ഏജന്റുമാര്‍ വാങ്ങിയത് ഒരു ലക്ഷം, ക്ലീനിങ് ജോലിക്കെത്തിയ മലയാളി യുവതികള്‍ക്കു ദുരിതം ബാക്കി
റിയാദ്: ക്ലീനിങ് തൊഴിലിനെത്തി മാസങ്ങളായി ശമ്പളം പോലുമില്ലാതെ ദുരിതത്തിലായ ഒന്‍പത് മലയാളി വനിതകള്‍ നാട്ടിലേക്ക് പോകാനുള്ള വഴി തേടുന്നു. ജിദ്ദക്ക് സമീപം തായിഫിലെ മീഖാത്തിലെ വനിത പള്ളികളില്‍ ക്ലീനിങ് ജോലിക്കെത്തിയ മലയാളി വനിതകളാണ് ദുരിത ജീവിതം തള്ളി നീക്കുന്നത്. വിസ ഏജന്റുമാരുടെ വാഗ്ദാനങ്ങളില്‍ വീണാണ് ഇവര്‍ ഇവിടെയെത്തിയത്.
കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരായ സജിമോള്‍ കെ. ജോയ്, റസിയ ബീവി, ദീപ്തി മനോഹരന് നായര്‍, സിന്ധു തങ്കമ്മ, ഷിനമോള്‍ ജബ്ബാര്‍, സിമി ബീഗം, ജയ രാജന്, സിന്ധു ഗിരീഷ്, സൗമി യൂസഫ് എന്നിവരാണു നാട്ടിലേക്കു മടങ്ങാനാകാതെ കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ ഏഴുപേര്‍ക്ക് ആറു മാസമായിട്ടും ഇഖാമ ലഭിക്കാത്തതും ദുരിതം വര്‍ധിപ്പിക്കുന്നു.
പതിനൊന്നു പേരടങ്ങുന്ന സംഘമാണ് ആറു മാസം മുന്‍പ് ഇവിടെ ക്ലീനിങ് ജോലിക്കെത്തിയത്. ഇതില്‍ സുഖമില്ലാത്തതിനെ തുടര്‍ന്ന് സീനത്ത് അബ്ദുറഹ്മാന് എന്ന യുവതി നേരത്തെ നാട്ടിലേക്കു മടങ്ങിയിരുന്നു. പിന്നെയുള്ള പത്തുപേരില്‍ ഷൈമ ഷാജഹാന് ഇസ്മയില്‍ ഇവിടെത്തന്നെ തുടരാനാണ് തീരുമാനം. ബാക്കിയുള്ള ഒന്‍പത് വനിതകളാണ് നാട്ടില്‍ പോകാനായി അധികൃതരുടെ കനിവ് കാത്തിരിക്കുന്നത്. ശമ്പള കുടിശിക ലഭ്യമാക്കി നാട്ടിലേക്ക് തിരിച്ചയയ്ക്കണമെന്നാണ് യുവതികളുടെ ആവശ്യം. ഇതിനായുള്ള ശ്രമത്തിലാണ് യുവതികള്‍.
തൊഴിലാളികളുടെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ സ്പോണ്സറുമായി നടത്തിയ അനുരഞ്ജന ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടതോടെ ലേബര്‍ കോടതിയില്‍ പരാതി നല്കി അനുകൂല വിധി സമ്പാദിക്കാനുള്ള ശ്രമത്തിലാണിവര്‍. 85,000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഏജന്റുമാര്‍ക്ക് നല്‍കിയാണ് ഇവര്‍ ഇവിടെയെത്തിയത്. എംബസിയുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രശ്നപരിഹാരത്തിനായി ശ്രമം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."