മഴ ചതിച്ചു, ഈര്‍പ്പവും; പ്രവചനങ്ങളെ കീഴ്‌മേല്‍മറിച്ച് പിച്ച്
തിരുവനന്തപുരം: ഗ്രീന്‍ഫീല്‍ഡില്‍ ബാറ്റിങ് വിരുന്ന് പ്രവചിച്ചവരെയും പ്രതീക്ഷിച്ചവരെയും നിരാശപ്പെടുത്തി പിച്ച് സ്വഭാവം മാറ്റി.
ഇന്ത്യ-വെസ്റ്റിന്‍ഡീസ് പോരാട്ടത്തിനുള്ള പിച്ച് തയാറാക്കിയ ക്യുറേറ്റര്‍ എ.എസ് ബിജു വ്യക്തമാക്കിയിരുന്നത് സ്‌പോര്‍ട്‌സ് ഹബ് മൈതാനത്ത് റണ്ണൊഴുകുമെന്നായിരുന്നു.
ക്യുറേറ്ററുടെ പ്രവചനത്തില്‍ ക്രിക്കറ്റ് ആരാധകര്‍ ആഹ്ലാദിച്ചു. പിച്ച് പരിശോധിച്ച താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും റണ്ണൊഴുകുമെന്ന് തന്നെ വിശ്വസിച്ചു. എന്നാല്‍, എല്ലാവരുടെയും പ്രതീക്ഷകളെ കീഴ്‌മേല്‍ മറിച്ചു കാര്യവട്ടത്തെ പിച്ച്.
ബുധനാഴ്ച രാത്രിയും ഇന്നലെ പുലര്‍ച്ചെയുമായി പെയ്ത മഴയാണ് പിച്ചിന്റെ സ്വഭാവത്തെ കീഴ്‌മേല്‍ മറിച്ചത്. വെയില്‍ തെളിയാതെ മഴമേഘങ്ങളാല്‍ മൂടിക്കെട്ടി നിന്ന ആകാശവും പിച്ചിന്റെ സ്വഭാവത്തെ മാറ്റി മറിച്ചു.
ഇന്ത്യ-വിന്‍ഡീസ് പരമ്പരയിലെ ഏറ്റവും ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷമുള്ള സ്‌റ്റേഡിയം കാര്യവട്ടത്തേതാണെന്ന് മത്സരം തുടങ്ങുന്നതിന് മുന്‍പ് കമന്റേറ്ററും മുന്‍ ഇന്ത്യന്‍ താരവുമായ വി.വി.എസ് ലക്ഷ്മണ്‍ പറഞ്ഞിരുന്നു.
പ്രവചനങ്ങളെയെല്ലാം മാറ്റിമറിച്ച് മൂടിക്കെട്ടിയ ആകാശത്തിനു കീഴേ ബൗളര്‍മാര്‍ ആടിത്തിമിര്‍ത്തു.
ഈര്‍പ്പം നിറഞ്ഞതോടെ വരണ്ട ഫ്‌ളാറ്റ് പിച്ചിന്റെ സ്വഭാവം മാറി. സ്വിങും അപ്രതീക്ഷിത ബൗണ്‍സും ഇന്ത്യന്‍ ബൗളര്‍മാര്‍ ഫലപ്രദമായി ഉപയോഗിച്ചതോടെ കരീബിയന്‍ ബാറ്റിങ് നിരയുടെ ചുവടു പിഴച്ചു.
വിന്‍ഡീസ് നിര കൂടാരം കയറിയതിന് പിന്നാലെ മാനം തെളിഞ്ഞു. വെയില്‍ വന്നതോടെ തുടക്കത്തിലുണ്ടായിരുന്ന ബൗണ്‍സ് മാറി മികച്ച ബാറ്റിങ് ട്രാക്കായി പിച്ച് മാറുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."