ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചൈനീസ് യുദ്ധക്കപ്പലുകള്‍
മുംബൈ: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയോട് ചേര്‍ന്ന് ചൈനയുടെ ആണവ യുദ്ധക്കപ്പലുകള്‍ നാവികസേന കണ്ടെത്തി. ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കു ചൈന നിരീക്ഷണ കപ്പലുകള്‍ അയച്ച് നാവിക സേനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ചൈനീസ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യം നാവികസേന കണ്ടെത്തിയത്.
ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനീസ് സാന്നിധ്യം വര്ധിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഇതെന്ന് നാവിക സേന പറയുന്നു. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ കണ്ടെത്തിയ ചൈനീസ് ആംഫിബിയസ് യുദ്ധക്കപ്പല്‍ സിയാന്റെയും മിസൈല്‍ യുദ്ധക്കപ്പലിന്റെയും ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പട്രോളിങ് നടത്തുന്നതിനിടെ ഇന്ത്യന്‍ നാവികസേനയുടെ പി-8 ഐ സമുദ്ര നിരീക്ഷണ വിമാനമാണ് ചൈനീസ് ആണവ യുദ്ധക്കപ്പലുകളുടെ ചിത്രമെടുത്തത്.
ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് കഴിഞ്ഞ മൂന്ന് ആഴ്ചകളായി ചൈനീസ് ചാരക്കപ്പല്‍ ഇന്ത്യന്‍ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ആഴ്ചകള്‍ക്കു മുന്‍പ് ചൈനയുടെ ഏറ്റവും വലിയ ഇന്റലിജന്‍സ് കപ്പല്‍ ഡോങ്ഡിയാഗോ ഈ മേഖലയില്‍ എത്തിയിരുന്നു. ഇന്ത്യന്‍ നാവികസേനാ താവളങ്ങളെക്കുറിച്ചും നാവികസേന വിന്യസിച്ച യുദ്ധക്കപ്പലുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ചൈനീസ് നീക്കമെന്ന് സംശയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."