എഫ്.എ.ടി.എഫ്-ഐ.എം.എഫ് നിബന്ധനകളില്‍ നിന്ന് ഇളവു കിട്ടാന്‍ യു.എസ് സഹായം തേടി പാകിസ്താന്‍
ഇസ്‌ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ എഫ്.എ.ടി.എഫ്-ഐ.എം.എഫ് നിബന്ധനകളില്‍ നിന്ന് ഇളവു കിട്ടാന്‍ പാകിസ്താന്‍ യു.എസ് സഹായം തേടുന്നു. പകരം അഫ്ഗാനില്‍ നിന്ന് സമാധാനപരമായി പിന്‍വാങ്ങാന്‍ യു.എസിനെ സഹായിക്കാമെന്നാണ് വാഗ്ദാനം. ഈമാസം ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ പൊതുസഭാ യോഗത്തോടനുബന്ധിച്ച് യു.എസ് പ്രസിഡന്റ് ട്രംപിനെ കണ്ടപ്പോള്‍ ഈ ആവശ്യം പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ മുന്നോട്ടുവച്ചതായാണ് റിപ്പോര്‍ട്ട്.
ഭീകരസംഘടനകള്‍ക്ക് പണം ലഭ്യമാക്കുന്നതിനാല്‍ കള്ളപ്പണവിരുദ്ധ സംഘടനയായ ഫിനാന്‍ഷ്യന്‍ ആക്ഷന്‍ ടാസ്‌ക്‌ഫോഴ്‌സ്(എഫ്.എ.ടി.എഫ്) പാകിസ്താനെ കഴിഞ്ഞവര്‍ഷം ഗ്രേ പട്ടികയില്‍പ്പെടുത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതും ഭീകരസംഘടനകള്‍ക്ക് പണം ലഭ്യമാക്കുന്നതും തടയാന്‍ ശക്തമായ നിയമങ്ങളില്ലാത്ത രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. അതേസമയം ഇക്കാര്യങ്ങളില്‍ ഒക്ടോബറിനകം ശക്തമായ നടപടി സ്വീകരിക്കാതിരുന്നാല്‍ പാകിസ്താനെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് എഫ്.എ.ടി.എഫ് മുന്നറിയിപ്പു നല്‍കിയിരുന്നു. തുടര്‍ന്നാണ് ഭീകരനേതാവ് ഹാഫിസ് സഈദിനെ പാകിസ്താന്‍ ജയിലിലടച്ചത്.
പാകിസ്താന് വായ്പയായി നല്‍കുന്ന 600 കോടി ഡോളറിന്റെ ആദ്യ ഗഡു അനുവദിക്കുന്നത് എഫ്.എ.ടി.എഫ് റിപ്പോര്‍ട്ടിനെ ആശ്രയിച്ചായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി(ഐ.എം.എഫ്)യും മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അഫ്ഗാനെ മുന്‍നിര്‍ത്തി യു.എസിനെ സമ്മര്‍ദത്തിലാക്കാന്‍ ഇമ്രാന്‍ഖാന്‍ ശ്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."