പുതുക്കോട്ട് വീടുകള്‍ക്കുനേരെ ആക്രമണം; മൂന്നു വാഹനങ്ങള്‍ തകര്‍ത്തു
കൊണ്ടോട്ടി: സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനു തീയിട്ടതിനു പിന്നാലെ പുതുക്കോട്ടു വീടുകള്‍ക്കുനേരെയും ആക്രമണം. ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ അരീക്കുന്നിലെ മൂന്നു വീടുകള്‍ക്കുനേരെയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ രണ്ടു പേര്‍ക്കു പരുക്കേറ്റു. മൂന്നു വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു.
അരീക്കുന്നിലെ എ.കെ അച്യുതന്‍, എ.കെ ഗിരീഷ്, രാധാകൃഷ്ണന്‍ എന്നിവരുടെ വീടിനു നേരെയാണ് അക്രമമുണ്ടായത്. അക്രമത്തില്‍ ചില്ലുകൊണ്ട് എ.കെ അച്യുതന്റെ കണ്ണിനു പരുക്കേറ്റു. ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. രാധാകൃ്ഷ്ണന്റെ ഭാര്യ പ്രീതിയുടെ കാലിനു മുറിവേറ്റിട്ടുണ്ട്. അച്യുതന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും രാധാകൃഷ്ണന്റെ വീട്ടില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുമാണ് അക്രമികള്‍ അടിച്ചുതകര്‍ത്തത്.
ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സി.പി.എം ഓഫിസിനു നേരെ ആക്രമണമുണ്ടായത്. ഓഫിസിനു പിറകില്‍നിന്നു സ്‌ഫോടന ശബ്ദംകേട്ടു സമീപവാസികള്‍ പുറത്തിറങ്ങിയപ്പോഴാണ് ഓഫിസില്‍ തീ പടരുന്നതു കണ്ടത്.
ഫര്‍ണിച്ചറുകളും പോസ്റ്ററുകളും ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് സാധനങ്ങളും അഗ്‌നിക്കിരയായി. തീയണയ്ക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലം കാണാതായതോടെ കോഴിക്കോട് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. മീഞ്ചന്തയില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ് തീയണച്ചത്. വാഴക്കാട് പൊലിസും സ്ഥലത്തെത്തി പരിശോധന നടത്തി. ഓഫിസിനു കാവലും ഏര്‍പ്പെടുത്തി.
ബുധനാഴ്ച രാവിലെ മലപ്പുറത്തുനിന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി.
ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ, ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, സി.ഐ എം. മുഹമ്മദ് ഹനീഫ തുടങ്ങിയവര്‍ സ്ഥലത്തെത്തി. സി.പി.എം ജില്ലാ സെക്രട്ടറി പി.പി വാസുദേവന്‍, എ. വിജയരാഘവന്‍, വി. ശശികുമാര്‍, വേലായുധന്‍ വള്ളിക്കുന്ന് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. അക്രമമുണ്ടായതിനെ തുടര്‍ന്നു കനത്ത പൊലിസ് വലയത്തിലാണ് പ്രദേശം. ലോക്കല്‍ പൊലിസിനു പുറമേ ദ്രുതകര്‍മസേനയുടെ ഒരു പ്ലാറ്റൂണ്‍ സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്.
ദിവസങ്ങള്‍ക്കു മുന്‍പാണ് വാഴയൂര്‍ പഞ്ചായത്തിലെ കാരാട് ബി.ജെ.പി ഓഫിസിന് അജ്ഞാതര്‍ തീയിട്ടിരുന്നത്. തുടര്‍ന്നു പ്രദേശത്തു സര്‍വകക്ഷിയോഗം നടത്തി സമാധാനം പുനഃസ്ഥാപിക്കുന്നതിനിടെയാണ് പുതിയ സംഭവം. പുതുക്കോട് ഭാഗത്തു നേരത്തെ സി.പി.എം-ബി.ജെ.പി സംഘര്‍ഷമുണ്ടായിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ അക്രമത്തില്‍ പരുക്കേറ്റ സി.പി.എം പ്രവര്‍ത്തകന്‍ മാസങ്ങള്‍ക്കു മുന്‍പാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."