'പാവങ്ങളുടെ കാര്യം ചോദിച്ചാല്‍ ക്ഷേത്രങ്ങളുടെ കാര്യം പറയും' യോഗിയെ വിമര്‍ശിച്ച് യു.പി മന്ത്രി
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിനു വെല്ലുവിളിയുമായി ഘടകകക്ഷികള്‍. മുഖ്യമന്ത്രിയുടെ പല നയപരിപാടികളെക്കുറിച്ചും നേരത്തേതന്നെ ഘടകകക്ഷി മന്ത്രിമാര്‍ പരോക്ഷമായി വിമര്‍ശനമുന്നയിച്ചിരുന്നെങ്കിലും ഇന്നലെ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി) നേതാവും പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയുമായ ഓംപ്രകാശ് രാജ്ബാര്‍ പരസ്യവിമര്‍ശനവുമായി രംഗത്തെത്തി.
ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. പൊതുജനങ്ങളുടെ, പ്രത്യേകിച്ചും പാവങ്ങളുടെ കാര്യത്തെക്കുറിച്ചു പറയുമ്പോള്‍ ശ്രദ്ധതിരിക്കാനായി അയോധ്യാ വിഷയം എടുത്തിടുകയാണെന്നും പാവങ്ങളുടെ പ്രശ്‌നങ്ങളോടു സര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്നും രാജ്ബാര്‍ ആരോപിച്ചു.
പൊതുജനങ്ങളുടെ കാര്യത്തില്‍ അശ്രദ്ധമായ രീതിയില്‍ ഇനിയും പ്രവര്‍ത്തിച്ചാല്‍ സര്‍ക്കാരില്‍നിന്നു പുറത്തുപോകുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അധികാരത്തിന്റെ രുചിയാസ്വദിക്കുന്ന ആളല്ല താന്‍. അതിനുവേണ്ടിയല്ല രാഷ്ട്രീയത്തിലേക്കു വന്നത്. നാട്ടിലെ ജനങ്ങളുടെ ദുരവസ്ഥയ്‌ക്കെതിരായ യുദ്ധത്തിലാണ്. അതിനായി ശ്രമിച്ചിട്ടില്ലെങ്കില്‍ താന്‍ ബി.ജെ.പിയുടെ അടിമയായിപ്പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണത്തിലെ പിഴവുകള്‍ മറക്കാനാണ് യോഗി സര്‍ക്കാര്‍ സാമുദായിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. നിര്‍ധനരായവര്‍ക്ക് അര്‍ഹിക്കുന്ന അവകാശം നല്‍കണമെന്നാവശ്യപ്പെടുമ്പോള്‍ ക്ഷേത്രങ്ങളെക്കുറിച്ചു സംസാരിക്കാനാണ് മുഖ്യമന്ത്രിക്കു താല്‍പര്യമെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."