റമദാന്‍: ജീവിത വിശുദ്ധിയുടെയും പശ്ചാതാപത്തിന്റേയും മാസം
ആരാധനകളുടെ ലക്ഷ്യം പിഴക്കുകയും, അര്‍ഥം നഷ്ടപ്പെടുകയും, ചൈതന്യം ചോര്‍ന്നു പോവുകയും ചെയ്യുന്ന ആത്മീയതയാണ് ഇന്നെവിടെയും. ജീവിതത്തിന്റെ ലക്ഷ്യം അത് ആവോളം ആസ്വദിക്കലാണെന്ന് അംഗീകരിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തലമുറയാണ് വളര്‍ന്ന് വരുന്നത്. സൃഷ്ടാവിന്റെ കാരുണ്യമറിയാത്ത ഇക്കൂട്ടര്‍ യഥാര്‍ഥ മതമൂല്യങ്ങളെ വികലമാക്കുന്നു. യഥാര്‍ഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം വിശുദ്ധ റമദാന്‍ പുണ്യങ്ങളുടെ പൂക്കാലമാണ്. സൃഷ്ടാവിലേക്കടുക്കാനും, കരുണ ലഭിക്കാനും, ചെയ്തുപോയ തെറ്റുകളില്‍നിന്ന് പശ്ചാത്തപിക്കാനും, സ്വര്‍ഗ പ്രവേശനം നേടാനും ഉചിതമായ മാര്‍ഗം. ആയിരം മാസങ്ങളേക്കാള്‍ ഉത്തമമായ ലൈലത്തുല്‍ ഖദര്‍ റമളാന്‍ മാസത്തിലെ അനുഗ്രഹീതമായ ഒരു രാത്രിയാണ്. ആ രാത്രിയിലാണ് മാനവരാശിയുടേയും, വിശിഷ്യാ ഇസ്‌ലാമിക സമൂഹത്തിന്റേയും സമ്പൂര്‍ണ ജീവിത മാര്‍ഗദര്‍ശന ഗ്രന്ഥമായ പരിശുദ്ധ ഖുര്‍ആനിന്റെ അവതരണം നടന്നത്. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ആ രാത്രിയില്‍ മലക്കുകള്‍ കൂട്ടത്തോടെ ഇറങ്ങി വരികയും, മനുഷ്യരുടെ കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യുമെന്ന് ഖുര്‍ആന്‍ പറയുന്നു.
എന്നാല്‍ ആ പവിത്രമായ നോമ്പിന്റെയും മാസത്തിന്റേയും യഥാര്‍ഥ ലക്ഷ്യങ്ങളേയും, അന്തഃസത്തയേയും തള്ളിക്കളയുന്ന പ്രവര്‍ത്തനങ്ങള്‍ വിശ്വാസികളായവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു എന്നത് പരസ്യമായ രഹസ്യമാണ്. മതത്തെ മറയാക്കുന്ന ഇത്തരം നീക്കങ്ങള്‍ അനുവദിച്ചു കൂടാ. പലര്‍ക്കുമിന്ന് മതമൊരു മറയാണ്. അവരവരുടെ മലിനവികാരങ്ങളും, മ്ലേച്ച പ്രവര്‍ത്തികളും മറച്ചുവെക്കാനുള്ള മേലങ്കി. മതം ഇന്ന് അധികപേര്‍ക്കും ആചരിക്കാനും അനുഷ്ഠിക്കാനുമുള്ളതല്ല. മറിച്ച് പാവങ്ങളേയും സാധാരണക്കാരനേയും വികാരം കൊള്ളിക്കാനുള്ളതായിമാറുന്നു. നെറ്റിയില്‍ നിറഞ്ഞു നില്‍ക്കുന്ന നിസ്‌കാരത്തഴമ്പും, കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന കുരിശും, നെറ്റിയില്‍ തെളിഞ്ഞു കാണുന്ന ചന്ദനക്കുറിയും ഇന്ന് ജീവിത വിശുദ്ധിയുടേയോ ആത്മസംസ്‌കരണത്തിന്റേയോ അടയാളമല്ലാതായിരിക്കുന്നു. എന്നാല്‍ നോമ്പെടുക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അതിലൂടെ അവന്‍ നേടേണ്ടത് ജീവിത വിശുദ്ധിയാണ്. മതവിശ്വാസം മതവികാരത്തിനും, മതബോധം മതവാദത്തിനും, പരലോക ചിന്ത പണക്കൊതിക്കും വഴിമാറുന്നതില്‍നിന്നും നോമ്പ് ഒരോ വിശ്വാസിയേയും തടയുന്നു.
