HOME
DETAILS
MAL
പ്രതിഷേധം കടുപ്പിച്ച് ഫ്ളാറ്റ് ഉടമകള്‍, നടപടികളുമായി മുന്നോട്ടെന്ന് നഗരസഭ, പൊളിക്കുന്നുവെങ്കില്‍ തങ്ങളുടെ മുകളിലൂടെയെന്നും താമസക്കാര്‍
backup
September 13 2019 | 05:09 AM
കൊച്ചി: മരടിലെ ഫ്ളാറ്റുടമകള്‍ സമരവും പ്രതിഷേധവും കടുപ്പിക്കുന്നു. ഏതു വിധേനയുമുള്ള സമര പരിപാടിക്കും നിയമ പോരാട്ടത്തിനും തന്നെയാണിവര്‍ ഒരുങ്ങുന്നത്. നിയമ നടപടിയില്‍ പരാജയപ്പെട്ടാലും തങ്ങള്‍ ഫ്ളാറ്റില്‍ നിന്നിറങ്ങില്ല. പൊളിക്കുകയാണെങ്കില്‍ തങ്ങളെ ഫ്ളാറ്റിനുള്ളില്‍ മൂടിയിട്ടേ പൊളിക്കാവൂ എന്നുമാണിവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. തങ്ങള്‍ക്കു മുമ്പില്‍ മറ്റു വഴികളില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേ സമയം നഗരസഭയുടെ നോട്ടിസിനും ഫ്ളാറ്റുടമകള്‍ മറുപടി നല്കി. അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫ്ളാറ്റുകളില്‍ നിന്നൊഴിഞ്ഞുപോകില്ലെന്നാണ് മറുപടിയിലൂടെ ഉടമകള്‍ വ്യക്തമാക്കിയത്. 12 ഫ്ളാറ്റ് ഉടമകളാണ് നഗരസഭയ്ക്ക് മറുപടി നല്‍കിയത്. നോട്ടിസ് നല്‍കിയത് നിയമാനുസൃതമല്ലെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. ഇതിനെതിരേ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. നാളെ മുതല്‍ മരട് നഗരസഭക്കുമുന്നില്‍ ധര്‍ണ നടത്തും.
ഫ്ളാറ്റിനു മുന്നില്‍ പന്തല്‍ കെട്ടി അനിശ്ചിതകാല റിലേ സത്യഗ്രഹം തുടങ്ങാനാണ് പരിപാടി. വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലില്‍ പ്രതീക്ഷയുണ്ട്. അതേ സമയം ഫ്ളാറ്റുകളില്‍ നിന്നൊഴിയണമെന്ന് നിര്‍ദ്ദേശിച്ചുള്ള നോട്ടിസിന്റെ കാലാവധി നാളെ അവസാനിക്കുകയാണ്. അപ്പോഴാണ് സമരവും നിയമനടപടിയുമായി ഒരുപോലെ ഇവര്‍ മുന്നോട്ടുപോകുന്നത്.
അതേ സമയം നടപടികളുമായി മുന്നോട്ടുപോകുമെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ നിര്‍ദേശം ലഭിക്കുന്നതിനനുസരിച്ച് അതുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു. 12 ഫ്ളാറ്റ് ഉടമകളുടെ മറുപടി ലഭിച്ചു. മറുപടി ജില്ലാ കലക്ടര്‍ക്ക് കൈമാറിയതായും നഗരസഭ സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."