കളി കാര്യമാകും
തിരുവനന്തപുരം: കേരളത്തിന്റെ ക്രിക്കറ്റ് ആവേശത്തിന് മീതേ കേരളപ്പിറവി ദിനത്തില്‍ ഇന്ത്യയും വെസ്റ്റിന്‍ഡീസും പോരാട്ടത്തിനിറങ്ങും. ഇന്ത്യ-വെസ്റ്റിന്‍ഡീസ് പരമ്പരയിലെ അഞ്ചാം ഏകദിനം ഇന്ന് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ അരങ്ങേറും. ഉച്ചയ്ക്ക് 1.30ന് മത്സരം ആരംഭിക്കും. രാവിലെ 11 മുതല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാം.
പരമ്പര ഉറപ്പിക്കാന്‍ വിരാട് കോഹ്്‌ലിയും സംഘവും ഇറങ്ങുമ്പോള്‍ സമനില പിടിക്കാന്‍ ലക്ഷ്യമിട്ടാണ് കരീബിയന്‍സ് കളത്തിലിറങ്ങുന്നത്. കാര്യവട്ടത്തെ കളി ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. പരമ്പരയില്‍ 2-1 ന് ഇന്ത്യ മുന്നിലാണ്. ഒരെണ്ണം സമനിലയാവുകയും ചെയ്തു.
ഇന്ത്യന്‍ വെടിക്കെട്ടിന്
കാതോര്‍ത്ത്
മിന്നുന്ന ഫോമിലുള്ള ബാറ്റ്‌സ്മാന്മാരാണ് ഇന്ത്യന്‍ കരുത്ത്. മൂന്നു സെഞ്ചുറികള്‍ നേടി ക്യാപ്റ്റന്‍ വിരാട് കോഹ്്‌ലിയും രണ്ടു സെഞ്ചുറികളുമായി രോഹിത് ശര്‍മയുമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ല്. കാര്യവട്ടത്തെ പിച്ച് ബാറ്റിങ്ങിനെ തുണയ്ക്കുന്നാണ്. ഇന്ത്യന്‍ ബാറ്റിങ് നിരയുടെ വെടിക്കെട്ട് കാണാനാണ് ആരാധകര്‍ ഇരമ്പിയെത്തുന്നതും. നാലാം നമ്പറില്‍ ഇറങ്ങി സെഞ്ചുറി അടിച്ച അമ്പാട്ടി റായുഡു മികച്ച ഫോമിലാണ്.
പരമ്പരയില്‍ ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ ഓപ്പണിങ് ബാസ്റ്റ്മാനായ ശിഖര്‍ ധവാനായിട്ടില്ല. എം.എസ് ധോണിയും റണ്‍ കണ്ടെത്താനാവാതെ വലയുകയാണ്. ഇരുവര്‍ക്കും തിരിച്ചു വരവിന് വഴിയൊരുക്കുന്നതാണ് കാര്യവട്ടത്തെ വിക്കറ്റ്. ബൗളര്‍മാര്‍ക്ക് കാര്യമായ പിന്തുണ കിട്ടുന്നതല്ല പിച്ച്.
ഇന്ത്യന്‍ മുന്‍നിര ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരുടെ പ്രകടനത്തെകൂടി ആശ്രയിച്ചിരിക്കുന്നു ഇന്ത്യയുടെ വിധി.
യുവതാരം ഖലീല്‍ അഹമ്മദിനും കടുത്ത പരീക്ഷണം തന്നെയാകും കാര്യവട്ടത്തെ പോരാട്ടം. പരിചയസമ്പത്ത് ഏറെയില്ലാത്ത ബൗളറാണ് ഖലീല്‍. അതുകൊണ്ടു തന്നെ വിന്‍ഡീസ് ബാറ്റിങ് നിര ലക്ഷ്യംവയ്ക്കുക ഖലീലിനെയാകും.
സ്ഥിരതയില്ലാതെ വിന്‍ഡീസ്
സ്ഥിരതയില്ലായ്മയാണ് വെസ്റ്റിന്‍ഡീസ് ടീമിനെ വലയ്ക്കുന്നത്. പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ കനന്ത തോല്‍വി. രണ്ടാം മത്സരത്തില്‍ പൊരുതി നേടിയ സമനില. മൂന്നാം ഏകദിനത്തില്‍ വിജയം. മുംബൈയിലെ നാലാം ഏകദിനത്തില്‍ അതിദയനീയമായ തോല്‍വി.
