മതനിന്ദ: പാകിസ്താനില്‍ ക്രിസ്ത്യന്‍ യുവതിയുടെ വധശിക്ഷ റദ്ദാക്കി
ഇസ്‌ലാമാബാദ്: ഇസ്‌ലാം മതത്തെ നിന്ദിച്ചുവെന്ന് ആരോപിച്ച് വധശിക്ഷക്ക് വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യുവതി ആസിയ ബിബിയുടെ വധശിക്ഷ പാകിസ്താന്‍ സുപ്രിംകോടതി റദ്ദാക്കി. മുഹമ്മദ് നബിയെ നിന്ദിച്ചുവെന്ന് ആരോപിച്ച് 2010ലാണ് ആസിയ ബിബിയെ വധശിക്ഷക്ക് വിധിച്ചത്.
കൃഷിയാവശ്യത്തിനുള്ള വെള്ളമെടുക്കുന്നതിനിടെ അയല്‍വാസികളുമായി തര്‍ക്കിക്കുമ്പോള്‍ പ്രവാചകനെ അധിക്ഷേപിച്ചുവെന്നതിനാണ് ഇവരെ ശിക്ഷിച്ചത്. കഴിഞ്ഞ എട്ടുവര്‍ഷമായി ഇവര്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.
ലാഹോറിന് സമീപത്തെ ശേഖ്പുര ജയിലില്‍ കഴിയുന്ന ആസിയ ബിബിക്കെതിരേ മറ്റു കേസുകളൊന്നുമില്ലെങ്കില്‍ അവര്‍ക്ക് മോചിതയാവാമെന്ന് വിധി പുറപ്പെടുവിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് സാഖിബ് നിസാര്‍ പറഞ്ഞു.
ആസിയക്കെതിരേയുള്ള ആരോപണങ്ങള്‍ പൂര്‍ണമായി തെളിയിക്കാന്‍ സാധിച്ചിട്ടില്ല. ദുര്‍ബല തെളിവുകളാണ് സമര്‍പ്പിച്ചതെന്ന് കോടതി പറഞ്ഞു.
ഖുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു കോടതി വധി പുറപ്പെടുവിച്ചത്. അമുസ്‌ലിംകളോട് കാരുണ്യത്തോടെ പെരുമാറാനാണ് പ്രവാചകന്‍ ആവശ്യപ്പെട്ടതെന്നും കോടതി പറഞ്ഞു.
വിധി കേള്‍ക്കാന്‍ അവര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. താന്‍ മോചിതയായെന്നുള്ള വാര്‍ത്ത വിശ്വസിക്കാനാവുന്നില്ലെന്നും അവര്‍ തന്നെ യഥാര്‍ഥത്തില്‍ മോചിപ്പിക്കുമോയെന്നും കോടതിവിധി വന്നതിനുശേഷം അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
2009 ജൂണിലാണ് കേസിനാസ്പദമായ സംഭവം. കൃഷി ചെയ്യുന്നതിനിടെ ആസിയ, തങ്ങളുടെ ബക്കറ്റ് വെള്ളം തൊട്ട് അശുദ്ധമാക്കിയെന്നും അതിനാല്‍ തങ്ങള്‍ക്ക് ഇനിമുതല്‍ ഇത് ഉപയോഗിക്കാനാവില്ലെന്നും പറഞ്ഞാണ് കൂടെയുണ്ടായിരുന്നവര്‍ തര്‍ക്കിച്ചത്.
ഇതിനുള്ള മറുപടിയില്‍ ആസിയ മൂന്ന് പ്രാവശ്യം പ്രവാചകനെ നിന്ദിച്ചുവെന്നും അവര്‍ മതപരിവര്‍ത്തനം നടത്തണമെന്നും സ്ത്രീകള്‍ ആവശ്യപ്പെട്ടതായി പ്രോസിക്യൂട്ടര്‍ പറഞ്ഞു. തുടര്‍ന്ന് വീട്ടില്‍വച്ച് ആസിയക്ക് മര്‍ദനമേല്‍ക്കുകയും പൊലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
പാകിസ്താനില്‍ ഏറെ വിവാദങ്ങളുണ്ടാക്കിയ കേസാണിത്. ആസിയയെ പിന്തുണച്ചതിനാല്‍ പഞ്ചാബ് ഗവര്‍ണറായിരുന്ന സല്‍മാന്‍ തസീറിനെ കൊലപ്പെടുത്തിയിരുന്നു.
ഈ കേസിലെ പ്രതി മുംതാസ് ഖാദിരിയെ 2016ല്‍ തൂക്കിലേറ്റിയിരുന്നു.
എന്നാല്‍ ഖാദിരിക്ക് വീരപരിവേശം നല്‍കി ഒരു വിഭാഗം ആളുകള്‍ ഇസ്‌ലാമാബാദില്‍ അദ്ദേഹത്തിനായി സ്മാരകം പണിതിരുന്നു. കൂടാതെ ഇദ്ദേഹത്തിന്റെ അനുയായികള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, കോടതിവിധിക്കെതിരേ പാകിസ്താനില്‍ പ്രതിഷേധങ്ങള്‍ നടന്നു. തഹ്‌രീകേ ലബ്ബൈക് പാകിസ്താന്റെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."