ഫെഡറേഷന് കപ്പ് ദേശീയ ജൂനിയര്‍ അത്ലറ്റിക്സ്: അവസാന ദിനത്തില്‍ സുവര്‍ണ നേട്ടമില്ലാതെ കേരളം
ലഖ്നൗ: ഫെഡറേഷന് കപ്പ് ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിന്റെ അവസാന ദിനത്തില്‍ കേരളത്തിന് സുവര്‍ണ നേട്ടമില്ല. അവസാന ദിനത്തില്‍ രണ്ട് വീതം വെള്ളിയും വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം. പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ ലിസ്ബത്ത് കരോലിന് ജോസഫും പെണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയിലുമാണ് കേരളത്തിന്റെ വെള്ളി നേട്ടം. ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ അബിന്‍ സാജനും പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അര്‍ഷിത എസുമാണ് വെങ്കലം നേടിയത്. മൂന്ന് ദിവസത്തെ ചാംപ്യന്‍ഷിപ്പില്‍ കേരളം മൂന്ന് സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമാണ് സമ്പാദിച്ചത്.
വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ ലിസ്ബത്ത് 12.54 മീറ്റര്‍ താണ്ടിയാണ് വെള്ളി നേടിയത്. പഞ്ചാബിന്റെ രേണു സ്വര്‍ണവും ജാര്‍ഖണ്ഡിന്റെ പ്രിയങ്ക കേര്കെട്ട വെങ്കലവും നേടി.
പെണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയില്‍ കേരളത്തിനായി ലിന്നറ്റ് ജോര്‍ജ്, സബിത സാജു, അര്‍ഷിത എസ്, അന്‍സ ബാബു എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്. 3.57.11 സെക്കന്‍ഡിലാണ് കേരളം ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ ഡല്‍ഹി സ്വര്‍ണവും തെലങ്കാന വെങ്കലവും നേടി. അതേസമയം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം നാലാം സ്ഥാനത്താണെത്തിയത്.
ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ 1.54.67 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് കേരളത്തിനായി അബിന്‍ സാജന് വെങ്കലം നേടിയത്. മഹാരാഷ്ട്രയുടെ അഭിജീത് ഹിര്കുഡ് സ്വര്‍ണവും ഹരിയാനയുടെ അങ്കിത് വെള്ളിയും നേടി. പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 1.04.34 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അര്‍ഷിതയുടെ വെങ്കല നേട്ടം. പശ്ചിമ ബംഗാളിന്റെ തിയാഷ സമദ്ദര്‍ സ്വര്‍ണവും ജാര്‍ഖണ്ഡിന്റെ അനുപ്രിയ കുമാരി വെള്ളിയും നേടി.
നാല് മലയാളി താരങ്ങള്‍ ദേശീയ ക്യാംപില്‍
ലഖ്നൗ: കേരളത്തിന്റെ നാല് താരങ്ങള്‍ ദേശീയ ക്യാംപിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലോങ് ജംപ്, ട്രിപ്പിള്‍ ജംപില്‍ നയന ജെയിംസ്, 1500, 5000, 10000 മീറ്ററില്‍ പി.യു ചിത്ര, 400 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയില്‍ അനു രാഘവന്, അനില്‍ഡ തോമസ് എന്നിവരാണ് ക്യാംപിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മലയാളി താരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."