ബിറ്റ്‌കോയിന്‍ ഇടപാടുകാര്‍ ജാഗ്രതൈ: എല്ലാത്തരം ക്രിപ്‌റ്റോകറന്‍സികളും നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കാനുള്ള വഴികള്‍ തേടി കേന്ദ്ര സര്‍ക്കാര്‍.
ഒക്ടോബര്‍ 30ന് ചേര്‍ന്ന, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അധ്യക്ഷനായ ഫിനാന്‍ഷ്യല്‍ സ്റ്റബിലിറ്റി ആന്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ (എഫ്.എസ്.ഡി.സി) യോഗത്തിലാണ് വെര്‍ച്വല്‍ കറന്‍സികളുടെ പ്രശ്‌നം ചര്‍ച്ചയായത്.
''ക്രിപ്‌റ്റോ കറന്‍സികളുടെ പ്രശ്‌നങ്ങളും വെല്ലുവിളികളും കൗണ്‍സില്‍ സൂക്ഷ്മായി പരിശോധിച്ച്, ഇന്ത്യയില്‍ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളുടെ ഉപയോഗ നിരോധനത്തിന് രൂപംനല്‍കാന്‍ സാമ്പത്തിക കാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത സമിതിക്ക് വിട്ടു''- പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ലോകത്ത് വ്യാപകമായി ഇടപാടു നടക്കുന്ന ബിറ്റ്‌കോയിന്റെ പത്താം ജന്മവാര്‍ഷിക ദിനത്തിലാണ് ശക്തമായ നിയമസംവിധാനത്തിന് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന വാര്‍ത്ത വരുന്നത്. ഉപയോഗം നിരോധിക്കണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവച്ചത്. അതായത്, വാങ്ങല്‍, വില്‍പ്പന, ഇടപാട്, രൂപ, ഡോളറുമായി കൈമാറ്റം തുടങ്ങി എല്ലാ തലത്തിലുമുള്ള നിരോധനമായിരിക്കും വരാന്‍പോകുന്നത്.
ബാങ്കിങ് സെക്ടര്‍, മാര്‍ക്കറ്റ് റെഗുലേറ്റര്‍മാര്‍ എന്നിവരുടെ പ്രതിനിധികളും യോഗത്തിലുണ്ടായിരുന്നു. ക്രിപ്‌റ്റോ കറന്‍സി സമിതി അധ്യക്ഷനായ സാമ്പത്തികകാര്യ വകുപ്പിലെ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗും യോഗത്തിലുണ്ടായിരുന്നു.
ഡിജിറ്റല്‍ കറന്‍സികളുടെ നിയന്ത്രണത്തിനു വേണ്ടി നിയമമുണ്ടാക്കാനാണ് 2017 ഡിസംബറില്‍ ക്രിപ്‌റ്റോകറന്‍സി സമിതിക്കു രൂപംനല്‍കിയത്. 2019 ജൂലൈയില്‍ ഇതുസംബന്ധിച്ച കരട് പ്രസിദ്ധീകരിക്കും. ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ബി.പി കാണുന്‍ഗോ, സെബി ചെയര്‍മാന്‍ അജയ് ത്യാഗി എന്നിവരും സമിതിയിലുണ്ട്.
രാജ്യത്താകമാനം 50-60 ലക്ഷം ക്രിപ്‌റ്റോകറന്‍സി ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. കേരളത്തിലും ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സി ഉപയോഗം വ്യാപകമാണ്. ചൈന്‍ മാതൃകയിലുള്ള ബിസിനസിലും മറ്റും നിരവധി മലയാളികളാണ് ക്രിപ്‌റ്റോകറന്‍സി ഉപയോഗിക്കുന്നത്.
അതേസമയം, വിഷയം സുപ്രിംകോടതിയിലും എത്തിയിട്ടുണ്ട്. ഒക്ടോബര്‍ 26നും ഇതുസംബന്ധിച്ച ഹരജി സുപ്രിംകോടതി പരിഗണിച്ചിരുന്നു. ക്രിപ്‌റ്റോകറന്‍സി സംബന്ധിച്ച് നിലപാട് വ്യക്തമാക്കി രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."