സഊദിയിലെ ഡ്രോണ്‍ ആക്രമണം; ഇറാനെ ചൂണ്ടി അമേരിക്ക
വാഷിങ്ടണ്‍: സഊദി അരാംകോയുടെ കീഴിലെ ലോകത്തെ ഏറ്റവും വലിയ എണ്ണയുല്‍പ്പാദക പ്ലാന്റില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിനു പിന്നില്‍ ഇറാനെന്ന് ആരോപിച്ച് അമേരിക്ക രംഗത്ത്. എന്നാല്‍, അമേരിക്കയുടെ ആരോപണം തള്ളിയും ശക്തമായി തിരിച്ചടിച്ചും ഇറാനും രംഗത്തെത്തിയിട്ടുണ്ട്.
എണ്ണയുല്‍പ്പാദക പ്ലാന്റുകളില്‍ നടന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ യെമനികളാണെന്നതിന് ഒരു തെളിവുമില്ലെന്നു വ്യക്തമാക്കി രംഗത്തെത്തിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണെന്നും മുന്‍പുണ്ടാകാത്ത വിധം ലോകത്തിന്റെ ഊര്‍ജ ഉല്‍പ്പാദനത്തെ ആക്രമിക്കുകയാണ് ഇറാന്‍ ചെയ്യുന്നതെന്നും ആരോപിച്ചു. ആക്രമണമുണ്ടായത് യെമനില്‍നിന്നാണെന്നതിനു തെളിവൊന്നുമില്ലെന്നായിരുന്നു അദ്ദേഹം ട്വീറ്റില്‍ തുടര്‍ന്നു പറഞ്ഞത്.
എന്നാല്‍, ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും പോംപിയോ പുറത്തുവിട്ടിട്ടില്ല. സഊദിയില്‍ ഈയിടെ നടക്കുന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണെന്ന തങ്ങളുടെ സ്ഥിരം ആരോപണം കഴിഞ്ഞ ദിവസവും ഉന്നയിക്കുകയാണ് അമേരിക്ക ചെയ്തതെന്ന അഭിപ്രായവുമുയരുന്നുണ്ട്. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ എണ്ണ ഉല്‍പ്പാദക പ്ലാന്റുകളെ ലക്ഷ്യമാക്കി നടന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണെന്ന് അന്നും അമേരിക്ക ആരോപിച്ചിരുന്നെങ്കിലും അതു നിഷേധിച്ച് ഇറാന്‍ രംഗത്തെത്തിയിരുന്നു. സഊദിയില്‍ രണ്ടിടങ്ങളിലായി നടന്ന ഡ്രോണ്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നു. ആണവ കരാറില്‍നിന്ന് അമേരിക്ക പിന്‍മാറിയതു മുതല്‍ ഇറാനും അമേരിക്കയും തമ്മില്‍ നിരവധി തവണ വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടിയിട്ടുണ്ട്. ഇറാനെതിരേ ഉപരോധം കൊണ്ടുവരികകൂടി ചെയ്തതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. ഇതിനിടെയാണ് പുതിയ ആരോപണവുമായി അമേരിക്ക രംഗത്തെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."