പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെയായി: രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി, കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് വിജിലന്‍സ്
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ അന്വേഷണം തുടരുകയാണെന്നും കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു. കൂടുതല്‍ അറസ്റ്റുണ്ടാവുമോയെന്ന കോടതി ചോദ്യത്തിനായിരുന്നു വിജിലന്‍സിന്റെ മറുപടി.
അതേ സമയം വിഷയത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്യ പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെയായി. സിനിമാക്കഥ യാഥാര്‍ഥ്യമാവുകയാണോയെന്നും ഹൈക്കോടതി ചോദിച്ചു. കേസില്‍ അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.
അഴിമതിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് ഹൈക്കോടതി നിര്‍ദേശം നല്കി. പാലം നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതല ആര്‍ക്കായിരുന്നുവെന്ന് കോടതി ചോദിച്ചു. ഓരോരുത്തര്‍ക്കും ഇതിലുള്ള പങ്കെന്ത്, ആര്‍ക്കെല്ലാമാണ് വീഴ്ച വന്നത് എന്നീ കാര്യങ്ങള്‍ വിശദമാക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മാത്രമാണെന്നും സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ് കോടതിയില്‍ പറഞ്ഞു. കേസില്‍ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ഉണ്ടാകുമെന്നും വാര്‍ത്തകളുണ്ട്. അതേ സമയം ഇതിനെതിരേ ഇബ്രാഹിം കുഞ്ഞ് രംഗത്തെത്തി. അഴിമതിയുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥന്റെ ആരോപണങ്ങള്‍ക്ക് താന്‍ മറുപടി നല്‍കേണ്ട കാര്യമില്ല. അറസ്റ്റ് ചെയ്യുമെന്ന ഭയമുള്ളതുകൊണ്ടല്ല എം.എല്‍.എ ഹോസ്റ്റലില്‍ കഴിയുന്നത്. പ്രതിക്കൂട്ടിലാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.
അതേസമയം, വി.കെ ഇബ്രാഹിം കുഞ്ഞിനെ പിന്തുണ നല്കി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."