മോഹന്‍ ഭാഗവതിന്റെ ഡല്‍ഹി പ്രഭാഷണങ്ങള്‍
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് സെപ്റ്റംബര്‍ 17, 18, 19 ദിവസങ്ങളിലായി ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ 'ഭാരതത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആര്‍.എസ്.എസ് വീക്ഷണം' എന്ന വിഷയത്തെക്കുറിച്ച് നടത്തിയ പ്രഭാഷണം വരാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമായിരുന്നു. ആര്‍.എസ്.എസ് ആസ്ഥാനമായ നാഗ്പൂരിന് പുറത്ത് മറ്റൊരിടത്ത് ഒരു സര്‍സംഘ് ചാലക് ഇത്തരത്തില്‍ ഒരു പ്രഭാഷണ പരമ്പര നടത്തുന്നത് ആ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ രണ്ടാം തവണ മാത്രമാണ്. മുന്‍പ് മാധവ സദാശിവ ഗോള്‍വാര്‍ക്കറാണ് ഇത്തരത്തില്‍ ഒരു പ്രഭാഷണം നടത്തിയ സര്‍സംഘ് ചാലക്.
ആര്‍.എസ്.എസ് അന്നും ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയായിരുന്നു. മോഹന്‍ ഭാഗവതിന്റെ പ്രഭാഷണ പശ്ചാത്തലവും പ്രതിസന്ധിയുടേതാണ്. പ്രസ്ഥാനത്തിനകത്തും പുറത്തും നിരവധി വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ട്. 2004-ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തുമ്പോള്‍ ആര്‍.എസ്.എസിനു ചില പ്രതീക്ഷകളുണ്ടായിരുന്നു. സംഘത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങളെന്ന് പൊതുവെ മനസിലാക്കപ്പെടുന്ന ആശയങ്ങളുമായി ബന്ധപ്പെട്ടവയാണ് ആ പ്രതീക്ഷകള്‍.
പതുക്കെപ്പതുക്കെ ആര്‍.എസ്.എസിലേക്ക് ആശയ ദാരിദ്ര്യവും ഭാവിയെക്കുറിച്ചുള്ള അവ്യക്തതകളും വലിച്ചിഴച്ച് കൊണ്ട് ചെല്ലുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. ബി.ജെ.പിയിലെ നേതൃത്വ ആള്‍ക്കൂട്ടത്തില്‍ നിന്ന് മോദിയെ തിരഞ്ഞെടുത്ത് പ്രധാനമന്ത്രി പദത്തില്‍ എത്തിക്കാന്‍ മുന്നിട്ടിറങ്ങിയ ആര്‍.എസ്.എസിന് പല വിഷയങ്ങളിലും മോദി സര്‍ക്കാര്‍ തിരിച്ചു നല്‍കിയത് നിരാശയായിരുന്നു.
പൊതുവില്‍ ഇന്ത്യന്‍ ജനതയ്ക്കിടയില്‍ ആര്‍.എസ്.എസിനാല്‍ നിയന്ത്രിക്കപ്പെടുന്ന ഭരണകൂടമെന്ന വിശേഷണം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് മോദി സര്‍ക്കാരിനെക്കുറിച്ച് സംഘ് നേതൃത്വം കനത്ത ഇച്ഛാഭംഗങ്ങളില്‍ അകപ്പെട്ടത് എന്നോര്‍ക്കണം. മോദിയുടെ ഭരണകാലം ആര്‍.എസ്.എസിന്റെ ചരിത്രത്തിലെ ആന്തര ശൈഥില്യങ്ങളുടെ ഏറ്റവും കഠിനമായ ഘട്ടമായി മാറുകയാണ് ചെയ്തത്.
