നെല്‍പ്പാടം നികത്തി മാവ് കൃഷി വ്യാപകം; നടപടിയില്ലാതെ കൃഷിവകുപ്പ്
മുതലമട: ഇരുപൂവല്‍ നെല്‍പ്പാടം നികത്തി മാവ് കൃഷി വ്യാപകം. മുതലമട, കൊല്ലങ്കോട്, പട്ടഞ്ചേരി, പെരുമാട്ടി, എലവഞ്ചേരി എന്നീ പഞ്ചായത്തുകളിലാണ് 200 ഏക്കറിലധികം നെല്‍പാട ശേഖരങ്ങളില്‍ മാവുകൃഷി ആരംഭിച്ചിട്ടുള്ളത്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം കാറ്റില്‍ പറത്തി നടത്തുന്ന മാവുകൃഷി പരിവര്‍ത്തനങ്ങള്‍ക്കെതിരേ കൃഷിവകുപ്പ് മൗനം പാലിക്കുന്നതായി നെല്‍ ഉല്‍പാദക പാടശേഖര സമിതി ഭാരവാഹികള്‍ ആരോപിച്ചു.
നിയമം മറികടന്ന് ഇരുപൂവല്‍ പാടശേഖരങ്ങളില്‍ മണ്ണ് ഒരുക്കി വ്യാപകമായ തോതില്‍ മാവിന്‍തൈകള്‍ നടുപിടിപ്പിക്കുന്നതിനെതിരേ കൃഷി വകുപ്പിന് പരാതികള്‍ നല്‍കിയിട്ടും ഫലമില്ലെന്നാണ് മുതലമടയിലെ നെല്‍കര്‍ഷകര്‍ പറയുന്നത്. നീരൊഴുക്ക് തടസപെടുത്തി മാവിന്‍തൈകള്‍ വച്ചുപിടിപ്പിക്കുന്നതിനാല്‍ സമീപ നെല്‍പ്പാടശേഖരങ്ങളില്‍ വെള്ളമെത്താതെ പ്രയാസപ്പെടുകയാണ് നെല്‍കര്‍ഷകര്‍.
മാവ് കൃഷിവ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷിവകുപ്പ് തന്നെ സാമ്പത്തിക സഹായം മുതലമടയിലും പരിസരപഞ്ചായത്തുകളിലും ചെയ്തു കൊടുക്കുന്നതിനാലാണ് നെല്‍കൃഷിയിലെ മാവിന്‍തോട്ടവല്‍ക്കരണം ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വ്യാപകമാകുന്നതെന്ന് നെല്‍കര്‍ഷകര്‍ ആരോപിക്കുന്നു.
ഉല്‍പാദന ബോണസ് ഉള്‍പ്പെടെ നെല്‍കൃഷിക്കുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങിയെടുത്ത് മാവിന്‍ തോട്ടങ്ങളാക്കിയ ഏക്കര്‍ കണക്കിന് പാടശേഖരങ്ങള്‍ മുതലമടയിലും, കൊല്ലങ്കോട്ടിലും ഉണ്ട്. മാസങ്ങള്‍ക്കു മുന്‍പ് കൃഷിവകുപ്പ് മന്ത്രി സുനില്‍ കുമാര്‍ മുതലമട സന്ദര്‍ശിച്ച് മാങ്ങ കാര്‍ഷികമേഖലക്ക് ഏഴ് കോടിയിലധികം രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ മറവില്‍ മുതലമടയിലും പരിസര പഞ്ചായത്തുകളിലും നെല്‍പാടശേഖരങ്ങളെ ഇല്ലാതാക്കി മാവിന്‍ തോട്ടവല്‍ക്കരണത്തിനെതിരേ കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ച് നടപടിയെടുക്കണമെന്നാണ് നെല്‍കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."