പാസ്പോര്‍ട്ടിന് അടിയന്തര സൗകര്യമൊരുക്കാന്‍ നിര്‍ദേശം
കൊണ്ടോട്ടി: ഹജ്ജ് അപേക്ഷകര്‍ക്ക് അടിയന്തരമായി പാസ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ മുഴുവന്‍ പാസ്പോര്‍ട്ട് ഓഫിസ് കേന്ദ്രങ്ങള്‍ക്കും വിദേശകാര്യ വകുപ്പ് നിര്‍ദേശം നല്കി. പാസ്പോര്‍ട്ട് ഓഫിസുകളില്‍ ഇതിനായി പ്രത്യേക കൗണ്ടര്‍ ഒരുക്കി നോഡല്‍ ഓഫിസറെ നിയമിക്കണം. ഇവരുടെ പൊലിസ് വെരിഫിക്കേഷനുകള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ പൊലിസ് ഉദ്യോഗസ്ഥരോടും നിര്‍ദേശിക്കണം.
പാസ്പോര്‍ട്ടിന്റെ പേരില്‍ തീര്‍ഥാടനം മുടങ്ങുന്ന സാഹചര്യമുണ്ടാവരുതെന്നും നിര്‍ദേശത്തിലുണ്ട്. രാജ്യത്തെ മുഴുവന്‍ പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ക്കും വിദേശകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2020 ജനുവരി 31 വരെയെങ്കിലും കാലാവധിയുള്ള മെഷിന് റീഡബിള്‍ പാസ്പോര്‍ട്ട് തീര്ഥാടകനുണ്ടായിരിക്കണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശം. അപേക്ഷയില്‍ പാസ്പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തിയിരിക്കണം. ഈ വര്‍ഷം ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നത് കുറഞ്ഞ ദിവസങ്ങള്‍ മാത്രമാണ്.
പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞവരും പാസ്പോര്‍ട്ട് ഇതുവരെ എടുക്കാത്തവരുമായി നിരവധി പേരുണ്ട്.
അടുത്ത മാസം 17 വരെയാണ് ഹജ്ജ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.
അപേക്ഷകര്‍ പാസ്പോര്‍ട്ട് കോപ്പി നല്കിയാല് മതിയെങ്കിലും 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഒരു സഹായിക്കും നേരിട്ട് അവസരം ലഭിക്കുമെന്നതിനാല്‍ അപേക്ഷയോടൊപ്പം തന്നെ പാസ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്.
ഹജ്ജ് ആവശ്യവുമായി എത്തുന്നവര്‍ക്ക് പാസ്പോര്‍ട്ട് കാലതാമസമില്ലാതെ നല്‍കണമെന്ന വിദേശകാര്യ വകുപ്പിന്റെ നിര്‍ദേശം ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് തീര്‍ഥാടകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."