ഒരുവശത്ത് സര്‍ക്കാര്‍ ആര്‍.എസ്.എസിന് നല്‍കിയ നിരാശയും ഇച്ഛാഭംഗങ്ങളും, മറുവശത്ത് സ്വയം കാറ്റൊഴിഞ്ഞ് പോയതുപോലുള്ള ആന്തരിക ശൂന്യതയും മറ്റൊരു വശത്ത് ഇന്ത്യന്‍ ജനതയില്‍ നിന്നുള്ള അകല്‍ച്ചയും ഒറ്റപ്പെടലും വര്‍ധിച്ചതും ഇനിയും മറ്റൊരു വശത്ത് പ്രവീണ്‍ തൊഗാഡിയയെപ്പോലെ തല്‍ക്കാലം നിശബ്ദരായിരുന്ന വിമതര്‍ ശക്തമായി രംഗത്തു വരാനിടയുണ്ടെന്ന ഭീതിയുമെല്ലാമാണ് സത്യത്തില്‍ മോഹന്‍ ഭാഗവതിനെ ഡല്‍ഹിയില്‍ പ്രഭാഷണം നടത്തുവാന്‍ പ്രേരിപ്പിച്ചത്.
സംഘ്പരിവാര്‍ ഘടകങ്ങളെല്ലാം ഇന്ന് വലിയ തോതില്‍ ജനങ്ങളില്‍ നിന്ന് അകന്നു കഴിഞ്ഞിട്ടുണ്ട്. ആര്‍.എസ്.എസിന്റെ താത്വിക മണ്ഡലങ്ങളില്‍ അഭിനിവേശം പൂണ്ട് അതിനെ പിന്തുണച്ചവരാണ് അതിന്റെ അനുഭാവികളില്‍ ഏറെപ്പേരും. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷം ആര്‍.എസ്.എസ് സ്വന്തം ആശയങ്ങളെത്തന്നെ വഞ്ചിച്ചുകൊണ്ടാണ് നരേന്ദ്രമോദി ഭരണത്തെ താങ്ങിനിര്‍ത്തിയതെന്നുള്ള തോന്നല്‍ ആ പ്രസ്ഥാനത്തിന്റെ അനുഭാവി മണ്ഡലത്തെ ശിഥിലമാക്കിയിട്ടുണ്ട്.
മറുവശത്ത് ഗോരക്ഷയുടെയും സംസ്‌കാര സംരക്ഷണത്തിന്റെയും സദാചാര പരിപാലനത്തിന്റെയും പേരില്‍ സംഘ്പരിവാര്‍ ഘടകങ്ങള്‍ കാണിച്ചുകൂട്ടിയ തെമ്മാടിത്തങ്ങള്‍ ഇന്ത്യന്‍ ബഹുജനങ്ങളില്‍ ശക്തമായ അറപ്പും വെറുപ്പും ഉണ്ടാക്കിയിട്ടുണ്ടെന്ന് മാത്രമല്ല വിദേശ രാഷ്ട്രങ്ങളില്‍ ഇന്ത്യക്ക് വലിയ നാണക്കേട് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം ഒന്ന് ലഘൂകരിക്കുകയും ആര്‍.എസ്.എസിനുണ്ട് എന്ന് അവര്‍ കരുതുന്ന പ്രതിഛായ തിരിച്ചുപിടിക്കുകയും ഒപ്പം വരാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ഇന്ത്യക്കാരുടെയും പിന്തുണ നേടിയെടുക്കാന്‍ ശ്രമിക്കുകയുമാണ് ത്രിദിന പ്രഭാഷണങ്ങള്‍ കൊണ്ട് ലക്ഷ്യമാക്കിയത്.
ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെയും വക്താക്കളെയും പ്രമുഖ കലാ സാംസ്‌കാരിക നായകരെയും എഴുത്തുകാരെയുമെല്ലാം ക്ഷണിച്ചിരുന്നെങ്കിലും കാര്യമാത്ര പ്രസക്തരായ ആരും ആ ക്ഷണം സ്വീകരിക്കുകയുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. അന്‍പത് വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുത്തെന്നാണ് ആര്‍.എസ്.എസിന്റെ ജിഹ്വകള്‍ അവകാശപ്പെട്ടത്. എന്നാല്‍ പങ്കെടുത്ത 'വിദേശ പ്രതിനിധികള്‍' പലരും ഇന്ത്യയിലെ വിവിധ വിദേശ എംബസികളിലെയും കോണ്‍സുലേറ്റുകളിലെയും ഇടത്തരം ജീവനക്കാര്‍ മാത്രമായിരുന്നു എന്നതാണ് സത്യം.
