വാഹനവിപണിയിലെ മാന്ദ്യം കേരളത്തെയും പിടിച്ചടക്കുന്നു
പാലക്കാട്: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം കൊച്ചു കേരളത്തെയും ബാധിക്കാന്‍ തുടങ്ങി. തൊഴില്‍, കൃഷി, കച്ചവടം, നിര്‍മാണം എന്നിങ്ങനെ സര്‍വമേഖലകളിലും മാന്ദ്യം പിടിമുറുക്കി. കാര്‍ഷിക സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ച ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലേതിന് സമാനമല്ലെങ്കിലും ഗ്രാമീണ കേരളവും ദുരിതത്തിലാണ്. കര്‍ഷകരും ചെറുകിടവ്യാപാരികളും മുതല്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍വരെ നിരാശയിലാണ്. ഏറ്റവും കൂടുതല്‍ ആഘാതം ഉണ്ടായിരിക്കുന്നത് വാഹന മേഖലയിലാണ്. പ്രത്യക്ഷവും പരോക്ഷവുമായ വാഹനവിപണി ഇന്ത്യയില്‍ തൊഴില്‍ നല്‍കുന്നത് 3.2 കോടി പേര്‍ക്കാണ്. മൂന്നുകോടിയില്‍പരം കുടുംബങ്ങളെയാണ് സാമ്പത്തിക മാന്ദ്യം പ്രതികൂലമായി ബാധിക്കുന്നത്.
വാഹനവിപണിയില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് 8.3 ലക്ഷം കോടി രൂപയാണ്. ഇന്ത്യ തന്നെ വലിയൊരു വാഹനവിപണിയാണ്. അതിനു പുറമെ പല വിദേശ രാജ്യങ്ങളിലേക്കും ഇവിടെ നിര്‍മിക്കപ്പെടുന്ന വാഹനങ്ങള്‍ കയറ്റിയയക്കപ്പെടുന്നുണ്ട്. ഇന്ത്യന്‍ നിര്‍മാണ രംഗത്തിന്റെ ഏതാണ്ട് നാലിലൊന്നുവരും വാഹനനിര്‍മ്മാണം. അതുകൊണ്ടുതന്നെ, വാഹന വിപണിക്ക് വരുന്ന ഏതൊരു മാന്ദ്യവും ഇന്ത്യന്‍ സാമ്പത്തിക വിപണിയെ മൊത്തത്തില്‍ പിടിച്ചു കുലുക്കും.
വാഹന വിപണിയിലെ മാന്ദ്യം പ്രമുഖ ടയര്‍ നിര്‍മാതാക്കളായ അപ്പോളോ ടയേഴ്സിനെയും പ്രതിസന്ധിയിലാക്കി. കളമശേരി, ചാലക്കുടി എന്നിവിടങ്ങളിലെ പ്ലാന്റുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ടയര്‍ ചെലവില്ലാത്തതിനാല്‍ ഓണാവധി കൂടി കണക്കിലെടുത്ത് ചാലക്കുടിയിലെ പേരാമ്പ്ര അപ്പോളോ ടയേഴ്സ് അഞ്ചുദിവസത്തേക്ക് അടച്ചിരുന്നു.
തൊഴിലാളികള്‍ക്ക് പകുതി വേതനമാണ് ലഭിക്കുക. ആയിരത്തിലേറെ ജീവനക്കാരെയാണ് നേരിട്ട് ബാധിക്കുന്നത്. കളമശേരി, ഏലൂര്‍ പ്രദേശത്തെ തൊഴിലാളികളും ആശങ്കയിലാണ്. ടയര്‍ കമ്പനികളുടെ മാന്ദ്യം റബര്‍ മേഖലയെയും ബാധിച്ചേക്കും.
ട്രക്കുകളുടെയും മിനി ട്രക്കുകളുടെയും ടയറുകളാണ് പേരാമ്പ്രയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇവിടെ നിന്ന് ടയറുകള്‍ വാങ്ങുന്ന ഒന്നാംനിര കമ്പനി മാരുതിയാണ്. മാരുതി ഇതില്‍ 60 ശതമാനം കുറവ് വരുത്തി. ദിവസവും 300 ടണ്‍ ടയറാണ് ഉല്‍പ്പാദിപ്പിച്ചിരുന്നത്. ഇപ്പോള്‍ 150 കോടിയുടെ ടയര്‍ കെട്ടിക്കിടക്കുന്നു. 1800 സ്ഥിരം തൊഴിലാളികളും ആയിരത്തോളം കരാര്‍ ജീവനക്കാരുമാണ് പേരാമ്പ്ര അപ്പോളോയിലുള്ളത്.
നോട്ട് അസാധുവാക്കലും ചരക്ക്സേവന നികുതി (ജി.എസ്.ടി)യുമുണ്ടാക്കിയ പ്രത്യാഘാതത്തിന്റെ തുടര്‍ച്ചയാണ് ഈ സാമ്പത്തിക മുരടിപ്പ്. ജി.എസ്.ടിയിലെ പ്രശ്നങ്ങള്‍ വാണിജ്യനികുതി വരുമാനത്തെയും ബാധിച്ചു. പ്രവാസികളുടെ മടങ്ങിവരവ് തുടരുന്നതും സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായി. കഞ്ചിക്കോട് വ്യവസായമേഖലയിലെ ഇരുമ്പുരുക്ക് ഫാക്ടറികള്‍ മുതല്‍ ആലപ്പുഴയിലെ പുരവഞ്ചികള്‍ വരെ ഈ സാമ്പത്തിക മുരടിപ്പിന്റെ ആഘാതം പേറുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."