ശബരിമലയിലെ ആക്രമണങ്ങളില്‍ ജുഡിഷ്യല്‍ അന്വേഷണം; ഇടപെടാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ ആക്രമണങ്ങളില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഇപെടാനാവില്ലെന്ന് ഹൈക്കോടതി. ശബരിമലയിലെ സുരക്ഷ സര്‍ക്കാരിന്റെ വിവേചനാധികാരമാണ്. കോടതിക്ക് ഇടപെടുന്നതിന് പരിമിതിയുണ്ട്.
ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാരിന് മുന്‍കൂട്ടി നിര്‍ദേശം നല്‍കാനാകില്ലെന്നും വീഴ്ചകള്‍വന്നാല്‍ ചൂണ്ടിക്കാട്ടാനേ കോടതിക്കാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.
കഴിഞ്ഞ 17 മുതല്‍ 20 വരെ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും നടന്ന അക്രമസംഭവങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ രാജേന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്. രഹ്ന മനോജ് ശബരിമലയില്‍ എത്തിയതിനുപിന്നില്‍ ഗൂഢാലോചനയുണ്ട്. ഐ.ജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവര്‍ക്കെതിരേ അന്വേഷണം വേണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം ദേവസ്വം ബോര്‍ഡിന്റെ അധികാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
ലക്ഷക്കണിക്കിന് തീര്‍ഥാടകര്‍ വരുന്ന ശബരിമലയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ പൂര്‍ണമായി തടയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാരെടുക്കുന്ന തീരുമാനങ്ങള്‍ കോടതിയില്‍ നിന്ന് മറച്ചുവയ്ക്കരുത്. തീരുമാനങ്ങള്‍ യഥാസമയം അറിയിക്കാന്‍ സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് പി.ആര്‍ രാമചന്ദ്രമേനോന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഹരജി പിന്‍വലിക്കുകയാണെന്ന് ഹരജിഭാഗം കോടതിയില്‍ ബോധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."