'പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണം'
പേരാമ്പ്ര: പകര്‍ച്ച പനിയും ഡെങ്കിയും മലയോരത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യം ശക്തമായി. കാലവര്‍ഷം തുടങ്ങിയതോടെ പകര്‍ച്ച രോഗങ്ങള്‍ ബാധിച്ചെത്തുന്നവരുടെ എണ്ണവും കൂടുകയാണ്.
കഴിഞ്ഞ ഒരാഴ്ചയായി ഓരോ ദിവസവും 1500 നും 2000 ത്തിനുമിടക്ക് രോഗികളാണ് ഇവിടെ പരിശോധനയ്ക്ക് എത്തുന്നത്. ഞായറാഴ്ച രണ്ടായിരത്തിലധികം രോഗികള്‍ എത്തിയപ്പോള്‍ പരിശോധിക്കാന്‍ രണ്ടു ഡോക്ടര്‍മാര്‍ മാത്രമായത് പ്രതിസന്ധിയുണ്ടാക്കി. ആവശ്യത്തിന് അനുബന്ധ സേവകര്‍ കൂടി കുറഞ്ഞപ്പോള്‍ സ്ഥിതി ബഹളമയമായി.
ഡെങ്കി ബാധിച്ചെത്തുന്നവരെയും അഡ്മിറ്റായ രോഗികളില്‍ പ്രത്യേകപരിചരണം വേണ്ടവരെയുംശ്രദ്ധിക്കാന്‍ നഴ്‌സ്മാരെ ഉള്‍പ്പെടെ കൂടുതല്‍ നിയമിക്കണമെന്ന ആവശ്യവുമുയര്‍ന്നു.
ഇതിനിടയില്‍ വാഹനാപകടത്തില്‍പെട്ടു വരുന്നവരും മറ്റു പി.എച്.സികളില്‍ നിന്ന് പ്രത്യേക ടെസ്റ്റിന് വരുന്നവരും വേറെ. രണ്ട് ഡോക്ടര്‍മാര്‍ മാത്രം ഡ്യൂട്ടിയിലുള്ള ദിവസങ്ങില്‍ ഇവര്‍ക്ക് ഭക്ഷണം പോലും കഴിക്കാന്‍ സമയമുണ്ടാവാറില്ല.
വിദൂരമലയോര മേഖലകളായ ചെമ്പനോട, പൂഴിത്തോട്, മുതുകാട്, പ്രദേശമുള്‍പെടെയുള്ള വാഹന സൗകര്യം കുറഞ്ഞ പ്രദേശങ്ങളില്‍ നിന്നും എത്തുന്ന രോഗികള്‍ക്ക് പരിചരണം ഉറപ്പാക്കാന്‍ കൂടുതല്‍ ഡോക്ടര്‍മാരെയും അനുബന്ധ ജീവനക്കാരെയും ഉടന്‍ നിയമിക്കണമെന്ന് നാട്ടുകാരും വിവിധ സംഘടനകളും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."