കെ.എസ്.ഇ.ബിയില്‍ നിന്ന് ഇനി ഇന്റര്‍നെറ്റ് കണക്ഷനും
-ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യം
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് കണക്ഷന് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് (കെഫോണ്‍) പദ്ധതി ആറ് മാസത്തിനുള്ളില്‍ യാഥാര്‍ഥ്യമാക്കാന്‍ കെ.എസ്.ഇ.ബിയുടെ നീക്കം.
സംസ്ഥാനത്തൊട്ടാകെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനുള്ള നീക്കങ്ങള്‍ റിലയന്‍സ് ജിയോ ശക്തമാക്കിയ സാഹചര്യത്തിലാണ് കെ.എസ്.ഇ.ബിയും കെഫോണ്‍ പദ്ധതിക്ക് വേഗത കൂട്ടിയിരിക്കുന്നത്.
കടുത്ത സാമ്പത്തിക ബാധ്യതയിലൂടെ കടന്നുപോകുന്ന കെ.എസ്.ഇ.ബി കെഫോണ്‍ പദ്ധതി നടപ്പാക്കി സാമ്പത്തികമായി മുന്നേറ്റമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. 2016ല്‍ തുടങ്ങാനിരുന്ന പദ്ധതി ഇതുവരെ ആരംഭിച്ചിരുന്നില്ല. അതിനിടെയാണ് കേബിള്‍ ശൃംഖലവഴി ഇന്റര്‍നെറ്റ്, ഫോണ്‍, ടി.വി ചാനല്‍ സംവിധാനവുമായി റിലയന്‍സ് ജിയോ എത്തിയത്.
റിലയന്‍സിന്റെ കടന്നുവരവ് ചെറുക്കാനായി അവര്‍ ആവശ്യപ്പെട്ട പ്രകാരം പോസ്റ്റുകള്‍ വാടകയ്ക്ക് നല്‍കാതെ കെ.എസ്.ഇ.ബി പ്രതിരോധിക്കുകയായിരുന്നു.
അഞ്ച് ലക്ഷം പോസ്റ്റുകള്‍ വാടകയ്ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് റിലയന്‍സ് കെ.എസ്.ഇ.ബിക്ക് അപേക്ഷ നല്‍കിയത്. ഇതിനുള്ള അനുമതി നല്‍കുന്നതിന് മുന്‍പ് കെഫോണ്‍ പദ്ധതി നടപ്പാക്കാനാണ് കെ.എസ്.ഇ.ബിയുടെ ശ്രമം.
വൈദ്യുതിബോര്‍ഡിന്റെ സംസ്ഥാനത്തെ മുഴുവന്‍ 220 കെ.വി സബ്സ്റ്റേഷനുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്ക്കില് ബന്ധിപ്പിച്ച് കഴിഞ്ഞു. 110 കെ.വി, 66 കെ.വി സബ്സ്റ്റേഷനുകള്കൂടി ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. 770 സെക്ഷന്‍ ഓഫിസുകളിലും ഒ.എഫ്.സി കണക്ഷനുകള്‍ എത്തിക്കേണ്ടതുണ്ട്. ആറ് മാസത്തിനുള്ളില്‍ എല്ലാം പൂര്‍ത്തിയാക്കി പദ്ധതി നടപ്പാക്കാനാണ് കെ.എസ്.ഇ.ബിയുടെ ലക്ഷ്യം. സംസ്ഥാന ഐ.ടി മിഷനുമായി സഹകരിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. വൈദ്യുതി ബോര്‍ഡിന്റെ വിപുലമായ നെറ്റ്വര്‍ക്ക് ഉപയോഗപ്പെടുത്തിയുള്ളതാണ് പദ്ധതി.
കെഫോണ്‍ തയാറാകുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളും ഈ നെറ്റ്വര്‍ക്കിലേക്ക് മാറും. എല്ലാ ബി.പി.എല്‍ കുടുംബങ്ങള്‍ക്കും സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന് നല്‍കാനാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."