രണ്ടു ദിവസം പ്രഭാഷണവും മൂന്നാം ദിവസം ചോദ്യോത്തര സംവാദവും എന്ന രീതിയിലായിരുന്നു പരിപാടി ക്രമീകരിച്ചിരുന്നത്. ഒന്നാം ദിവസമായ സെപ്റ്റംബര്‍ പതിനേഴിന് നടത്തിയ പ്രഭാഷണത്തില്‍ ആര്‍.എസ്.എസിനെ ഇന്ത്യയിലെന്നല്ല ലോകത്തെ തന്നെയും ഏറ്റവും ആദ്യത്തെ ജനാധിപത്യ പ്രസ്ഥാനമെന്ന് വിശേഷിപ്പിക്കുകയുണ്ടായി. ആര്‍.എസ്.എസിന്റെ വീക്ഷണത്തിലെ ജനാധിപത്യത്തിന്റെ പൊരുളും പ്രയോഗവും എന്തെന്നറിയാത്തവരെ സംബന്ധിച്ച് ആ പറഞ്ഞതില്‍ വിശ്വസിക്കാവുന്ന പലതും ഉണ്ടാകാം. എന്നാല്‍ ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ച് ഏറ്റവും കടുത്ത ഏകാധിപത്യ പ്രവണതകളും ജനാധിപത്യ വിരുദ്ധതയും വ്യക്തി കേന്ദ്രീകൃത സ്വേഛാധിപത്യവുമാണ് ആര്‍.എസ്.എസിന്റെ സ്വഭാവം നിര്‍ണയിക്കുന്നതെന്ന് പകല്‍പോലെ തിരിച്ചറിയപ്പെട്ടു കഴിഞ്ഞ യാഥാര്‍ഥ്യമാണ്.
പതിറ്റാണ്ടുകള്‍ ദീര്‍ഘിച്ച സുശക്തമായ പശ്ചാത്തല ചരിത്രമുള്ള ഇന്ത്യന്‍ ജനാധിപത്യം മോദി ഭരണകാലത്ത് സ്വേഛാധിപത്യത്തിലേക്ക് തരംതാഴ്ന്നിരിക്കുന്നു എന്ന വസ്തുത ഇന്ന് ഇന്ത്യക്കകത്തും പുറത്തും പ്രചരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് വിദേശ മാധ്യമങ്ങളുടെ നിലപാട് ഇന്ത്യന്‍ ജനാധിപത്യം പ്രതിസന്ധിയിലാണ് എന്നു തന്നെയാണ്. ഈ പശ്ചാത്തലത്തിലാണ് ആര്‍.എസ്.എസ് നേതാവ് ജനാധിപത്യത്തെക്കുറിച്ച് പ്രഭാഷണം നടത്തുന്നത്. ആര്‍.എസ്.എസ് ജനാധിപത്യത്തിന്റെ ഭാഗത്തു തന്നെയാണെന്ന് വരുത്തേണ്ടത് ഇന്ത്യയിലും വിദേശത്തും ഒരുപോലെ സ്വന്തം നിലനില്‍പും അന്തസും നിലനിര്‍ത്തുവാനും ആര്‍.എസ്.എസിന് കൂടിയേ തീരൂ. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലും സ്വാതന്ത്ര്യ പ്രാപ്തിയിലുമെല്ലാം കോണ്‍ഗ്രസിന്റെ പങ്ക് എടുത്തു പറയുവാന്‍ ഭാഗവത് നിര്‍ബന്ധിതനായി എന്നതു ശ്രദ്ധേയമാണ്.
