക്കിന് കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. ഖത്തര്‍, യു.എ.ഇ, സഊദി എന്നീ രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര വിവാഹ ബന്ധം സാധാരണമാണ്.
യു.എ.ഇ പൗരന്മാരെ വിവാഹം ചെയ്ത ഖത്തരികളെ പുറത്താക്കില്ലെന്ന റിപോര്‍ട്ടിന്റെ സ്രോതസ്സ് ഏതാണെന്ന് ദി നാഷനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇമാറാത്തികളുടെ അടുത്ത ബന്ധുക്കളായ ഖത്തരികളെ എയര്‍പോര്‍ട്ടുകളിലോ അതിര്‍ത്തിയിലോ തടയരുതെന്ന് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വാര്‍ത്ത സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നത് സൃഷ്ടിക്കുന്ന മാനുഷിക പ്രശ്‌നങ്ങളില്‍ അന്താരാഷ്ട്ര മനുഷ്യാവകശാ സംഘടനകള്‍ ഉള്‍പ്പെടെ ആശങ്ക അറിയിച്ച പശ്ചാത്തലത്തിലാണ് ആശ്വാസ നടപടി. മിശ്ര കുടുംബങ്ങളെ സഹായിക്കാന്‍ ഹോട്ട്‌ലൈന്‍ സ്ഥാപിക്കുമെന്ന് യുഎഇ, സൗദി അറേബ്യ, ബഹ്‌റയ്ന്‍ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
സൗദികളുമായി വിവാഹ, കുടുംബ ബന്ധം പുലര്‍ത്തി വരുന്ന ഖത്തരി സഹോദരങ്ങള്‍ക്ക് സ്വാഭാവികമായ പരിഗണന നല്‍കുന്നതായി സൗദി സര്‍ക്കാരും ഖത്തരികളുമായി വിവാഹ ബന്ധം പുലര്‍ത്തുന്ന പൗരന്‍മാര്‍ക്ക് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള നയതന്ത്ര വിച്ഛേദ നടപടികളില്‍ നിന്ന് സ്വാഭാവികമായ ഇളവ് അനുവദിക്കാന്‍ ബഹറൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫയും നിര്‍ദേശം നല്‍കിയിരുന്നു. ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കും ഇളവ് അനുവദിക്കുമെന്നും സഊദി വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ഖത്തരികളെ ഹറമില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞതായി പരാതി ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."