രാഷ്ട്രപതി സ്ഥാനാര്‍ഥി: മോദി സര്‍ക്കാര്‍ കീഴ്‌വഴക്കം അട്ടിമറിച്ചെന്ന് യെച്ചൂരി
തൃശൂര്‍: രാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കുന്ന കീഴ്‌വഴക്കം മോദി സര്‍ക്കാര്‍ അട്ടിമറിച്ചതായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രത്തിലെ ഭരണകക്ഷി രാഷ്ട്രപതി സ്ഥാനാര്‍ഥിയെ സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നതാണ് കീഴ്‌വഴക്കം.
മന്‍മോഹന്‍സിങിന്റെ നേതൃത്വത്തിലുണ്ടായിരുന്ന രണ്ടു സര്‍ക്കാരുകളും വാജ്‌പേയി സര്‍ക്കാരും അതാണ് ചെയ്തത്. വിജ്ഞാപനം ഇറക്കുന്നതിനുമുന്‍പു തന്നെ രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്താറുണ്ട്. എന്നാല്‍ വിജ്ഞാപനമിറക്കാന്‍ പോകുന്ന വേളയിലും ഐക്യകണ്‌ഠേന രാഷ്ട്രപതിയെ തെരഞ്ഞടുക്കാനുള്ള ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംയുക്ത സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ഡല്‍ഹിയില്‍ പ്രതിപക്ഷകക്ഷികളുടെ യോഗം ചേരുന്നുണ്ട്. ആരുടെയും പേര് പറഞ്ഞിട്ടില്ല. ഇന്നത്തെ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.
ഭരണഘടനയുടെ സംരക്ഷകനാവണം രാഷ്ട്രപതി. അതാണ് സി.പി.എമ്മിന്റെ നിലപാട്. അതിനര്‍ഥം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിലേറി മൂന്നു വര്‍ഷം പിന്നിട്ടപ്പോള്‍ വാഗ്ദാനങ്ങള്‍ ലംഘിച്ച സര്‍ക്കാരായി മോദി സര്‍ക്കാര്‍ മാറി. ഓരോ വര്‍ഷവും രണ്ടു കോടി തൊഴില്‍, കര്‍ഷകരുടെ സംരക്ഷണം തുടങ്ങിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ല.
സര്‍ക്കാരിന്റെ വിജയമെന്ന നിലയില്‍ മോദിഫെസ്റ്റ് നടത്തുന്ന സര്‍ക്കാര്‍ പരസ്യങ്ങളിലൂടെ പുതിയതരം അഴിമതി വ്യാപകമാക്കുകയാണ്. വന്‍കിട കുത്തകകള്‍ക്ക് നികുതി ഇളവുകള്‍ നല്‍കി അഴിമതിക്ക് പുതിയ പാത തുറന്നു. ഇപ്പോള്‍ അഴിമതി അധികം വര്‍ഗീയത എന്നതാണ് മോദി സര്‍ക്കാരിന്റെ മുഖമുദ്ര. അഴിമതിയെ നിയമപരമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മോദി അവരുടെ ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കാന്‍ പോലും തയാറാവുന്നില്ല. കാര്‍ഷികകടങ്ങള്‍ തള്ളുമെന്നത് മോദിയുടെ വാഗ്ദാനമായിരുന്നു. യുവാക്കളെയും കര്‍ഷകരെയും വഞ്ചിച്ചതാണ് മൂന്നു വര്‍ഷത്തെ ഭരണനേട്ടം.
രാജ്യത്തിന്റെ പൊതുവിതരണ സമ്പ്രദായം തകര്‍ത്തു. സബ്‌സിഡി പരിമിതപ്പെടുത്തി. കശ്മീരില്‍ പരിഹാരം കാണാനുള്ള സര്‍വകക്ഷി തീരുമാനം ആറുമാസമായിട്ടും നടപ്പാക്കിയിട്ടില്ല. ഭീകരവാദവും വര്‍ഗീയതയുമില്ലാതെ ബി.ജെ.പിക്ക് നിലനില്‍പ്പില്ലെന്നും യെച്ചൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."