മുഹമ്മദ് കുഞ്ഞി വധം: പ്രതികളെ കസ്റ്റഡിയില്‍ വിട്ടു
കാസര്‍കോട്: മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. മൊഗ്രാല്‍ പുത്തൂര്‍ ബെള്ളൂര്‍ തൗഫീഖ് മന്‍സിലിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സക്കീന (36), കാമുകനും പെണ്‍വാണിഭക്കേസില്‍ പ്രതിയുമായ ബോവിക്കാനം ആലിനടുക്കം സ്വദേശി എന്‍.എ ഉമ്മര്‍ (41) എന്നിവരെയാണ് പൊലിസ് കസ്റ്റഡിയില്‍ വിട്ടത്. കേസന്വേഷണ സംഘത്തിന്റെ അപേക്ഷയെ തുടര്‍ന്ന് പൊലിസ് കസ്റ്റഡിയില്‍ വിട്ട പ്രതികളുമായി പൊലിസ് തെളിവെടുപ്പ് തുടങ്ങിയിട്ടുണ്ട്.
2012 മാര്‍ച്ച് അഞ്ചിനും 30നും ഇടയിലാണ് കൊലപാതകം നടന്നത്. ബേവിഞ്ച, സ്റ്റാര്‍ നഗറിലെ വാടക വീട്ടില്‍ താമസിക്കുന്നതിനിടയില്‍ ഉമ്മറിന്റെ പ്രേരണ പ്രകാരം സക്കീന ഭര്‍ത്താവായ മുഹമ്മദ് കുഞ്ഞിയെ കഴുത്തില്‍ ഷാളിട്ടുമുറുക്കി ജനല്‍ക്കമ്പിയില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. വര്‍ഷങ്ങള്‍ക്കു മുമ്പുനടന്ന സംഭവത്തില്‍ നാലുദിവസം മുമ്പാണ് പ്രതികള്‍ അറസ്റ്റിലായത്. മുഹമ്മദ് കുഞ്ഞിയെ കൊലപ്പെടുത്തിയെന്നുപ്രതികള് സമ്മതിച്ചിട്ടുണ്ടെങ്കിലും മൃതദേഹം കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മരണം ഉറപ്പുവരുത്തിയശേഷം പ്രായപൂര്‍ത്തിയാകാത്ത മകന്റെ സഹായത്തോടെ വീട്ടിനുസമീപത്തു ചന്ദ്രഗിരിപ്പുഴയില്‍ ഉക്രംപാടി ഭാഗത്ത് തള്ളിയെന്നാണ് സക്കീന പൊലിസിനു മൊഴി നല്‍കിയിട്ടുള്ളത്. 2012 ഏപ്രില്‍ ഏഴിനു ചന്ദ്രഗിരിപ്പുഴയില്‍ ഉക്രംപാടിയില്‍ അജ്ഞാത യുവാവിന്റെ മൃതദേഹം ലഭിച്ചിരുന്നു. തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഇതുസംസ്ക്കരിക്കുകയായിരുന്നു. ഇത് കൊല്ലപ്പെട്ട മുഹമ്മദ് കുഞ്ഞിയുടേതാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് ശാസ്ത്രീയ പരിശോധനയിലൂടെ മൃതദേഹം മുഹമ്മദ് കുഞ്ഞിയുടേതാണോയെന്നു സ്ഥിരീകരിക്കാനുള്ള ശ്രമം നടത്തി വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."