മാനസിക വെല്ലുവിളി നേരിടുന്ന അമ്മയ്ക്കും മകള്‍ക്കും പീഡനം
കല്ലമ്പലം: മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെയും മകളെയും പീഡിപ്പിച്ചയാള്ക്കെതിരേ ആറ്റിങ്ങല്‍ പൊലിസ് കേസെടുത്തു. ആറ്റിങ്ങല്‍ നഗരസഭാ ചെയര്മാന് എം. പ്രദീപ് നല്കിയ പരാതിയെത്തുടര്‍ന്നാണു നടപടി. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ആറ്റിങ്ങല്‍ നഗരസഭയുടെ ആശ്രയ പദ്ധതിയിലുള്‍പ്പെടുത്തി സംരക്ഷിച്ചുവരുന്ന 54കാരിയും അവരുടെ 32കാരിയായ മകളുമാണു പീഡനത്തിനിരയായതെന്ന് പൊലിസ് പറഞ്ഞു.
മാസങ്ങളായി ഇവരെ ചിലര്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നു സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ അധ്യക്ഷന്‍ കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ പൊലിസിനു പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലിസ് സംഭവം സ്ഥിരീകരിക്കുകയും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയും ചെയ്തു.
ഇവരുടെ അയല്‍വാസിയായ ഒരാള്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നും കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേയും കേസെടുക്കുമെന്നും പൊലിസ് അറിയിച്ചു. സംഭവത്തില്‍ ഒരാള്‍ പിടിയിലായതായി സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."