കലക്ടറേറ്റ് വളപ്പിലെ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി
കാസര്‍കോട്: കലക്ടറേറ്റ് വളപ്പിലെ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയയാളെ അഗ്നിശമന സേനാംഗങ്ങള്‍ ബലപ്രയോഗത്തിലൂടെ താഴെയിറക്കി. മൊബൈല്‍ ടവറില്‍ കയറിയയാളെ അനുനയത്തില്‍ താഴെയിറക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലിക്കാത്തതിനെ തുടര്‍ന്നാണ് ബലപ്രയോഗത്തിലൂടെ താഴെയിറക്കിയത്. താഴെയിറക്കിയ ശേഷം ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം വിദ്യാനഗര്‍ പൊലിസ് സ്റ്റേഷനിലേക്കു മാറ്റി. ഇന്നലെ രാവിലെ എട്ടരയോടെ വിദ്യാനഗറിലെ കലക്ടറേറ്റ് വളപ്പിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സ്വത്ത് സംബന്ധിച്ച് കലക്ടര്‍ക്കും മറ്റും നല്‍കിയ പരാതികളില്‍ തീര്‍പ്പുണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് മൗവ്വാര്‍ നെല്ലിയടുക്കത്തെ പി.കെ മോഹന്‍ദാസ് (62) മൊബൈല്‍ ടവറലില്‍ കയറിയത്.
മൊബൈല്‍ ടവറില്‍ കയറിയ മോഹന്‍ദാസ് ടവറില്‍ കുരുക്കിട്ടുവെക്കുകയും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നുവിളിച്ചു പറയുകയും ചെയ്തു. ഇതോടെ കലക്ടറേറ്റിലെ ജീവനക്കാരും ഓഫിസില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തിയവരും സംഭവസ്ഥലത്ത് തടിച്ചുകൂടി. ഇയാളുടെ പേരിലുണ്ടെന്ന് പറയുന്ന മൂകംമ്പാറയിലെ സ്ഥലം കാണുന്നില്ലെന്നായിരുന്നു ഇയാളുടെ പരാതി.
ഇക്കാര്യത്തില്‍ കലക്ടര്‍, പൊലിസ്, ഡി.ജി.പി തുടങ്ങിയ വിവിധ വകുപ്പുകളില്‍ പരാതി നല്‍കിയിട്ടും അനുകൂല നടപടിയുണ്ടായില്ലെന്നും പ്രശ്‌നം പരഹരിച്ചില്ലെങ്കില്‍ ടവറില്‍ തൂങ്ങിമരിക്കുമെന്നും ഇയാള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. തടിച്ചുകൂടിയവരില്‍ ചിലര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് വിദ്യാനഗര്‍ പൊലിസും കാസര്‍കോട് അഗ്നിശമന സേനാവിഭാഗവും സ്ഥലത്തെത്തി. സ്ഥലത്തെത്തിയ തഹസില്‍ദാര്‍ കെ. നാരായണനും സംഘവും മോഹന്‍ദാസിനോട് മൊബൈല്‍ഫോണില്‍ സംസാരിച്ചുവെങ്കിലും ഇയാള്‍ താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല.
തുടര്‍ന്ന് തഹസില്‍ദാര്‍ തിരുവനന്തപുരത്തുള്ള കലക്ടര്‍ ഡോ.ഡി. സജിത്ത് ബാബുവിനെ ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിച്ചു. മോഹന്‍ദാസിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ വാങ്ങി കലക്ടര്‍ വിളിച്ചുവെങ്കിലും 24 മണിക്കൂറിനുള്ളില്‍ പ്രശ്‌നപരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് കലക്ടറോടും ഇയാള്‍ ആവര്‍ത്തിച്ചു. ഇതിനുശേഷവും പൊലിസ് സംഘവും അഗ്നിശമന സേനാംഗങ്ങളും ഇയാളോട് താഴെ വരാന്‍ പലതവണ ആവശ്യപ്പെട്ടുവെങ്കിലും ഇയാള്‍ വഴങ്ങിയില്ല. താന്‍ മരിക്കേണ്ടി വന്നാല്‍ അതിന് ഉത്തരവാദി കലക്ടറായിരിക്കുമെന്നും ഇയാള്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
അനുനയശ്രമം ഫലിക്കില്ലെന്നുമനസിലായതിനെ തുടര്‍ന്നാണ് ബലപ്രയോഗത്തിലൂടെ തന്നെ മോഹന്‍ദാസിനെ താഴെയിറക്കാന്‍ അഗ്നിശമന സേനാംഗങ്ങള്‍ തയാറായത്. അഗ്നിശമന സേനാംഗങ്ങളായ അരുണ്‍, സലിം എന്നിവര്‍ മൊബൈല്‍ ടവറില്‍ കയറാന്‍ തുനിഞ്ഞതോടെ മോഹന്‍ദാസ് മുകളിലേക്കു കയറാന്‍ തുടങ്ങി. എന്നാല്‍ വളരെ പെട്ടെന്ന് മോഹന്‍ദാസിനടുത്തെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ ഇയാളുടെ കാലില്‍ പിടികൂടി. ഇതിനിടയില്‍ മോഹന്‍ദാസ് കഴുത്തില്‍ കുരുക്കിട്ടുവെങ്കിലും ഇയാളെ ഞൊടിയിട കൊണ്ട് കീഴടക്കി താഴെയിറക്കാന്‍ അഗ്നിശമന സേനാംഗങ്ങള്‍ക്കായി. താഴെയിറക്കിയ മോഹന്‍ദാസിനെ വിദ്യാനഗര്‍ സി.ഐ എ. അനില്‍ കുമാര്‍, എസ്.ഐമാരായ അനൂപ് കുമാര്‍, പി. അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കുവിധേയനാക്കി. മോഹന്‍ദാസിനെതിരേ ആത്മഹത്യാ ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. മോഹന്‍ദാസ് പരാതികളില്‍ പറയുന്ന രീതിയില്‍ സ്ഥലങ്ങളില്ലെന്നും മൂകമ്പാറക്കയുത്ത് 10സെന്റ് സ്ഥലമുണ്ടെന്നും എന്നാല്‍ അതിന് നികുതിയടയ്ക്കാത്തതു വര്‍ഷങ്ങളായെന്നും അധികൃതര്‍ പറയുന്നു. രാവിലെ എട്ടരയ്ക്ക് തുടങ്ങിയ നാടകീയ സംഭവങ്ങള്‍ക്ക് പതിനൊന്നോടെയാണ് വിരാമമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."