മോദിയും അമിത്ഷായും കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ഉറക്കപ്പിച്ചുമായി ഇന്ത്യയിലുടനീളം ഓടിനടക്കുമ്പോഴാണ് ആര്‍.എസ്.എസ് നേതാവിന്റെ കോണ്‍ഗ്രസ് സ്തുതി എന്നോര്‍ക്കണം. കോണ്‍ഗ്രസ് തിരിച്ചുവരുന്നോ എന്ന സംശയത്തോടൊപ്പം തന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മടക്കയാത്രയെക്കുറിച്ചുള്ള വിവരങ്ങളും മോഹന്‍ ഭാഗവതിന്റെ കോണ്‍ഗ്രസ് സ്തുതിക്ക് പിന്നിലുണ്ട്. അതുകൊണ്ടുതന്നെ ആ പരാമര്‍ശം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് പശ്ചിമബംഗാളിലും ത്രിപുരയിലും മറ്റുമാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ആത്മാര്‍ത്ഥത പരാമര്‍ശം തീര്‍ത്തും അവഗണിക്കുകയാണ് ചെയ്തത്.
ആര്‍.എസ്.എസിനെക്കുറിച്ച് തീര്‍ത്തും അവാസ്തവമായ ഒരു പരാമര്‍ശം രണ്ടാം ദിന പ്രഭാഷണത്തില്‍ മോഹന്‍ ഭാഗവത് നടത്തുകയുണ്ടായി. ബഹുസ്വരതയുടെ വക്താക്കളും പ്രയോക്താക്കളുമാണ് ആര്‍.എസ്.എസുകാര്‍ എന്നാണ് ആ പരാമര്‍ശം. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഇന്ത്യയില്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ വിചാര ധാരയിലേയും മറ്റും നിലപാടുകള്‍ക്ക് അനുസൃതമായിരുന്നല്ലോ. അതിനാല്‍ തന്നെ കടുത്ത ഏകശിലാത്മക ആശയ നിലപാടുകളാണ് അവര്‍ സ്വീകരിച്ചു വന്നിട്ടുള്ളതും.
ഏതുതരം സാംസ്‌കാരിക സംലയനവും ഭാരതീയ തന്‍മയെ നശിപ്പിക്കുകയും ശിഥിലമാക്കുകയും ചെയ്യുമെന്നും ഭഗവത്ഗീതയില്‍ വര്‍ഗസങ്കരത്തെക്കുറിച്ചു പറയുന്നതു പോലുള്ള അനുഭവമായിരിക്കും ബഹുസ്വരതയെ അംഗീകരിക്കുന്നതിലൂടെ ഉണ്ടായിത്തീരുക എന്നുമെല്ലാം താത്വികമായ പൂര്‍വ നിര്‍ണയം നടത്തിയിട്ടുള്ള പ്രസ്ഥാനമാണ് ആര്‍.എസ്.എസ്. ബഹുസ്വരതയെ എതിര്‍ക്കുക എന്നത് താത്വികവും പ്രായോഗികവുമായി ആര്‍.എസ്.എസിന്റെ സ്വഭാവമാണ് എന്ന അനുഭവ പരിചയത്തില്‍ നിന്ന് ഇന്ത്യക്കാര്‍ക്ക് ഒരിക്കലും പിറകോട്ടു പോകാനാവില്ല എന്നിരിക്കെ മോഹന്‍ ഭാഗവതിന്റെ ഈ നിറംമാറ്റ പ്രസ്താവന ഒരു ഫലവും ചെയ്യില്ല. മുസ്‌ലിംകളെ കുറിച്ച് രണ്ടാം ദിവസത്തെ പ്രഭാഷണത്തില്‍ മോഹന്‍ ഭാഗവത് പ്രത്യേകം പരാമര്‍ശിക്കുകയുണ്ടായി. എങ്ങനെയാണ് ആര്‍.എസ്.എസിന് ഇന്ത്യയിലെ മുസ്‌ലിംകളെ തള്ളിക്കളയാനാവുക എന്ന ചോദ്യമാണ് അദ്ദേഹം ഇന്ത്യന്‍ സമൂഹത്തോടും ലോകത്തോടും ഉന്നയിച്ചത്.