സമ്പത്തിനും, സ്ഥാനമാനങ്ങള്‍ക്കും വേണ്ടി ആദര്‍ശവാദികള്‍ പോലും അടിയറവ് പറയുന്ന കാലത്ത് അധര്‍മത്തിനെതിരേ അന്ത്യം വരെ അടരാടാന്‍ ഓരോ വിശ്വാസിക്കും റമദാന്‍ പ്രചോദനമാകണം. ബദറിന്റെ സന്ദേശം അതാണ്. വിശുദ്ധ റമദാനിലാണ് അധര്‍മത്തിനെതിരേ പ്രവാചകന്റെ നേതൃത്വത്തില്‍ മുന്നൂറ്റിപ്പതിമൂന്ന് സ്വഹാബിമാര്‍ ധര്‍മയുദ്ധം നടത്തിയത്. അതിനാല്‍ സൃഷ്ടിപരമായ സത്യം അറിഞ്ഞ് സ്വന്തത്തെ സൃഷ്ടാവിന് സമര്‍പിക്കാനും പ്രകൃതിയോട് നീതി പുലര്‍ത്താനും, മനഃശ്ശാന്തിയും, ആത്മനിര്‍വൃതിയും ആര്‍ജിക്കാനും സഹജീവികളോട് കാരുണ്യമുള്ളവനാകാനും പശ്ചാതാപമുള്ളവനകാനുമാണ് വിശുദ്ധ റമദാനില്‍ ഓരോ വിശ്വാസിയും നോമ്പ് അനുഷ്ടിക്കേണ്ടത്.
നോമ്പ് പശ്ചാതാപത്തിന്റെ മാസം കൂടിയാണ്. സൃഷ്ടാവ് തന്റെ അടിമകളോട് അങ്ങേയറ്റം കാരുണ്യമുള്ളവനും, പശ്ചാതാപം സ്വീകരിക്കുന്നവനുമാണെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ദൈവത്തില്‍നിന്ന് ജീവനും ജീവിത വിഭവങ്ങളും സ്വീകരിച്ച് ഭൂമിയില്‍ വന്ന മനുഷ്യര്‍ അവനെ ധിക്കരിച്ച് ജീവിക്കുമ്പോഴും പ്രതികാരം ചെയ്ത് ശിക്ഷിക്കാതിരിക്കുന്നത് തന്നെ ദൈവത്തിന്റെ മഹത്തായ ഔദാര്യമാണ്.
