അന്തര്‍ദേശീയ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് ആറു കോടി
തിരുവനന്തപുരം: കണ്ണൂരില്‍ പുതുതായി ആരംഭിക്കുന്ന ഇന്റര്‍നാഷനല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഐ.ആര്‍.ഐ.എ) പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ആറു കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. കിറ്റ്‌കോ മുഖേന ഡി.പി.ആര്‍ തയാറാക്കുന്നതിനും നിര്‍ദിഷ്ട ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ക്കും മറ്റുമായാണ് ഈ തുക അനുവദിക്കുന്നത്.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയാറാക്കുന്നത് കിറ്റ്‌കോയാണ്. ഡി.പി.ആറിന് അന്തിമരൂപം നല്‍കുന്നതിന് കിറ്റ്‌കോയുടെ വിദഗ്ധസംഘം കല്യാട് വില്ലേജിലെ നിര്‍ദിഷ്ട ഭൂമി സന്ദര്‍ശിക്കുകയും മന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
ആയുര്‍വേദത്തെ തെളിവധിഷ്ഠിതവും ശാസ്ത്രീയവുമായി വ്യാപിപ്പിക്കുന്നതിനും മരുന്നുകള്‍ സ്റ്റാന്‍ഡേഡൈസ് ചെയ്യുന്നതിനും ആധുനിക ബയോടെക്‌നോളജിയുമായി ആയുര്‍വേദത്തെ ബന്ധപ്പെടുത്തിയുള്ള ഗവേഷണങ്ങള്‍ക്കും വേണ്ടിയാണ് അന്തര്‍ദേശീയ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. കേരളീയ ആയുര്‍വേദ ഉത്പന്നങ്ങളുടെ ഗുണനിലവാര നിയന്ത്രണങ്ങളും ചികിത്സാ സംബന്ധമായ പരീക്ഷണവും ശക്തമാക്കുക എന്നതാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
ആധുനിക രീതിയിലുള്ള ആയുര്‍വേദ മരുന്നുകളുടെ രാസപരവും ചികിത്സാ തോതിലുമുള്ള ക്ലിനിക്കല്‍ ട്രയല്‍, ടോക്‌സിസിറ്റി ടെസ്റ്റ് തുടങ്ങിയവ ബയോടെക്‌നോളജി, നാനോടെക്‌നോളജി എന്നിവയുടെ സഹായത്തോടുകൂടി രാജ്യാന്തര നിലവാരത്തില്‍ ശാസ്ത്രീയമായി നടത്തുന്നതിനു വിദഗ്ധ പരീക്ഷണ ഗുണനിലവാര ലാബോറട്ടറി നിലവിലില്ല. ആയതിനാല്‍ പുതിയ മരുന്നുകള്‍ വേണ്ടത്ര ദേശീയ, അന്തര്‍ദേശീയ തലത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ല. ഈ കുറവ് പരിഹരിക്കുന്നതിന് വേണ്ടി എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ ലഭിക്കുന്ന ഒരു ആയുര്‍വേദ പഠന ഗവേഷണ കേന്ദ്രം കൂടിയാക്കി ഇതിനെ മാറ്റും.
സ്വകാര്യ മേഖലയിലെ ആയുഷ് ഉല്‍പന്നങ്ങളുടെ രാസ, ജൈവ ബയോടെക്‌നോളജി ഉപയുക്തമാക്കിയുള്ള മരുന്നു പരീക്ഷണം നടത്തുന്നതിനുള്ള സൗകര്യം ലഭ്യമാക്കുക, ആയുര്‍വേദ മരുന്ന് ഉല്‍പാദിപ്പിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ തരംതിരിവ്, ഗുണമേന്മ എന്നിവ നിര്‍ണയിക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കുക, ആയുര്‍വേദ ചികിത്സ മരുന്നുകള്‍ വികസിപ്പിക്കാനുള്ള ലാബും വിപണനം ചെയ്യാനുള്ള സ്റ്റാര്‍ട്ട് അപ്പ് പരിശീലനകേന്ദ്രവും ആരംഭിക്കുക, ആയുര്‍വേദ വിദ്യാര്‍ഥികള്‍ക്കു ഗവേഷണ ശാസ്ത്രീയ സംരംഭകത്വസിദ്ധികള്‍ ഉണ്ടാവാനുള്ള വിദഗ്ധ പരിശീലനത്തിനും പഠനത്തിനുമുള്ള സൗകര്യം ഉണ്ടാക്കുക, ഇന്ത്യയിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും പ്രചാരത്തിലുള്ള ആയുര്‍വേദത്തിന്റെ വിവിധ ആധാരഗ്രന്ഥങ്ങളും ചികിത്സാരീതികളും ക്രോഡീകരിച്ച് തര്‍ജമ ചെയ്തു ലഭ്യമാക്കുകയും ഈ രീതികള്‍ പ്രചരിപ്പിക്കുകയും ചെയ്യുക, ലഭ്യമായ മരുന്നുകള്‍ ഉപയോഗിച്ചു പുതുതായി ഉയര്‍ന്നുവരുന്ന രോഗങ്ങള്‍ക്ക് അനുയോജ്യമായ ചികിത്സാരീതികള്‍ വികസിപ്പിക്കുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങള്‍. ഇതിന്റെ ഭാഗമായി മ്യൂസിയം, ഗവേഷണ ആശുപത്രി, പഠന ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവയുണ്ടാകും. ദേശീയ, അന്തര്‍ദേശീയ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ പഠനഗവേഷണ കേന്ദ്രത്തിന്റെ രൂപരേഖ തയാറാക്കി രണ്ടു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുന്നതിനാണു പദ്ധതിയിടുന്നത്. 300 കോടി രൂപയാണു മൊത്തം അടങ്കല്‍ തുകയായി കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."