ഏകാഗ്രതയോടെ പ്രാര്‍ഥിക്കുക, അല്ലാഹു ഉത്തരം നല്‍കും
പ്രാര്‍ഥിക്കാത്തവരായി ആരുമുണ്ടാകില്ല. മുഴുമടിയന്‍മാര്‍ പോലും പ്രാര്‍ഥനയ്ക്ക് നേരം കണ്ടെത്തുന്നു. മതവിശ്വാസി അല്ലാത്തവരും ഗതിമുട്ടുമ്പോള്‍ ഏതെങ്കിലും ദിവ്യശക്തിയെ മനസിരുത്തി സങ്കടങ്ങള്‍ പറയുകയും സഹായം അര്‍ഥിക്കുകയും ചെയ്യുന്നുണ്ടാകും. പ്രാര്‍ഥനയ്ക്ക് മതവും വിശ്വാസവുമുണ്ടെന്നത് നേര്. എങ്കിലും ഭൗതികവാദിയും അദൃശ്യശക്തിയോട് സങ്കടപ്പാടുകള്‍ ബോധിപ്പിക്കും. പരമാവധി കീഴ്‌പ്പെട്ട് ഇലാഹാണെന്ന വിശ്വാസത്തില്‍ ഒരു ശക്തിയോട് അല്ലെങ്കില്‍ ഒരു വസ്തുവിനോട് ചോദിക്കുന്നതാണ് പ്രാര്‍ഥനയുടെ അര്‍ഥപൂര്‍ണ എങ്കില്‍ തന്നെയും നിരീശ്വരവാദി പോലും ആരോടെന്നറിയാതെ പ്രതിസന്ധിഘട്ടങ്ങളില്‍ സഹായം തേടും.
എല്ലാം തികഞ്ഞവനെന്ന് അഹങ്കരിക്കുന്നവനും സകല സുഖലോലുപത ലഭിച്ചവരും എപ്പോഴെങ്കിലും പ്രാര്‍ഥിക്കാതിരുന്നിട്ടുണ്ടാകില്ല. സുഖാഡംബരത്തിന്റെ പാരമ്യത സ്വായത്തമുള്ളവര്‍ക്കും മനഃസമാധാനം വേണം. അത് പണം കൊടുത്ത് വാങ്ങുക സാധ്യമല്ല. അല്ലാഹുവിന്റെ അനശ്വരമായ ശക്തിക്ക് മുന്നില്‍ താന്‍ ഒന്നുമല്ലെന്ന ബോധ്യം മനുഷ്യനെ പ്രാര്‍ഥനാ നിരതനാക്കുന്നു. ആത്മവിശുദ്ധിയിലൂടെ മാനസികമായി വളരാന്‍ സാധിക്കും.
ലോകത്തുള്ള എന്തും മനുഷ്യനു വേണ്ടി സൃഷ്ടിക്കപ്പെട്ടു. മനുഷ്യന്‍ അല്ലാഹുവിന് ആരാധിക്കാനും സൃഷ്ടിക്കപ്പെട്ടു. ആരാധനയാവട്ടെ പ്രാര്‍ഥനയും. പ്രാര്‍ഥിക്കുന്നത് ആത്മവിശുദ്ധി ലഭിക്കാന്‍. നിസ്‌കാരം, നോമ്പ്, ഹജ്ജ്, സകാത്ത് എല്ലാം പ്രാര്‍ഥനയാണ്.
പ്രാര്‍ഥന നല്‍കുന്ന അനുഭൂതി അനിര്‍വചനീയമാണ്. ആത്മീയതയിലൂന്നിയ നിഷ്‌കളങ്ക പ്രാര്‍ഥന മനസിനെ പതപ്പിക്കുന്നു. അതു കണ്ണുനീര്‍ത്തുള്ളികളായി പുറത്തേക്കൊഴുകുന്നു. ഇത്തരം പ്രാര്‍ഥനക്ക് ഏകാഗ്രത അത്യാവശ്യമാണ്. ഏകാഗ്രതയുണ്ടാകാന്‍ ദൃഢമായ വിശ്വാസമാണാവശ്യം.
(എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."