സ്ഥലം മാറ്റം പ്രതികാര നടപടിയെന്ന്: പ്രതിഷേധത്തില്‍ അയവില്ലാതെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, പിന്തുണയുമായി അഭിഭാഷകക്കൂട്ടം
ചെന്നൈ: സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് കോടതി നടപടികളില്‍ നിന്ന് വിട്ട് നിന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് താഹില്‍രമണി. മുംബൈ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയിരിക്കെ ബില്‍ക്കീസ് ബാനുക്കേസിലടക്കം വിധി പറഞ്ഞയാളാണ് ഇവര്‍. ഇതിന്റെ പ്രതികാരമാണ് സ്ഥലമാറ്റമെന്നാണ് ആരോപണം ഉയരുന്നത്.
നടപടിയില്‍ പ്രതിഷേധിച്ച് രാഷ്ട്രപതിക്ക് രാജിക്കത്തയച്ചതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കോടതി നടപടികളില്‍ നിന്ന് അവര്‍ വിട്ടു നിന്നത്. രാജ്യത്തെ മുതിര്‍ന്ന ജഡ്ജിമാരിലൊരാളായ താഹില്‍രമണിയെ മേഘാലയ ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്.
സ്ഥലം മാറ്റതീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കൊളീജിയത്തിന് നല്‍കിയ അപേക്ഷ തള്ളിയതോടെയാണ് താഹില്‍രമണി രാജി സമര്‍പ്പിച്ചത്. അതേസമയം ചീഫ് ജസ്റ്റിസിന് പിന്തുണയുമായി മദ്രാസ് ഹൈക്കോടതി അഭിഭാഷകരും രംഗത്തെത്തി. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ സുപ്രിം കോടതിക്ക് കത്ത് നല്‍കിയിട്ടുണ്ട്. അറുപതോളം അഭിഭാഷകര്‍ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇന്ന് മുതല്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് ഇവരുടെ നീക്കം.
76 ജഡ്ജിമാരുള്ള മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് മൂന്ന് അംഗങ്ങളുള്ള മേഘാലയ ഹൈക്കോടതിയിലേക്ക് മാറ്റിയത് അപമാനിക്കുന്നതിന് തുല്യമാണെന്ന നിലപാടിലുറച്ചാണ് ഇവര്‍ രാജിക്കത്ത് നല്‍കിയത്. രാജി പിന്‍വലിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകര്‍ അടക്കം താഹില്‍രമണിയുടെ വസതിയിലെത്തിയിരുന്നു. എങ്കിലും അവര്‍ വഴങ്ങിയില്ല. പിന്നാലെയാണ് കോടതി നടപടികളില്‍ നിന്നും വിട്ടു നിന്നത്. രാജിതീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."