വിശാലമായ ഹൈന്ദവതയുടെ ഭാഗം തന്നെയാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ഇതര വിഭാഗങ്ങള്‍ എന്ന് പറയുമ്പോള്‍ അര്‍ഥമാക്കുന്നത് പൊതുവേ ബഹുസ്വരവാദികള്‍ കാണുന്ന അര്‍ഥമല്ല എന്നോര്‍ക്കണം. ഹിന്ദുത്വത്തെയും ആര്‍.എസ്.എസ് നിലപാടുകളെയും അംഗീകരിക്കുന്നവരായി സ്വയം മാറാന്‍ മുസ്‌ലിംകള്‍ തയാറാവുക മാത്രമാണ് അവര്‍ക്ക് ഇന്ത്യയില്‍ നിലനില്‍ക്കാനുള്ള ഏക വഴി എന്നു തന്നെയാണ് ആര്‍.എസ്.എസ് നേതാവ് ഉദ്ദേശിച്ചത്. ആര്‍.എസ്.എസുമായി ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കുള്ള അകലം കുറക്കണമെന്ന് പ്രസ്ഥാനത്തിന് ലക്ഷ്യമുണ്ടെന്ന് തോന്നിപ്പിക്കുമെങ്കിലും സത്യത്തില്‍ ഒരു കീഴടങ്ങലിനും സ്വത്വപരമായ വിട്ടുവീഴ്ചക്കും ഉള്ള ആഹ്വാനം മാത്രമാണ് ആ പരാമര്‍ശത്തിലുള്ളത്. ദലിത്-ന്യൂനപക്ഷ വിരുദ്ധതയും സവര്‍ണ സമീപനങ്ങളും ഏകശിലാത്മക സാംസ്‌കാരിക ചിന്തയും മാറ്റിവച്ചുകൊണ്ട് ആര്‍.എസ്.എസിനെ കുറിച്ചു ചിന്തിക്കാന്‍പോലും സാധ്യമല്ലെന്ന യാഥാര്‍ഥ്യം മനസിലാക്കുന്ന ഇന്ത്യന്‍ ജനതക്ക് മുന്നില്‍ ഇത്തരം അപഹാസ്യമായ വാദഗതികള്‍ ഫലപ്രദമാകില്ലെന്ന് ആര്‍.എസ്.എസ് നേതാവിനും അറിയാതിരിക്കില്ല.
മൂന്നാം ദിവസമായ സെപ്റ്റംബര്‍ പത്തൊന്‍പതാം തിയതി സംവാദത്തിനും മറുപടികള്‍ക്കുമായാണ് നീക്കിവച്ചിരുന്നത്. എന്നാല്‍ ഗൗരവമേറിയ ആശയ വിനിമയങ്ങള്‍ ഒന്നും അന്ന് നടക്കുകയുണ്ടായില്ല. സത്യത്തില്‍ അത്തരമൊരു ചലനാത്മകത ആര്‍.എസ്.എസ് നേതൃത്വം ഉദ്ദേശിച്ചിരുന്നില്ല എന്നുതന്നെ പറയാം.