ഭൂമിയില്‍ ജീവിക്കുന്ന ഏതൊരാളും എന്തെങ്കിലുമൊക്കെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. ശരി തെറ്റുകള്‍ ചെയ്യുന്ന നമ്മളില്‍ അപരാധങ്ങളിലകപ്പെടാത്ത ആരുമുണ്ടാകില്ല. മനുഷ്യമനസാകട്ടെ പാപങ്ങള്‍ക്ക് നമ്മെ പ്രേരിപ്പിച്ച് കൊണ്ടിരിക്കും. അതിനാല്‍ തന്നെ പാപപങ്കിലമായ പലരും പശ്ചാതാപത്തെപറ്റി പ്രതീക്ഷ അസ്തമിച്ചവരായിരിക്കും. ദൈവം കരുണാമയനും, തന്റെ സൃഷ്ടികളോട് അതിരറ്റ സ്‌നേഹമുള്ളവനുമാണ്. പ്രവാചകന്‍ മുഹമ്മദ് നബി(സ) പറയുന്നു. ദിവസവും സൂര്യനുദിക്കുമ്പോള്‍ ആകാശം റബ്ബിനോട് പറയുന്നു. എനിക്ക് സമ്മതം തരൂ. ഞാന്‍ മനുഷ്യന്റെ മേല്‍ പൊളിഞ്ഞു വീഴാം. അവന്‍ നിന്റെ അനുഗ്രഹങ്ങള്‍ അനുഭവിക്കുകയും എന്നിട്ട് നന്ദികേട് കാണിക്കുകയും ചെയ്യുന്നു. ഭൂമി പറയുന്നു. സൃഷ്ടാവേ സമ്മതം തരൂ. ഞാന്‍ മനുഷ്യനെ വിഴുങ്ങാം. അവന്‍ നിന്റെ അനുഗ്രഹങ്ങള്‍ അനുഭവിക്കുന്നതോടൊപ്പം നന്ദികേട് കാണിക്കുന്നു. പര്‍വതങ്ങള്‍ പറയുന്നു. നാഥാ. സമ്മതം തരൂ. ഞങ്ങള്‍ മനുഷ്യന് മേല്‍ പതിച്ച് കൊള്ളാം. അവന്‍ നിന്റെ അനുഗ്രഹങ്ങളനുഭവിച്ച് നന്ദികേട് കാണിക്കുന്നു. അള്ളാഹു മറുപടി പറയുന്നു. നിങ്ങളാണവനെ സൃഷ്ടിച്ചതെങ്കില്‍ നിങ്ങളവനോട് കരുണ കാണിക്കുമായിരുന്നു. അതിനാല്‍ എന്നേയും എന്റെ സൃഷ്ടികളേയും നിങ്ങള്‍ വെറുതെ വിടുക. ഇതാണ് ദൈവിക സ്‌നേഹം. അതിനാല്‍ പശ്ചാതപിക്കുന്നവരെ പാപമുക്തനാക്കുന്ന സ്‌നേഹനിധിയാണ് സൃഷ്ടാവ്.
വിശുദ്ധ റമദാനിലെ ആദ്യപത്ത് കാരുണ്യത്തിന്റേയും, രണ്ടാമത്തെ പത്ത് പശ്ചാതാപത്തിന്റേയും, മൂന്നാമത്തെ പത്ത് നരക മോചനത്തിനേതുമാണെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു. ഗതകാല ജീവിതത്തിലെ മാലിന്യങ്ങള്‍ കഴുകിക്കളയാനുള്ള അപൂര്‍വ അവസരമാണ് വിശുദ്ധ റമദാന്‍. പശ്ചാതപിക്കുന്നവര്‍ക്കൊക്കെയും റബ്ബ് പാപമോചനം നല്‍കുമെന്നും ജീവിത വിശുദ്ധിയുടെ വഴിയിലേക്ക് ഏതു പാപിക്കും തിരിച്ചു വരാമെന്നും അതിനുള്ള ഉത്തമ മാസമാണ് വിശുദ്ധ റമളാനെന്നും നോമ്പനുഷ്ടിക്കുന്നവരും, മനുഷ്യസമൂഹവും തിരിച്ചറിയണം. നൂറു പേരെ കൊലപ്പെടുത്തിയ കിരാതനായ കൊള്ളക്കാരന്റെ പശ്ചാതാപം റബ്ബ് അംഗീകരിച്ചതായി മുഹമ്മദ് നബി(സ) മാനവരാശിയെ പഠിപ്പിച്ചിട്ടുണ്ട്. അതിനാല്‍ റമദാനിലൂടെ വിശ്വാസ സമൂഹം പരിശ്രമിക്കേണ്ടത് ആത്മാവുള്ള അത്മീയതയിലധിഷ്ഠിതമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനാണ്. പരിശുദ്ധ റമദാന്‍ സല്‍ക്കര്‍മങ്ങള്‍ കൊണ്ട് സാക്ഷി നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ അല്ലാഹുനമ്മെ ഉള്‍പ്പെടുത്തട്ടെ.
(സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗമാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."