ജേക്കബ് വടക്കന്‍ചേരിയുടെ അറസ്റ്റ്;പിന്നില്‍ വ്യക്തിവൈരാഗ്യവും കുടിപ്പകയുമെന്നാക്ഷേപം
കോഴിക്കോട്: എലിപ്പനി പ്രതിരോധ മരുന്നിനെതിരേ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തിയെന്നാരോപിച്ച് പ്രകൃതി ചികിത്സകന്‍ ജേക്കബ് വടക്കന്‍ചേരിയെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ വ്യക്തി വൈരാഗ്യവും ആരോഗ്യവകുപ്പിലെ ഉന്നതരുടെ കുടിപ്പകയുമെന്നാക്ഷേപം. അറസ്റ്റ് ചെയ്യുമ്പോള്‍ പൊലിസ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും കൂടുതല്‍ വകുപ്പുകള്‍ ചുമത്തി ഒരിക്കലും പുറത്തിറങ്ങാതിരിക്കാനുള്ള ഗൂഢാലോചന നടത്തിയതായും ജേക്കബ് വടക്കന്‍ചേരി സുപ്രഭാതത്തോട് പറഞ്ഞു.
ആദ്യ കേസില്‍ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാതിരിക്കാനായി മറ്റൊരു കേസ് കൂടി ഉണ്ടാക്കി. വാക്‌സിനേക്കുറിച്ച് മുന്‍പെങ്ങോ പ്രചാരണം നടത്തി എന്ന് പറഞ്ഞായിരുന്നു ഈ കേസ്. താന്‍ ഒരിക്കലും പുറത്തിറങ്ങരുതെന്ന നിര്‍ബന്ധമുള്ളതുപോലെയായിരുന്നു പൊലിസിന്റെ പെരുമാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ പ്രളയത്തിനുശേഷം എലിപ്പനി പടരാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തി ആരോഗ്യവകുപ്പ് ഡോക്ലിസൈക്ലിന്‍ ഗുളിക വിതരണം ചെയ്തിരുന്നു. ഈ ആന്റിബയോട്ടിക് ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജേക്കബ് വടക്കന്‍ചേരി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. ഇതിനെതിരേ സെപ്റ്റംബര്‍ മൂന്നിനാണ് തിരുവനന്തപുരം സൈബര്‍ പൊലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. സെപ്റ്റംബര്‍ എട്ടിന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 13 ദിവസത്തിനു ശേഷം എറണാകുളം സെഷന്‍സ് കോടതി കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു.
നിപാ വൈറസിനെതിരേയും എലിപ്പനിക്കെതിരേയും പ്രചാരണവുമായി രംഗത്തെത്തിയപ്പോള്‍ അതൊരവസരമായി ചിലര്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് ജേക്കബ് വടക്കന്‍ചേരി പറഞ്ഞു.
തെറ്റായ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ജേക്കബ് വടക്കന്‍ചേരി നല്‍കിയ ഹരജി പരിഗണിച്ച് കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതോടൊപ്പം ജാമ്യവ്യവസ്ഥയിലും ഇളവനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."