115 ചോദ്യങ്ങള്‍ക്കാണ് രണ്ടു മണിക്കൂറിനുള്ളില്‍ സര്‍സംഘ് ചാലക് മറുപടി പറഞ്ഞത് എന്നതില്‍ നിന്നുതന്നെ ആ ചോദ്യങ്ങളുടെയും ഉത്തരങ്ങളുടേയും ബാലിശതകള്‍ ഏതൊരാള്‍ക്കും മനസിലാക്കാവുന്നതാണ്. ഒരു ചോദ്യം ബാബരി മസ്ജിദ്-രാമജന്മഭൂമി പ്രശ്‌നത്തെ കുറിച്ചായിരുന്നു. പതിവ് ആര്‍.എസ്.എസ് നിലപാട് ആവര്‍ത്തിക്കുക മാത്രമേ ഈ ചോദ്യത്തിനുള്ള മറുപടിയില്‍ ഭാഗവത് ചെയ്തുള്ളു. കോടതിവിധി എന്തു തന്നെയായാലും അവിടെ രാമക്ഷേത്രം പണിയുക തന്നെ ചെയ്യുമെന്ന നിലപാടിനെ 'രാമക്ഷേത്ര നിര്‍മാണത്തിന് മുസ്‌ലിംകള്‍ സഹകരിക്കുകയും പിന്തുണ നല്‍കുകയും ചെയ്യണമെന്നാണ് ആര്‍.എസ്.എസിന്റെ ആഗ്രഹം' എന്ന വിധത്തില്‍ മാറ്റിപ്പറഞ്ഞെന്നു മാത്രം.
ബി.ജെ.പിയും ആര്‍.എസ്.എസും തമ്മിലുള്ള ബന്ധത്തെയും ബി.ജെ.പിയെ സംഘടനാ സെക്രട്ടറിമാരിലൂടെ ആര്‍.എസ്.എസ് നിയന്ത്രിക്കുന്നതിനെയും കുറിച്ചുള്ള ചോദ്യത്തിന് 'ഏതു പാര്‍ട്ടിക്കാര്‍ ആവശ്യപ്പെട്ടാലും സെക്രട്ടറിമാരെ നല്‍കാം' എന്ന മറുപടിയില്‍ തെളിഞ്ഞത് പരിഹാസം മാത്രമാണ്. സംഘ്പരിവാറിന്റെ രാഷ്ട്രീയ പ്രസ്ഥാനം അഥവാ പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പിക്ക് ആര്‍.എസ്.എസുമായുള്ള രക്തബന്ധം മറച്ചുവെക്കുന്നില്ല ഭാഗവത്. പകരം ചെയ്തത് ആര്‍.എസ്.എസ് ബാന്ധവം പുലര്‍ത്താത്ത പാര്‍ട്ടികളെ കളിയാക്കുകയാണ്. ഗോരക്ഷയെക്കുറിച്ചുള്ള ചോദ്യത്തിന് ആളുകള്‍ നടത്തുന്ന കൊലപാതകങ്ങളെ ഗോരക്ഷയുടെ പേരില്‍ എഴുതരുതെന്ന് പതിവു നിലപാട് ആവര്‍ത്തിച്ചു.
മൊത്തത്തില്‍ മറുപടികളിലെല്ലാം നിറഞ്ഞു നിന്നത് കൃത്രിമത്വവും അപഹാസ്യമായ വാദഗതികളും ഇന്ത്യന്‍ സമൂഹത്തിന്റെ ചിന്താശേഷിയെത്തന്നെ വെല്ലുവിളിക്കുന്ന നുണകളുമാണ്. വരാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെയോ ആര്‍.എസ്.എസിനെയോ ഏതെങ്കിലും വിധത്തില്‍ സഹായിക്കുകയില്ല മോഹന്‍ ഭാഗവതിന്റെ ഡല്‍ഹി പ്രഭാഷണങ്ങള്‍. പ്രവീണ്‍ തൊഗാഡിയ പറയുന്നതുപോലെ ആര്‍.എസ്.എസ് ബി.ജെ.പി നേതൃത്വം ഇന്ത്യയിലെ ഹിന്ദുക്കളെ മാത്രമല്ല എല്ലാ പൗരന്മാരെയും ഒരേപോലെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും ഈ വഞ്ചനക്ക് 2019-ല്‍ തിരിച്ചടിയുണ്ടായേ തീരൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."