മാറ്റത്തിന്റെ നേട്ടം; ജില്ലയില്‍ ഒന്നാം ക്ലാസില്‍ 10.99% കുട്ടികളുടെ വര്‍ധന
കണ്ണൂര്‍: സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തില്‍ പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വര്‍ധിച്ചത് കണ്ണൂര്‍ ജില്ലയില്‍. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10.99 ശതമാനത്തിന്റെ വര്‍ധനയാണ് ജില്ലയിലുണ്ടായത്. കോഴിക്കോട് (6.62%), കാസര്‍കോട് (6.15%) ജില്ലകളാണ് തൊട്ടുപിറകില്‍. 4.56 ശതമാനമാണ് സംസ്ഥാന ശരാശരി. ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 589 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ 1795 കുട്ടികളുമായി ഒന്നാം ക്ലാസില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2384 കുട്ടികളാണ് ഇത്തവണ അധികമായെത്തിയത്. മുന്‍വര്‍ഷം ആകെയുണ്ടായിരുന്ന 21696 കൂട്ടികളുടെ 10.99% ആണിത്. മലപ്പുറം ജില്ലയില്‍ 2839 കുട്ടികള്‍ കൂടിയെങ്കിലും 5.39% മാണ് ആകെ വര്‍ധന.
സംസ്ഥാനസര്‍ക്കാര്‍ ആവിഷ്‌കരിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന തിരികെ തിരുമുറ്റത്തേക്ക് കാംപയിന്‍ ജില്ലയിലെ ജനങ്ങള്‍ ഏറ്റെടുത്തുവെന്നാണ് ഈ വര്‍ധന വ്യക്തമാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ 16ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ ഇ പി ലത, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, എസ്.പി ശിവവിക്രം തുടങ്ങിയവരുടെ നേതൃത്വത്തില്‍ കടാങ്കോട് വാരം മാപ്പിള എല്‍.പി സ്‌കൂളില്‍ നടത്തിയ ജില്ലാതല ഉദ്ഘാടനത്തിനു ശേഷം ജില്ലയിലെ വിവിധയിങ്ങളിലായി 137 സ്ഥലങ്ങളില്‍ കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു. ജില്ലയിലെ വിദ്യാര്‍ഥി-യുവജന സംഘടനാ പ്രതിനിധികളുടെ നേതൃത്വത്തില്‍ കാട്ടാമ്പള്ളി ഗവ. എം.യു.പി സ്‌കൂളില്‍ നടന്ന കാംപയിന്‍ സംസ്ഥാനത്ത് തന്നെ വേറിട്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.പി ജയബാലന്‍, വി.കെ സുരേഷ് ബാബു, അംഗം അജിത്ത് മാട്ടൂല്‍, ഡി.ഡി.ഇ എം. ബാബുരാജ്, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ പി.വി പുരുഷോത്തമന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."