തീര്‍ഥാടകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഹറം സെന്ററില്‍ 2200 നിരീക്ഷണ കാമറകള്‍
ജിദ്ദ: റമദാനില്‍ അവസാന നാളുകളില്‍ മക്കയിലെത്തുന്ന തീര്‍ഥാടകരുടെയും പ്രാര്‍ഥനയ്‌ക്കെത്തുന്നവരുടെയും നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഹറം സെന്ററില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു.
2200 കാമറകളാണ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ പബ്ലിക്ക് സെക്യൂരിറ്റി വിഭാഗം സ്ഥാപിച്ചിരിക്കുന്നത്. മിനയിലെ മക്ക പബ്ലിക്ക് സെക്യൂരിറ്റി ഹെഡ്ക്വാര്‍ട്ടേഴ്‌സുവഴി 24 മണിക്കൂറും കാമറ നിരീക്ഷിക്കുമെന്ന് സെന്റര്‍ കമാന്‍ഡര്‍ കേണല്‍ തരീഖ് ബിന്‍ അഹ്മദ് അല്‍ ഖോബന്‍ പറഞ്ഞു. തീര്‍ഥാടകരുടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കും.
മക്ക അമീര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഇതിനു പുറമെ മക്കയില്‍ നിയമാനുസൃതമല്ലാത്ത പ്രാര്‍ഥനകള്‍ക്ക് താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ കഅ്ബ, സഫ, മര്‍വ ഏരിയകള്‍ എന്നിവിടങ്ങളില്‍ ചില തീര്‍ഥാടകര്‍ പ്രാര്‍ഥന നടത്തുന്നുണ്ട്. ഇതിനാണ് നിരോധനം.
ഹറം മേഖലയില്‍ തിരക്കേറുന്ന സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് വിവരം സെക്യൂരിറ്റി കാമറകള്‍ നല്‍കും. ഇവിടെനിന്നു തീര്‍ഥാടകരെ തിരിച്ചുവിട്ട് തിരക്ക് നിയന്ത്രിക്കാനും സാധിക്കും. ഇതിന് പുറമെ വാഹനങ്ങളുടെ യാത്രയെ നിയന്ത്രിക്കാനും പുതുതായി സ്ഥാപിച്ചിട്ടുള്ള സെന്റര്‍ വഴി സാധിക്കും.
മക്കയില്‍ തിരക്കേറിയതോടെ ആകാശനിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. അത്യാധുനിക സജീകരണങ്ങളുള്ള ഹെലികോപ്റ്ററുകള്‍ സദാ മക്കയുടെ മാനത്ത് സുരക്ഷാകണ്ണുകളുമായി റോന്ത് ചുറ്റുന്നുണ്ട്. ഏത് അടിയന്തിരസാഹചര്യങ്ങളെയും മുന്‍കൂട്ടി കാണാനും ഇടപെടാനുമുള്ള എല്ലാ സംവിധാനങ്ങളുമായാണിവ പറക്കുന്നത്. പതിവു പോലെ ഇത്തവണയും റമദാന്‍ ആദ്യം മുതല്‍ സുരക്ഷ വകുപ്പിനു കീഴിലെ ഹെലികോപ്റ്ററുകള്‍ നിരീക്ഷണത്തിനും സേവനത്തിനുമായി രംഗത്തുണ്ട്.
ഒമ്പത് ഹെലികോപ്റ്ററുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. സുരക്ഷക്ക് പുറമെ ട്രാഫിക് കുരുക്കുകള്‍, തീര്‍ഥാടകരുടെ തിരക്ക് എന്നിവ നിരീക്ഷിക്കാനും റിപ്പോര്‍ട്ടുകളും ദൃശ്യങ്ങളും കണ്‍ട്രോള്‍ റൂമിലേക്ക് നല്‍കാനും അടിയന്തിര ആരോഗ്യ സേവനത്തിനുമാണ് ഹെലികോപ്റ്ററുകള്‍ പറക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."