മൈക്കല്‍ ഹിഗ്ഗിന്‍സ് വീണ്ടും ഐറിഷ് പ്രസിഡന്റ്
ഡബ്ലിന്‍: ഐറിഷ് പ്രസിഡന്റായി മൈക്കല്‍ ഡി. ഹിഗ്ഗിന്‍സ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ 56 ശതമാനം വോട്ട് നേടിയാണ് ഹിഗ്ഗിന്‍സ് സ്ഥാനമുറപ്പിച്ചത്. വ്യവസായികൂടിയായ പീറ്റര്‍ കേസി 23.1 ശതമാനം വോട്ടുമായി രണ്ടാമതെത്തി. ബാക്കിയാര്‍ക്കും പത്തു ശതമാനത്തിലേറെ വോട്ട് സ്വന്തമാക്കാനായിട്ടില്ല.
ഹിഗ്ഗിന്‍സിന്റെ തുടര്‍ച്ചയായ ജയത്തിനു പുറമേ, നിര്‍ണായകമായൊരു ഭരണഘടനാ ഭേദഗതിക്കുകൂടിയാണ് ഐറിഷ് ജനത പച്ചക്കൊടി വീശിയിരിക്കുന്നത്. ദൈവനിന്ദ കുറ്റമാക്കുന്ന നിയമം എടുത്തുകളയാനുള്ള ഭരണഘടനാ ഭേദഗതി നീക്കത്തെ 64.85 ശതമാനം ജനങ്ങളും പിന്താങ്ങി. ഇതോടെ മതവിമര്‍ശവും ദൈവനിന്ദയുമൊന്നും ഇനിമുതല്‍ അയര്‍ലന്‍ഡില്‍ കുറ്റകരമാകില്ല.
അരനൂറ്റാണ്ടിനിടെ ഇതാദ്യമായാണ് ഒരു ഐറിഷ് പ്രസിഡന്റ് രണ്ടാമൂഴത്തിനു മത്സരിക്കുന്നത്. 8,22,566 വോട്ടുമായി തന്റെ തീരുമാനം ശരിയാണെന്നു ഹിഗ്ഗിന്‍സ് തെളിയിച്ചു. സത്യസന്ധവും നിര്‍മാണാത്മകവുമായ ആശയങ്ങളെ ഐറിഷ് ജനത ഇഷ്ടപ്പെടുന്നുവെന്നതിന്റെ തെളിവാണ് തന്റെ രണ്ടാം വിജയമെന്നു തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടു പ്രതികരിച്ചു മൈക്കല്‍ ഹിഗ്ഗിന്‍സ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."