പൗരത്വപ്പട്ടികയുടെ പൂര്‍ണ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു, ഡിറ്റന്‍ഷന്‍ ക്യാംപുകളിലേക്ക് മാറ്റാനുള്ള നടപടികള്‍ ഉടന്‍
ന്യൂഡല്‍ഹി: പൗരത്വപ്പട്ടികയിലുള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കിയ 3.30 കോടി പേരുടെ മുഴുവന്‍ പേരുവിവരങ്ങളും എന്‍.ആര്‍.സി പ്രസിദ്ധീകരിച്ചു. പൗരത്വപ്പട്ടിക വെബ്‌സൈറ്റിലാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെടുത്തിയവരുടെയും ഉള്‍പ്പെടുത്താത്തവരുടെയും പേരുകള്‍ പേരുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമര്‍പ്പിച്ച രേഖകള്‍, എതിര്‍പ്പ് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും പ്രസിദ്ധീകരിച്ചവയില്‍ ഉള്‍പ്പെടും. പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് ഫോറിനേഴ്‌സ് ട്രൈബ്യൂണലിനെ സമീപിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് മുഴുവന്‍ വിവരങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പട്ടികയില്‍ നിന്ന് പുറത്തായവര്‍ നിരസിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കലാണ് അടുത്ത നടപടി. ഇതിനായി നാഗരിക് സേവാ കേന്ദ്രങ്ങള്‍ വഴി അപേക്ഷ നല്‍കണം. ഇതിനുള്ള നടപടികള്‍ വൈകാതെ ആരംഭിക്കും. അപേക്ഷിച്ചവര്‍ക്ക് ജില്ലാ കമ്മീഷണര്‍ ഓഫീസ് വഴി 10 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കും. സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്ത് 120 ദിവസത്തിനുള്ളിലാണ് ഫോറിനേഴ്‌സ് ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കേണ്ടത്. ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയായിരിക്കും ട്രൈബ്യൂണലിലെ കേസ് നടപടികള്‍ പരമാവധി നീളുക. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ കേസുകളും തീര്‍പ്പാക്കിയിരിക്കണമെന്ന് ട്രൈബ്യൂണലിന് നിര്‍ദ്ദേശമുണ്ട്.
ട്രൈബ്യൂണല്‍ വിദേശിയായി പ്രഖ്യാപിച്ചാല്‍ ഇവരെ ഡിറ്റന്‍ഷന്‍ ക്യാംപുകളിലേക്ക് മാറ്റാനുള്ള നടപടികള്‍ തുടങ്ങും. 19 ലക്ഷം പേരാണ് നിലവില്‍ പട്ടികയില്‍ നിന്ന പുറത്തായത്. എന്നാല്‍ ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം പോലും നിലവില്‍ ഡിറ്റന്‍ഷന്‍ ക്യാംപുകളിലില്ല. നിലവില്‍ ആറു ഡിറ്റന്‍ഷന്‍ ക്യാംപുകളും പുതുതായി പണിയുന്ന കോണ്‍സന്‍ട്രേഷന്‍ ക്യാംപും കൂടാതെ 31 ജയിലുകളാണ് അസമിലുള്ളത്. ഇതില്‍ ആറെണ്ണം സെന്‍ട്രല്‍ ജയിലുകളും 22 എണ്ണം ജില്ലാ ജയിലുകളുമാണ്. ഒരു സ്‌പെഷ്യല്‍ ജയിലും ഒരു ഓപ്പണ്‍ എയര്‍ ജയിലും ഒരു സബ്ജയിലുമുണ്ട്. ബാക്കിവരുന്നവരെ ഇവിടെ പാര്‍പ്പിക്കുമോയെന്ന കാര്യം വ്യക്തമല്ല. ഈ ജയിലുകളിലെല്ലാം നിലവില്‍ തടവുകാരുടെ ബാഹുല്യമുണ്ട്. 31 ജയിലുകളിലെല്ലാം കൂടി 8,888 തടവുകാരെ മാത്രമാണ് ഉള്‍ക്കൊള്ളിക്കാനാവുക. എന്നാല്‍ നിലവില്‍ 2018 മെയ് 15 വരെയുള്ള കണക്ക് പ്രകാരം അവിടെ 8,946 തടവുകാരുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."