കോട്ടക്കല്‍ മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പൂര്‍ത്തീകരണം: എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
വളാഞ്ചേരി: കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പൂര്‍ത്തീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും പൊതുമരാമത്ത്, റവന്യൂ, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകളുടേയും സംയുക്ത യോഗം ചേര്‍ന്നു.
കഞ്ഞിപ്പുര മൂടാല്‍ ബൈപ്പാസ് ,പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസ് മൂന്നാം ഘട്ടം, ഇരിമ്പിളിയം വളാഞ്ചേരി എടയൂര്‍ കുടിവെള്ള പദ്ധതി, കുറ്റിപ്പുറം പഞ്ചായത്തിലെ ജലനിധി,മാറാക്കര പഞ്ചായത്തിലെ തിരുന്നാവായ കുടിവെള്ള പദ്ധതി, ഒതുക്കുങ്ങല്‍ പൊന്മള കുടിവെള്ള പദ്ധതി, കോട്ടക്കല്‍ നഗരസഭയിലെ വിവിധ കുടിവെള്ള പദ്ധതികള്‍ തുടങ്ങിയവയുടെ പൂര്‍ത്തീകരണത്തെ സംബന്ധിച്ചും പോരായ്മകള്‍ പരിഹരിക്കുന്നതിനുമാണ് യോഗം ചേര്‍ന്നത്.
കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി സര്‍ക്കാര്‍ അനുവദിച്ച പത്ത് കോടിയില്‍ അഞ്ച് കോടി രൂപയുടെ വിതരണം പൂര്‍ത്തിയായതായും ബാക്കിവരുന്ന തുകയുടെ വിതരണം ഒരു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്നും തിരൂര്‍ ലാന്റ് അക്വിസിഷന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ജാഫറലി പി.ടി യോഗത്തില്‍ അറിയിച്ചു. ഒന്ന് എ, ഒന്ന് കാറ്റഗറികളിലെ ഭൂവുടമകള്‍ക്ക് പൂര്‍ണമായും ഇതിനകം നഷ്ടപരിഹാര തുക നല്‍കിയിട്ടുണ്ട്.
കാറ്റഗറി രണ്ടിലെ ഭൂവുടമകള്‍ക്കാണ് ഇപ്പോള്‍ അനുവദിച്ച പത്ത് കോടിയില്‍ നിന്നുള്ള പണം നല്‍കിക്കൊണ്ടിരിക്കുന്നതെന്നും ഇനിയുള്ള അഞ്ച് കോടിയുടെ വിതരണം പൂര്‍ത്തിയാകുന്നതോടെ ഈ കാറ്റഗറിയിലുള്ളവരുടെ നഷ്ടപരിഹാര വിതരണവും പൂര്‍ത്തിയാകും. മൂന്നാംകാറ്റഗറിയിലുള്ള ഭൂവുടമകളുടെ നഷ്ടപരിഹാരത്തുക അനുവദിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സര്‍ക്കാറിന് സമര്‍പ്പിച്ചതായും തഹസില്‍ദാര്‍ അറിയിച്ചു. വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്ന പണികള്‍ക്കുള്ള ചെറിയ സാങ്കേതിക തടസങ്ങള്‍ ജനപ്രതിനിധികള്‍ ഇടപെട്ട് പരിഹരിക്കുന്നതിനും തീരുമാനിച്ചു. കുറ്റിപ്പുറം പഞ്ചായത്തിലെ ജലനിധി പദ്ധതിയുടെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിന് ആദ്യഘട്ടത്തില്‍ അനുവദിക്കേണ്ട മുപ്പത് ലക്ഷം രൂപയുടെ പ്രൊപ്പോസല്‍ സര്‍ക്കാറിന് സമര്‍പ്പിച്ചതായും ഇതിന് വേണ്ടിയുള്ള ഫണ്ട് വഹിക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരത്ത് ജലനിധി ഡയറക്ടറുമായി ആലോചനകള്‍ നടത്തുമെന്നും എം.എല്‍.എ പറഞ്ഞു.
പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസ് മൂന്നാംഘട്ട നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള സാമൂഹികാഘാത പഠനം നടത്തുന്നതിനുള്ള ഏജന്‍സിയെ ലഭിക്കാത്തതാണ് പ്രധാന തടസമെന്ന് മരാമത്ത് വകുപ്പധികൃതര്‍ പറഞ്ഞു.
വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വാട്ടര്‍ അതോറ്റി പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ലഭിക്കേണ്ട അനുമതികള്‍ വേഗത്തിലാക്കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സലീന, കെ.കെ നാസര്‍ (കോട്ടക്കല്‍ നഗരസഭ), എം ഷാഹിന ടീച്ചര്‍ ( വളാഞ്ചേരി നഗരസഭ), എ.പി മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ (മാറാക്കര), കെ മൊയ്തീന്‍ (പൊന്മള ), വസീമ വേളേരി (കുറ്റിപ്പുറം), കെ.ടി ഉമ്മുകുത്സു (ഇരിമ്പിളിയം ), പ്രമീള ആര്‍.കെ (എടയൂര്‍), മുഹമ്മദ് ഇസ്മയില്‍ ടി (ആതവനാട് ) അഡ്വ. കമലാസനന്‍, പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഹരീഷ് എസ്, വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് റാഫി, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാരായ ഇബ്രാഹീം സി.ഐ, കെ മിഥുന്‍ (പൊതുമരാമത്ത് ) ഷംസുദ്ദീന്‍ പി(വാട്ടര്‍ അതോറിറ്റി ), ഒ.പി വേലായുധന്‍ (കെ.എസ്.ഇ.ബി) എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."