രോഹിത് ശര്‍മ ഒറ്റയ്ക്കു അടിച്ചുകൂട്ടിയ 162 റണ്‍സ് മറികടക്കാന്‍ പോലും കരീബിയന്‍ കരുത്തിനായില്ല. വിന്‍ഡീസ് നിരയില്‍ ഷിംയോര്‍യ് ഹെറ്റ്‌മെയറിനു മാത്രമാണ് മികച്ച ബാറ്റിങ് പ്രകടനം നടത്താനായത്. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ നയിക്കുന്ന ബൗളിങ് നിര വന്‍പരാജയമാണ്.
മൂന്നാം ഏകദിനത്തില്‍ മാത്രമായിരുന്നു വിന്‍ഡീസിന് എതിരാളികളെ പിടിച്ചു കെട്ടാനായത്. കാര്യവട്ടം വിന്‍ഡീസ് ബൗളിങ് നിരയ്ക്ക് പരീക്ഷണശാലയാവും.
നീലപ്പടയില്‍ മാറ്റങ്ങള്‍ക്ക്
സാധ്യത കുറവ്
ഹര്‍ദിക് പാണ്ഡ്യയുടെ പരുക്കിനെ തുടര്‍ന്ന് മുന്‍നിര സ്പിന്നറായ യൂസ്‌വേന്ദ്ര ചഹലിനു പകരം ബാറ്റിങ്‌നിര ശക്തമാക്കാന്‍ രവീന്ദ്ര ജഡേജയെയാണ് മുംബൈ ഏകദിനത്തില്‍ ഇന്ത്യ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. കാര്യവട്ടം ഏകദിനത്തിലും ഇലവനില്‍ മാറ്റത്തിന് സാധ്യതയില്ല.
മോശം ഫോമില്‍ തുടരുകയാണെങ്കിലും മുന്‍ നായകന്‍ എം.എസ് ധോണിയെ ഒഴിവാക്കാന്‍ സാധ്യത കുറവാണ്. 10000 റണ്‍സ് എന്ന നാഴികക്കല്ല് ധോണിക്ക് ഒരു റണ്‍മാത്രം അകലെയാണ്.
വിന്‍ഡീസില്‍
മാറ്റങ്ങളുണ്ടാവും
വെസ്റ്റിന്‍ഡീസിന് നിര്‍ണായകമാണ് അവസാന ഏകദിനം. വിന്‍ഡീസ് ടീമില്‍ ഒന്നിലധികം മാറ്റങ്ങള്‍ക്കു സാധ്യതയുണ്ട്. ചന്ദര്‍പോള്‍ ഹേംരാജിനു പകരം ഓപ്പണിങ് സ്ഥാനത്ത് സുനില്‍ ആംബ്രിസ് എത്തിയേക്കും.
ഇടങ്കയ്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഫാബിയന്‍ അലനു പകരം ബൗളിങ് നിരയില്‍ പരിചയസമ്പന്നനായ ദേബേന്ദ്ര ബിഷു എത്തിയേക്കാം.
സാധ്യതാ ഇലവന്‍
ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, മഹേന്ദ്ര സിങ് ധോണി, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ.
വെസ്റ്റിന്‍ഡീസ്: സുനില്‍ ആംബ്രിസ്, ചന്ദര്‍പോള്‍ ഹേംരാജ്, കീറണ്‍ പവല്‍, ഷായ് ഹോപ്, ഷിംറോണ്‍ ഹെറ്റ്‌മെയെര്‍, മര്‍ലോണ്‍ സാമുവല്‍സ്, റോവ്മാന്‍ പവല്‍, ജേസണ്‍ ഹോള്‍ഡര്‍, ആഷ്‌ലി നഴ്‌സ്, കീമോ പോള്‍, ദേബേന്ദ്ര ബിഷു, ഫാബിയന്‍ അലന്‍, കെമര്‍ റോഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."