കഠിനാധ്വാനം, വിജയത്തിന്റെ സൂത്രവാക്യം
''നമ്മുടെ പ്രതിഭയോടൊപ്പം കഠിനാധ്വാനവും ദൃഢനിശ്ചയവും ഉണ്ടെങ്കിലേ വിജയം നേടാനാവൂ''മിടുക്കര്‍ മാത്രം മാറ്റുരക്കുന്ന ജെ.ഇ.ഇ അഡ്വാന്‍സ് എന്‍ട്രന്‍സ് പരീക്ഷയില്‍ നാലാം റാങ്കും മെയിന്‍ പരീക്ഷയില്‍ എട്ടാം റാങ്കുകാരനുമായ ഷാഫില്‍ മാഹിന്റേതാണ് ഈ വാക്കുകള്‍.
ഉത്തരേന്ത്യക്കാരുടെ കുത്തകയായിരുന്നു രാജ്യത്തെ ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ. എന്നാല്‍ അതില്‍ ആദ്യ ശ്രമത്തില്‍ തന്നെ ഷാഫില്‍ നേടിയത് എട്ടാം റാങ്ക്. മലയാളികള്‍ക്കും ദക്ഷിണേന്ത്യക്കാര്‍ക്കും ഒന്നാം റാങ്കിന്റെ പത്തരമാറ്റാണ് ഈ അംഗീകാരം നേടിത്തരുന്നത്. പരീക്ഷയിലെ രണ്ട് പേപ്പറുകളിലായി 366 ല്‍ 331 മാര്‍ക്കാണ് ഷാഫില്‍ നേടിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ ഐ.എ.എസുകാരനായ രാജു നാരായണ സ്വാമി പത്താം റാങ്ക് നേടിയിരുന്നു. എന്നാല്‍ അതിനെയും മറികടന്നാണ് ഷാഫില്‍ ഈ അപൂര്‍വനേട്ടം കേരളത്തിലേക്ക് കൊണ്ടു വന്നിരിക്കുന്നത്. കേരളത്തില്‍ നിന്ന് ഒരു വിദ്യാര്‍ഥി നേടുന്ന ഏറ്റവും മികച്ച റാങ്കാണ് ഷാഫിലിന്റേതെന്ന് ബോധ്യമാകുമ്പോഴാണ് അവനെ മനസ് നിറഞ്ഞ് അംഗീകരിക്കുക. അതിന്റെ മഹത്വം വ്യക്തമാകുക.
ഗണിത
ശാസ്ത്രജ്ഞനാവണം
കുഞ്ഞു നാളിലേ മിടുക്കനായിരുന്നു ഷാഫില്‍. അവന്റെ കളിപ്പാട്ടങ്ങളിലെല്ലാം ഗണിതചിഹ്നങ്ങള്‍ ഇടംപിടിച്ചു. സംഖ്യകളും സൂത്രവാക്യങ്ങളും നൃത്തം വരച്ചു. സ്‌കൂള്‍ പഠന കാലത്ത് ഏറ്റവും ശ്രദ്ധയൂന്നിയതും കണക്കില്‍ തന്നെ. എന്നാല്‍ ഏറ്റവും കൂടുതല്‍ സംശയങ്ങളുള്ളതും ഗണിതത്തില്‍ തന്നെയാണെന്ന് പിതാവ് പറയുന്നു. കണക്കും കണക്കിലെ കളികളുമാണെനിക്കിഷ്ടം. എന്‍ജിനീയറാവുന്നതിനേക്കാള്‍ താല്‍പര്യം ഒരു ഗണിത ശാസ്ത്രജ്ഞനാവാനാണ്. ഷാഫില്‍ പറയുന്നു. ബംഗ്ലൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പഠിക്കണം. ജര്‍മന്‍ ശാസ്ത്രജ്ഞന്‍ ഫെഡ്രിക് ഗോസിന്റെ നേട്ടങ്ങളാണ് കണക്കിലേക്ക് തന്നെ ആകര്‍ഷിച്ചതെന്നും ഷാഫില്‍.
വിനോദത്തിന്
സമയം കണ്ടെത്തണം
വലിയ സംസാര പ്രിയനല്ല ഷാഫില്‍. ഇഷ്ട വിനോദമാകട്ടെ കംപ്യൂട്ടര്‍ ഗെയിമിങ്ങും. കണക്കുമായി ബന്ധപ്പെട്ട ഇത്തരം കളികള്‍ക്കായി ദിനേന ഒരു മണിക്കൂറോളം ചെലവഴിക്കും. ഗണിത ശാസ്ത്രജ്ഞന്‍മാരുടെ നേട്ടങ്ങളും ജീവചരിത്രവും ചികഞ്ഞെടുക്കും. ഗണിതവുമായി ബന്ധപ്പെട്ട എല്ലാ ക്വിസ് മത്സരങ്ങളിലും പങ്കെടുക്കും. മൂന്നാം ക്ലാസ് മുതല്‍ കരാട്ടെയിലും പരിശീലിക്കുന്നുണ്ട്. ഏഴാം ക്ലാസില്‍ നിന്ന് ബ്ലാക്ക് ബെല്‍റ്റും ഒമ്പതില്‍ പഠിക്കുമ്പോള്‍ ഫസ്റ്റ്ഡാന്‍ ബ്ലാക്ക് ബെല്‍റ്റും നേടാനായിട്ടുണ്ട്.
