സഊദി അരാംകോ ആക്രമണം; സാറ്റലൈറ്റ് ദൃശ്യം പുറത്ത്, പ്ലാന്റ് പ്രവര്‍ത്തന സജ്ജമാക്കാന്‍ കൂടുതല്‍ സമയമെടുക്കും
വിനാശകരമായ ആക്രമണം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് മന്ത്രിസഭായോഗം
റിയാദ്: സഊദി അരാംകോ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ മേഖലയില്‍ ആരോപണ പ്രത്യാപോരണങ്ങള്‍ തുടരുന്നതിടെ ആക്രമണത്തിന്റെ വ്യാപ്തി സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. അമേരിക്കന്‍ അധികൃതരാണ് ആക്രണത്തിനിരയായ അരാംകോയുടെ എണ്ണയുത്പാദക കേന്ദ്രങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. കടുത്ത ആക്രമണമാണ് നടന്നതെന്ന റിപ്പോര്‍ട്ടുകള്‍ തുടക്കത്തില്‍ തന്നെ പുറത്ത് വന്നിരുന്നുവെങ്കിലും അമേരിക്ക പുറത്ത് വിട്ട സാറ്റലൈറ്റ് ചിത്രം ഇത് കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. അരാംകോയ്ക്ക് കീഴിലെ ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ ശാലയായ ഖുര്‍സാനിയ അരാംകോ എണ്ണപ്പാടത്തും എണ്ണ സംസ്‌കരണ കേന്ദ്രങ്ങളിലും നിരവധി എണ്ണ ടാങ്കുകളിലും മറ്റു തന്ത്ര പ്രധാന19 ഭാഗങ്ങളിലായാണ് നാശം ഉണ്ടായിരിക്കുന്നതാണ്. പുറത്ത് വിട്ട ചിത്രത്തില്‍ ഇത് വ്യക്തമാക്കുന്നുണ്ട്.
ഇത് വിശകലനം ചെയ്താണ് ആയുധ ഡ്രോണുകള്‍ എത്തിയത് ഇറാനില്‍ നിന്നോ ഇറാഖില്‍ നിന്നോ ആണെന്നും യമനില്‍ നിന്നായിരിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും അമേരിക്ക സമര്‍ത്ഥിക്കുന്നത്. അതേസമയം, അമേരിക്ക പുറത്ത് വിട്ട ചിത്രം വെച്ച് നോക്കുകയാണെങ്കില്‍ എണ്ണ സംസ്‌കരണ കേന്ദ്രത്തിന്റെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാകാന്‍ ഏറെ സമയമെടുക്കുമെന്നാണ് കരുതുന്നത്. എണ്ണയും അതോടനുബന്ധിച്ചുള്ള കാര്യങ്ങളുമായതിനാല്‍ അപകട സാധ്യത വളരെ കൂടുതലാണെന്നതിനാല്‍ പൂര്‍ണ്ണമായ മുന്‍കരുതല്‍ എടുത്ത ശേഷമേ പണികള്‍ ശരിയായ രീതിയില്‍ പുനരാരംഭിക്കാന്‍ കഴിയുകളുള്ളൂ. ഇത് തന്നെ പൂര്‍ത്തീകരണത്തിന് ശേഷം പരിശോധനകള്‍ പൂര്‍ത്തീകരിച്ച ശേഷമായിരിക്കും സാധ്യമാകുക. അതിനിടെ, ആക്രണത്തിനെതിരെ സഊദി മന്ത്രി സഭ അതിശക്തമായി പ്രതിഷേധിച്ചു. സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭയാണ് സംഭവത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ അപലപിച്ചത്.
ആക്രമണങ്ങള്‍ രാജ്യത്തിന്റെ സുപ്രധാന സൗകര്യങ്ങളെ മാത്രമല്ല, ആഗോള സമ്പദ്വ്യവസ്ഥയെയാണ് ലക്ഷ്യമാക്കുന്നതെന്ന് സല്‍മാന്‍ രാജാവ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉറവിടം പരിഗണിക്കാതെ സഊദി രാജ്യത്തെയും അതിന്റെ സംവിധാനങ്ങളെയും സംരക്ഷിക്കുമെന്നും തടയാന്‍ അന്താരാഷ്ട്ര അത്യാവശ്യമാണെന്നും സഊദി മന്ത്രി സഭ വ്യക്തമാക്കി. വിനാശകരമായ ആക്രമണം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും മന്ത്രിസഭ പറഞ്ഞു. കൂടാതെ, യുഎന്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും സഊദി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."