ബസില്‍ മാത്രമല്ല, ഈ ഹോട്ടലിലും വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍!
അരീക്കോട്: ഇത് ജോളി ഫുഡ് കോര്‍ട്ട്. പത്തു രൂപയുടെ ശീതളപാനിയത്തിനു വിദ്യാര്‍ഥികള്‍ക്ക് അഞ്ച് രൂപ. രുചിയൂറും പലഹാരങ്ങള്‍ക്കു അഞ്ച് രൂപ. പണമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഭക്ഷണവും. മറ്റെല്ലാഭക്ഷണത്തിനും മുതിര്‍ന്നവര്‍ നല്‍കുന്നതിന്റെ പകുതി പണം നല്‍കിയാല്‍ മതി അരിക്കോട് അബ്ദുസ്സമദിന്റെ ജോളി ഫുഡ് കോര്‍ട്ടില്‍.
കച്ചവടം സേവന വഴിയിലായതോടെ പ്രദേശത്തെ നിരവധി വിദ്യാര്‍ഥികളാണു ദിവസവും കടയിലെത്തുന്നത്. പൊതു വിദ്യാലയം അടക്കം പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന അരീക്കോട് ടൗണിലാണു തുച്ഛമായ വിലയില്‍ വയര്‍ നിറച്ച് അബ്ദുസ്സമദിന്റെ സംതൃപ്തി ഏറ്റുവാങ്ങി മടങ്ങുന്നത്.
പഠന കാലത്ത് പത്താം വയസിലാണ് അബ്ദുസമദ് ഹോട്ടല്‍ ജോലി ആരംഭിച്ചത്. ഏറെ ദുരിതപര്‍വം താണ്ടിയ കുട്ടിക്കാലത്തെ അനുഭവങ്ങളാണു വിദ്യാര്‍ഥികളുടെ വയറു നിറയ്ക്കണമെന്ന ആഗ്രഹത്തിലെത്തിയത്. 15 വര്‍ഷം മുമ്പാണു അബ്ദുസ്സമദ് സ്വന്തമായി കച്ചവടം തുടങ്ങിയത്. പേരു കേട്ട എല്ലാ വിഭവങ്ങളും തയ്യാറാക്കാന്‍ ഇദ്ദേഹത്തിനാകും. ചെറിയ പലഹാരങ്ങളും ശീതള പാനീയങ്ങളുമാണ് പ്രധാന ഭക്ഷണഇനങ്ങള്‍.
സോഷ്യല്‍ മീഡിയയില്‍ ചില വിദ്യാര്‍ഥികള്‍ ഇക്കാര്യത്തിനു പ്രചാരം നല്‍കിയതോടെ വിദേശ മലയാളികളടക്കം ഇദ്ദേഹത്തെ ഫോണ്‍ചെയ്യാറുണ്ട്. അഭിനന്ദന ഫോണ്‍സന്ദേശങ്ങളാണ് അധികവും.
എട്ട് ജോലിക്കാര്‍ ഫുഡ്‌കോര്‍ട്ടില്‍ ആവശ്യമാണെങ്കിലും മൂന്നു ജോലിക്കാര്‍ മാത്രമാണു കടയിലുള്ളത്. അതിരാവിലെ തന്നെ കടയിലെത്തി രാത്രി പത്തു വരെ ജോലിചെയ്യുന്ന അബ്ദുസമദാണു ജോലികളധികവും ചെയ്യുന്നത്. ജോലിക്കാര്‍ക്കും വലിയ സംതൃപ്തിയാണ്. പത്താം ക്ലാസ് വിദ്യഭ്യാസം മാത്രമുള്ള അബ്ദുസമദ് തന്റെ മക്കള്‍ക്കെല്ലാം മികച്ച വിദ്യാഭ്യാസം നല്‍കി. നാലു മക്കളില്‍ മൂന്നു പേര്‍ മെഡിക്കല്‍ രംഗത്തും ഒരാള്‍ കമ്പ്യൂട്ടര്‍ സയന്‍സിലും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഉന്നതിയുടെ കോണി ചവിട്ടി കയറിയാലും സേവന മനസ് കൂടെയുണ്ടാവണമെന്നാണു തന്റെ മക്കള്‍ക്ക് ഈ പിതാവിന്റെ ഉപദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."