ജെ.ഇ.ഇ വിജയത്തിനു പിന്നില്‍
ചിട്ടയായ പഠനം. ഏകാഗ്രതയും ദൃഢനിശ്ചയവും. കഠിനാധ്വാനവുമാണ് വിജയത്തിനു പിന്നിലെ സൂത്രവാക്യങ്ങള്‍. മറ്റു കുറുക്കു വഴികളൊന്നുമില്ല. പ്ലസ് വണ്‍ മുതല്‍ ഈ സ്വപ്‌നമുണ്ട് മനസില്‍. അന്നു മുതല്‍ അതിന്റെ പിന്നാലെയായി യാത്ര. പരിശീലനവും തുടങ്ങി. മുന്‍വര്‍ഷത്തെ ചോദ്യക്കടലാസുകള്‍ക്ക് ഉത്തരം കണ്ടെത്തി. ദിവസവും ഏഴു മണിക്കൂര്‍ പഠനത്തിനായി മാറ്റിവച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെ റാങ്ക് ജേതാക്കളുടെ പഠനരീതി മനസിലാക്കിയായിരുന്നു തയാറെടുപ്പ്.
ഇത് കൂടുതല്‍ ഗുണം ചെയ്തു. വീട്ടുകാരുടെ പിന്തുണയും വിജയത്തില്‍ പ്രധാന ഘടകമാണ്. തിരൂര്‍ ബി. പി അങ്ങാടി സ്വദേശികളായ ഞങ്ങള്‍ എന്റെ പഠനത്തിനുവേണ്ടി മാത്രമായാണ് കോഴിക്കോട്ടേക്ക് താമസം മാറിയത്. തിരൂര്‍ പോളിടെക്‌നിക് കോളജിലെ അധ്യാപകനായ കെ.എ നിയാസാണ് പിതാവ്. മാതാവ് ഷംജിത കാവനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ്. അവര്‍ എനിക്കു വേണ്ടി ഏറെ പ്രയത്‌നിച്ചിട്ടുണ്ട്. പ്ലസ്ടുവിന് പഠിച്ച കോഴിക്കോട്ടെ റെയ്‌സ് പബ്ലിക് സ്‌കൂളിലെ അധ്യാപകരും കൂട്ടുകാരും തന്ന പിന്തുണയും വിജയത്തിനു പിന്നിലെ പ്രധാനഘടകങ്ങളാണ്.
പ്രധാന നേട്ടങ്ങള്‍
കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും തിരൂര്‍ എം.ഇ.എസ് സ്‌കൂളിലുമാണ് പത്താം ക്ലാസ് വരെ പഠിച്ചത്. എസ്.എസ്.എല്‍.സിക്കും പ്ലസ്ടുവിനും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു. ആറാം ക്ലാസ് മുതല്‍ സയന്‍സ് ഒളിംപ്യാഡ് ഫൗണ്ടേഷന്റെ മാത്‌സ് ഒളിംപ്യാഡില്‍ മികച്ച നേട്ടവും സ്വന്തമാക്കി. പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ദേശീയ തലത്തില്‍ പതിനൊന്നാം റാങ്കും, പ്ലസ്ടുവില്‍ നിന്ന് ഏഴാം റാങ്കും സ്വന്തമാക്കി. സി.ബി.എസ്.ഇ അഖിലേന്ത്യാ പ്രൊഫിഷന്‍സി ടെസ്റ്റില്‍ ഗണിതത്തില്‍ 99.97 ശതമാനം മാര്‍ക്കും നേടാനായി.
കൂട്ടുകാരോട് പറയാനുള്ളത്
അധ്യാപകര്‍ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് മുന്‍പേ പാഠങ്ങള്‍ പഠിക്കാന്‍ ശ്രമിക്കണം. ഇത് സംശയ നിവാരണത്തിന് കൂടുതല്‍ ഗുണം ചെയ്യും. ഗണിതം മറ്റു വിഷയങ്ങളെ അപേക്ഷിച്ച് എളുപ്പമാണ്. കണക്കിലെ സമവാക്യങ്ങള്‍ കാണാതെ പഠിച്ചാല്‍ മാത്രം പോര.
തെളിവ് സഹിതം പഠിക്കാന്‍ ശ്രമിക്കണമെന്നാണ് കണക്കിനെ പേടിക്കുന്ന കൂട്ടുകാരാട് ഷാഫിലിന് പറയാനുള്ളത്. വിരല്‍ തുമ്പില്‍ വിജ്ഞാനം ലഭ്യമാവുന്ന ഇക്കാലത്ത് ഇന്റര്‍നെറ്റിന്റെ സാധ്യതകളും കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."