അയ്യപ്പ ഭജനമന്ദിരങ്ങളുടെ ഏകോപനത്തിന് ബി.ജെ.പി
കാസര്‍കോട്: സംസ്ഥാനത്തെ ആയിരക്കണക്കിന് അയ്യപ്പ ഭജനമന്ദിരങ്ങളുടെ ക്രോഡീകരണം ലക്ഷ്യമിട്ട് ബി.ജെ.പി കരുക്കള്‍ നീക്കുന്നു. നാമജപയജ്ഞങ്ങള്‍ അയ്യപ്പ ഭജന മന്ദിരങ്ങളിലേക്ക് വ്യാപിപ്പിക്കുകയും പ്രത്യേക യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് ഇവയുടെ ഏകോപനം സാധ്യമാക്കാനുമാണ് ബി.ജെ.പി നീക്കം. ശബരിമല ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പരിപാടികളായാണ് നാമജപയജ്ഞവും അയ്യപ്പ ഭജനമന്ദിര ഭരണസമിതികളുടെ യോഗവും സംഘടിപ്പിക്കുന്നതെങ്കിലും സംസ്ഥാനത്ത് വര്‍ഗീയമായ ധ്രുവീകരണമാണ് ഇതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. പ്രത്യക്ഷത്തില്‍ ബി.ജെ.പി മുന്നിലില്ലെങ്കിലും പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലുള്ള പ്രധാന അയ്യപ്പഭജന മന്ദിരങ്ങളുടെ ബാനറിലാണ് പ്രത്യേക നോട്ടിസ് തയാറാക്കി ഓരോ ജില്ലയിലും ഇത്തരം യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. പ്രത്യേക ചുമതല ചിലര്‍ക്ക് നല്‍കിയാണ് യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നത്.
നാമജപവും ഭജനയും ദീപാരാധനയും ഉള്‍പ്പെടെ ഭജനമന്ദിരങ്ങളിലെ ചടങ്ങുകളുമായി സമന്വയിപ്പിച്ചാണ് യജ്ഞങ്ങള്‍ സംഘടിപ്പിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയുമടക്കം നാമജപ യജ്ഞങ്ങളില്‍ പങ്കെടുപ്പിക്കുന്നുണ്ട്. ഏരിയ തിരിച്ച് വിളിച്ചു ചേര്‍ക്കുന്ന അയ്യപ്പ ഭജനമന്ദിരം ഭാരവാഹികളുടെ യോഗത്തില്‍ ശബരിമല വിഷയത്തില്‍ എടുക്കേണ്ട ഭാവി തീരുമാനത്തെ കുറിച്ചുള്ള അഭിപ്രായ ശേഖരണമാണ് ആദ്യം നടക്കുന്നത്. ഇതിന് ശേഷം മണ്ഡലകാലത്ത് ശബരിമല നട തുറക്കുമ്പോള്‍ ഭജനമന്ദിരങ്ങളുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്ന് കൂട്ടായ തീരുമാനം കൈക്കൊള്ളുകയാണ് ചെയ്യുന്നത്.
പ്രത്യക്ഷത്തില്‍ അയ്യപ്പ ഭജനമന്ദിരങ്ങളുടെ കൂട്ടായ്മയാണെന്ന് തോന്നുമെങ്കിലും ശബരിമല വിഷയം മുന്‍നിര്‍ത്തി സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണത്തിനാണ് ബി.ജെ.പി ഇതിലൂടെ കളമൊരുക്കുന്നത്. സി.പി.എം, കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലെ അയ്യപ്പഭജനമന്ദിരങ്ങളുടെ ഭാരവാഹികള്‍ പോലും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഇത്തരം യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."