ലേല നിയന്ത്രണം പ്രഖ്യാപനത്തിലൊതുങ്ങി: മത്സ്യമേഖലയിലെ ചൂഷണം വര്‍ധിക്കുന്നു
പൊന്നാനി: സംസ്ഥാനത്ത് മീന്‍ ലേലത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു പ്രത്യേക നിയമം നടപ്പാക്കുമെന്ന കഴിഞ്ഞ സര്‍ക്കാറിന്റെ പ്രഖ്യാപനം നടപ്പിലാകാതെ പോയത് മത്സ്യമേഖലക്ക് തിരിച്ചടിയാകുന്നു. കഴിഞ്ഞ ജൂലായിലാണ് ലേല നിയന്ത്രണം നടപ്പിലാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇടത്തട്ടുകാരുടെ ചൂഷണത്തിനു വിധേയമാകുന്ന കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം കാലങ്ങളായി ആവശ്യപ്പെട്ടുവരുന്നതാണിത്. കടലിലും കായലിലും പോയി ഏറെ കഷ്ടപ്പെട്ട് പിടിച്ചെടുക്കുന്ന മീനിന്റെ വില നിശ്ചയിക്കുന്നത് ഇപ്പോള്‍ കച്ചവടക്കാരും ഇടനിലക്കാരുമാണ്. കരക്കെത്തിക്കുന്ന മീനിന്റെ യഥാര്‍ഥ വില തൊഴിലാളികള്‍ക്ക് കിട്ടുന്നില്ല. വിലയുടെ സിംഹ ഭാഗവും കരയിലിരിക്കുന്ന കച്ചവടക്കാരും ഇടനിലക്കാരും അടിച്ചുമാറ്റുകയാണ്. ചാള, അയല പോലെയുള്ള മത്സ്യങ്ങള്‍ പിടിക്കുന്ന തൊഴിലാളികള്‍ക്ക് വിലയുടെ 50 ശതമാനം പോലും കിട്ടുന്നില്ല.
നിലവിലുള്ള രീതിയനുസരിച്ച് 100 രൂപയാണ് ചാളക്ക് വിലയെങ്കില്‍ 42 രൂപയാണ് തൊഴിലാളിക്ക് കിട്ടുന്നത്. അയലക്ക് 50 രൂപ കിട്ടും. ട്യൂണ, നെയ്മീന്‍ തുടങ്ങിയ മത്സ്യങ്ങള്‍ക്കൊക്കെയാണ് അല്‍പ്പമെങ്കിലും കൂടുതല്‍ വില കിട്ടുന്നത്. യഥാര്‍ഥ വിലയുടെ 50 ശതമാനത്തോളം കച്ചവടക്കാരന്റെ പോക്കറ്റിലേക്കു പോവുകയാണ് പതിവ്.
ഇതു കൂടാതെയാണ് ' ലേലക്കിഴിവ് ' എന്ന പേരിലുള്ള കൊള്ള. മത്സ്യങ്ങള്‍ കൂട്ടിയിടുമ്പോള്‍ അവക്കുണ്ടാകുന്ന കേടുപാടുകളുടെ മറവിലാണിത്. ഈ ഇനത്തില്‍ 10 മുതല്‍ 14 ശതമാനം വരെ വില കുറച്ചാണ് തൊഴിലാളികള്‍ക്കു നല്‍കുന്നത്. ചില ഹാര്‍ബറുകളില്‍ ലേലക്കിഴിവ് 20 ശതമാനമായി ഉയര്‍ത്തിയിട്ടുമുണ്ട്.
തൊഴിലാളികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഈ ചൂഷണം അവസാനിപ്പിക്കാനാണ് സംസ്ഥാനത്ത് ' മല്‍സ്യഫെഡ് ' രൂപം കൊണ്ടതെങ്കിലും അതു ലക്ഷ്യം കണ്ടില്ല. വിപണിയില്‍ ശരിയായ രീതിയില്‍ ഇടപെടുവാന്‍ മത്സ്യഫെഡിന് കഴിഞ്ഞില്ല. മത്സ്യം സൂക്ഷിച്ചുവെക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ കച്ചവടക്കാരന്‍ പറയുന്ന വിലക്ക് മീന്‍ വില്‍ക്കുവാന്‍ തൊഴിലാളി നിര്‍ബന്ധിതനാകുന്നു.
ലേലം നിയന്ത്രിക്കുന്നതിന് മീനുകള്‍ക്ക് തറവില നിശ്ചയിക്കുകയാണ് ആദ്യം വേണ്ടതെന്ന് തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ മീനിനും തറവില നിശ്ചയിച്ചാല്‍ തൊഴിലാളികള്‍ക്ക് വരുമാനം ഉറപ്പാക്കാം. ഒരു വിലക്കുമില്ലാതെ എല്ലാത്തരം തൊഴിലാളികള്‍ക്കും ലേലത്തില്‍ പങ്കെടുക്കാനുള്ള അവസരമുണ്ടായാല്‍ അതും തൊഴിലാളികള്‍ക്ക് നേട്ടമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."