ഹിന്ദി ഭാഷാ വിവാദം: അമിത്ഷാക്കെതിരേ പ്രതിഷേധം വ്യാപകം
ബംഗളൂരു /ചെന്നൈ : ഹിന്ദി രാജ്യത്തിന്റെ പൊതുവായ ഭാഷയാക്കണമെന്നും അത് ഇന്ത്യയെ ഒരുമിപ്പിക്കുമെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ വാദത്തിനെതിരേ വ്യാപക പ്രതിഷേധം. ബി.ജെ.പിയില്‍ നിന്നുതന്നെ ഇതിനെതിരേ രൂക്ഷമായ അഭിപ്രായപ്രകടനങ്ങള്‍ ഉയര്‍ന്നതോടെ അമിത് ഷായുടെ ആവശ്യത്തെ ചൊല്ലി ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഏകാഭിപ്രായം ഇല്ലെന്ന് വ്യക്തമായി.
ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്നതിനോട് യോജിക്കുന്നില്ലെന്ന് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ബി.എസ് യദ്യൂരപ്പ രംഗത്തെത്തി. കര്‍ണാടകത്തിന് പ്രധാനം കന്നഡ ഭാഷയാണ്. രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകള്‍ക്കും തുല്യപ്രാധാന്യമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കന്നഡ ഭാഷയുടെ പ്രാധാന്യം ഇല്ലാതാക്കാനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ല. കന്നഡ ഭാഷയും കര്‍ണാടക സംസ്കാരവും പ്രചരിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും യെദ്യൂരപ്പ ട്വിറ്ററില്‍ കുറിച്ചു.
അതിനിടയില്‍ അമിത്ഷായെ രൂക്ഷമായ ഭാഷയിലാണ് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ ഹാസനും വിമര്‍ശിച്ചത്.
തമിഴ്നാട്ടില്‍ ഏതെങ്കിലും തരത്തില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിനെതിരേ ശക്തമായി പ്രതികരിക്കുമെന്ന് സ്റ്റാലിന് പറഞ്ഞു.
ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച വാഗ്ദാനങ്ങള്‍ ലംഘിക്കാന്‍ കേന്ദ്രത്തിന് അവകാശമില്ലെന്ന് കമല്‍ ഹാസന് പറഞ്ഞു. ഭാഷയുടെ പേരില്‍ ഒരു ഏറ്റുമുട്ടല്‍ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അത് ജെല്ലിക്കെട്ടിനെതിരായ പ്രതിഷേധത്തേക്കാള്‍ രൂക്ഷമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമിത്ഷാ, സുല്‍ത്താനോ സാമ്രാട്ടോ ആയിരിക്കാം. എന്നാല്‍ ഭാഷയുടെ പേരില്‍ സംസ്ഥാനത്തിന്റെ സംസ്കാരവും അസ്തിത്വവും ഇല്ലാതാക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."